Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുന്തൊ ഇവൊ പ്യുവറു’മായി എഫ് സി എ ഇന്ത്യ

Punto Evo Punto Evo, Representative Image

ഹാച്ച്ബാക്കായ ‘പുന്തൊ ഇവൊ’യുടെ ‘പ്യുവർ’ പതിപ്പ് ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് (എഫ് സി എ) ഇന്ത്യ പുറത്തിറക്കി. ഡൽഹി ഷോറൂമിൽ 4.92 ലക്ഷം രൂപയാണു കാറിന് വില.

‘പുന്തൊ പ്യുവറി’നു പകരക്കാരനായി രംഗപ്രവേശം ചെയ്ത ‘ഇവൊ പ്യുവർ’ ആവും ഫിയറ്റ് ബ്രാൻഡിന്റെ ഇന്ത്യയിലെ പുതിയ എൻട്രി ലവൽ മോഡലെന്നും കമ്പനി വ്യക്തമാക്കി. ‘പുന്തൊ ഇവൊ പ്യുവറി’ന്റെ വരവോടെ ഫിയറ്റ് മോഡൽ ശ്രേണിയിലെ എൻട്രി ലവൽ വിഭാഗം ശക്തമായെന്നും എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അവകാശപ്പെട്ടു. 

ഫിയറ്റിന്റെ രൂപകൽപ്പനയും സ്റ്റൈലിങ്ങും നിരത്തിലെ ഡൈനമിക്സുമൊക്കെ എക്കാലത്തും ഇന്ത്യൻ വാഹനപ്രേമികൾ അംഗീകരിച്ചിട്ടുണ്ട്. ‘പുന്തൊ ഇവൊ പ്യുവറി’ന്റെ വരവോടെ താങ്ങാവുന്ന വിലയ്ക്ക് ഈ സവിശേഷതകൾ സ്വന്തമാക്കാൻ അവസരമൊരുങ്ങിയതായും അദ്ദേഹം വിലയിരുത്തി. 

ഫിയറ്റിന്റെ മുഖമുദ്രയായ ‘റെയ്ൻഡിയർ’ ഹെഡ്ലാംപും ഗുണനിലവാരം പാലിക്കുന്ന നിർമിതിയുമായി എത്തുന്ന ‘ഫിയറ്റ് പുന്തൊ പ്യുവറി’നു കരുത്തേകുന്നത് 1.2 ലീറ്റർ, ‘ഫയർ’ പെട്രോൾ എൻജിനാണ്; 6,000 ആർ പി എമ്മിൽ 68 പി എസ് വരെ കരുത്തും 2,500 ആർ പി എമ്മിൽ 96 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

അകത്തളത്തിൽ അഞ്ചു പേർക്കു സുഖകരമായ യാത്ര ഉറപ്പാക്കുന്ന സ്ഥലസൗകര്യത്തിനൊപ്പം കാറിന് വേണ്ടത്ര സംഭരണ ശേഷിയും എഫ് സി എ ഉറപ്പാക്കിയിട്ടുണ്ട്. ഡിജിറ്റൽ ക്ലോക്ക്, ഡിജിറ്റൽ ഓഡോമീറ്റർ, ട്രിപ് മീറ്റർ, ഇന്ധന ടാങ്ക് ശൂന്യമാവുംമുമ്പ് പിന്നിടുന്ന ദൂരം തുടങ്ങിയവയൊക്കെ കാറിൽ ലഭ്യമാണ്.