Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂർഖ 2017 ; വില 8.38 ലക്ഷം

force-grukha Force Gurkha

മലിനീകര നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പുലർത്തുന്ന എൻജിനുമായി ഫോഴ്സ് മോട്ടോഴ്സിന്റെ ഓഫ് റോഡറായ ‘ഗൂർഖ’ വിൽപ്പനയ്ക്കെത്തി. ‘2017 ഫോഴ്സ് ഗൂർഖ’യ്ക്ക് 8.38 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില. മൂന്നു ഡോറുള്ള ‘എക്സ്പ്ലോറർ’, അഞ്ചു ഡോറുള്ള ‘എക്സ്പെഡീഷൻ’ വകഭേദങ്ങളിൽ ‘എക്സ്ട്രീം ഓഫ് റോഡ് വെഹിക്കിൾ’ എന്നു നിർമാതാക്കൾ വിശേഷിപ്പിക്കുന്ന പുതിയ ‘ഗൂർഖ’ ലഭ്യമാവും.

force-grukha-1 Force Gurkha

ബി എസ് നാല് നിലവാരമുള്ള പുത്തൻ എൻജിനു പുറമെ കാര്യമായ പരിഷ്കാരങ്ങളും പുതുമകളുമായാണു ‘2017 ഗൂർഖ’യുടെ വരവ്. മലിനീകരണ നിയന്ത്രണത്തിൽ പുതുനിലവാരം കൈവരിച്ചതോടെ മെട്രോ നഗരങ്ങളിലും ഫോഴ്സ് മോട്ടോഴ്സിന് ഇനി ‘ഗൂർഖ’ വിൽക്കാനാവും. മെഴ്സീഡിസിൽ നിന്നു വാങ്ങുന്ന ഒ എം 616 എന്ന 2.6 ലീറ്റർ, ഇന്റർ കൂൾഡ്, ഡയറക്ട് ഇഞ്ചക്ഷൻ, ടർബോ ചാർജ്ഡ് ഡീസൽ എൻജിനാണ് ‘ഗൂർഖ’യ്ക്കു കരുത്തേകുന്നത്. 3,200 ആർ പി എമ്മിൽ പരമാവധി 84 ബി എച്ച് പി കരുത്തും 230 എൻ എം ടോർക്കും ബി എസ് നാല് നിലവാരത്തിലേക്ക് ഉയർത്തിയ എൻജിനു കഴിയും. സിങ്ക്രോമെഷ് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 

റോഡ് ഇല്ലാത്ത സാഹചര്യങ്ങളെ പോലും അതിജീവിക്കുന്ന പ്രകടനമികവാണ് ‘ഗൂർഖ’യ്ക്കു സ്വീകാര്യത നേടിക്കൊടുത്തത്. കാഴ്ചയിൽ മെഴ്സീഡിസ് ബെൻസ് ‘ജി വാഗനോ’ടു കിടപിടിക്കുന്ന രൂപകൽപ്പനയാണ് ‘2017 ഗൂർഖ’യ്ക്കു കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് പതിപ്പുകളിൽ ‘ഗൂർഖ’ ലഭ്യമാവും. വെള്ളത്തിലൂടെ അനായാസം ഓടാനായി സ്നോർക്കൽ ഇൻടേക്, ദൃഢതയ്ക്കായി ഫോഗ് ലാംപ് സഹിതമുള്ള സ്റ്റീൽ ബംപർ തുടങ്ങിയവയും വാഹനത്തിലുണ്ട്.

നാലു സ്പോക്ക് സ്റ്റീയറിങ് വീൽ, സംഭരണ സ്ഥലങ്ങൾ സഹിതം നവീകരിച്ച ഫ്ളോർ കൺസോൾ, പുത്തൻ ഗീയർ നോബ് തുടങ്ങിയവയാണ് അകത്തളത്തിലെ പരിഷ്കാരങ്ങൾ. ഹാർഡ് ടോപ് പതിപ്പിൽ മാനുവൽ എയർ കണ്ടീഷനർ യൂണിറ്റും ലഭ്യമാണ്. ഘടനാപരമായ ദൃഢതയ്ക്കായി റോബോട്ടിക് വെൽഡിങ്ങിന്റെ പിൻബലമുള്ള പുത്തൻ ‘സി ഇൻ സി’ ഷാസിയിലാണ് ‘2017 ഗൂർഖ’ ഫോഴ്സ് മോട്ടോഴ്സ് സാക്ഷാത്കരിച്ചിരിക്കുന്നത്. പുതിയ ‘ഗൂർഖ’യ്ക്ക് ഒന്നര വർഷം അഥവാ പരിധിയില്ലാത്ത കിലോമീറ്റർ നീളുന്ന വാറന്റിയും ഫോഴ്സ് മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ മഹീന്ദ്ര ‘താറു’മായിട്ടാവും ‘ഗൂർഖ’യുടെ പോരാട്ടം. 

Your Rating: