Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്ട്രീറ്റ് റോഡു’മായി ഹാർലി; വില 5.86 ലക്ഷം

harley-street-road Street Rod

യു എസ് ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ ‘സ്ട്രീറ്റ് റോഡ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 5.86 ലക്ഷം രൂപയാണു ബൈക്കിന് ഡൽഹി ഷോറൂമിൽ വില. പുതിയ ബൈക്കിനുള്ള ബുക്കിങ്ങുകൾ കമ്പനി സ്വീകരിച്ചു തുടങ്ങി; ഏപ്രിൽ 21 മുതലാവും ഉടമസ്ഥർക്ക് കമ്പനി ‘സ്ട്രീറ്റ് റോഡ്’ കൈമാറുക. വിവിഡ് ബ്ലാക്ക്, ചാർക്കോൾ ഡെനിം, ഒലീവ് ഗോൾഡ് നിറങ്ങളിലാണു ‘സ്ട്രീറ്റ് റോഡ്’ ലഭിക്കുക.  

ബൈക്കിനു കരുത്തേകുന്നത് ലിക്വിഡ് കൂൾഡ്, എസ് ഒ എച്ച് സി, എക്സ് 750 എൻജിനാണ്. ‘സ്ട്രീറ്റ് 750’ ബൈക്കിലും ഇതേ എൻജിനാണെങ്കിലും 11% അധിക കരുത്തും അഞ്ചു ശതമാനം അധിക ടോർക്കും സൃഷ്ടിക്കാൻ ‘സ്ട്രീറ്റ് റോഡി’ലെ എൻജിനു കഴിയുമെന്നാണു ഹാർലി ഡേവിഡ്സന്റെ അവകാശവാദം. 8,250 ആർ പി എമ്മിലാണ് എൻജിൻ പരമാവധി കരുത്ത് കൈവരിക്കുക; പരമാവധി ടോർക്ക് 4,000 ആർ പി എമ്മിലും. വ്യാപ്തിയേറിയ എയർ ബോക്സ്, ഇരട്ട 42 എം എം ത്രോട്ടിൽ ബോഡി, പുതിയ നാലു വാൽവ് സിലിണ്ടർ ഹെഡ്, ഹൈ ലിഫ്റ്റ് കാം ഷാഫ്റ്റ്, വ്യാപ്തിയേറിയ എക്സോസ്റ്റ് മഫ്ളർ എന്നിവയെല്ലാം ‘സ്ട്രീറ്റ് റോഡി’ലെ എൻജിന്റെ സവിശേഷതയാണ്; വായുസഞ്ചാരവും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. 

ഫ്ളൂയിഡ്  ശേഷി ഉയർത്താനും ഡാംപിങ്ങിൽ സ്ഥിരത കൈവരിക്കാനുമായി ‘സ്ട്രീറ്റ് റോഡി’ന്റെ പിന്നിൽ പുതിയ ഷോക് അബ്സോബളറുകളും ഘടിപ്പിച്ചിട്ടുണ്ട്; ഇതോടെ സഞ്ചാര ശേഷി 31% ഉയർന്ന് 117 എം എമ്മായി. നീളമേറിയ ഷോക് അബ്സോബറുകൾക്ക് ഇടംകണ്ടെത്താനായി സ്വിങ് ആമിന്റെ നീളവും വർധിപ്പിച്ചിട്ടുണ്ട്. പരിഷ്കരിച്ച എൻജിനും മെച്ചപ്പെട്ട ഹാൻഡ്ലിങ്ങിനുമൊപ്പം ഹാർലി  ഡേവിഡ്സന്റെ കസ്റ്റം രൂപകൽപ്പനാശൈലി ഉദാരമായി പിന്തുടരുന്നതും ‘സ്ട്രീറ്റ് റോഡി’നു മിഴിവേകുന്നുണ്ട്. മുന്നിൽ സ്പീഡ് സ്ക്രീനും 43 എം എം ഇൻവെർട്ടഡ് ഫോർക്കും ട്രിപ്ൾ ക്യാംപുമെല്ലാം ബൈക്കിലുണ്ട്. പെർഫൊറേറ്റഡ് പിൻ മഡ്ഗാഡും എൽ ഇ ഡി ടെയിൽ ലാംപുമെല്ലാമാണു പിൻഭാഗത്ത്.