Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർച്യൂണറിന്റെ എതിരാളി ഫോക്സ്‍വാഗൻ ടിഗ്വാൻ വിപണിയിൽ

tiguan Volkswagen Tiguan

പ്രീമിയം എസ് യു വി സെഗ്മെന്റിലേക്ക് ടിഗ്വാനുമായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൻ. രണ്ട് വകഭേദങ്ങളിൽ വിപണിയിൽ ലഭ്യമാകുന്ന എസ് യു വിക്ക് 27.98 ലക്ഷം മുതൽ 31. 38 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്സ്ഷോറൂം വിലകൾ‌. ട്യൂറങ്കിനെ പിൻവലിച്ചതിന് ശേഷം കമ്പനി ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ എസ് യു വിയാണ് ട്വിഗ്വാൻ. നേരത്തെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ടിഗ്വൻ’ ഉൽപ്പാദനം ഇന്ത്യയിൽ ആരംഭിച്ചു എന്ന വാർത്തകൾ വന്നിരുന്നു. ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോർച്യൂണർ, ഹ്യുണ്ടേയ് ട്യൂക്സോൺ, ഫോർഡ് എൻഡവർ, ഉടൻ പുറത്തിറങ്ങുന്ന ജീപ്പ് കോംപസ് തുടങ്ങിയ വാഹനങ്ങളുമായാണ് ടിഗ്വാൻ മത്സരിക്കുക.

രാജ്യത്തെ പ്രീമിയം എസ് യു വി വിപണിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ‘ടിഗ്വൻ’ എത്തുന്നതെന്നാണ് ഫോക്സ്‌വാഗൻ അറിയിക്കുന്നത്. ഫോക്സ്‌വാഗന്റെ എംക്യൂബി പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന എസ് യു വിയുടെ ഡീസൽ പതിപ്പ് മാത്രമാണ് ഇന്ത്യൻ വിപണിയിലെത്തിയിട്ടുള്ളൂ. 2 ലീറ്റർ ടിഡിഐ എൻജിൻ ഉപയോഗിക്കുന്ന കാറിന് 141 ബിഎച്ച്പി കരുത്തും 340 എൻഎം ടോർക്കുമുണ്ട്. ഏഴ് സ്പീഡാണ് ഗീയർബോക്സ്. 

കാഴ്ചപ്പകിട്ടിനായി സ്പോർട്ടി രൂപകൽപ്പനയുടെ പിൻബലത്തോടെയാണു ടിഗ്വാന്റെ വരവ്. യൂറോപ്യൻ വിപണികളിൽ ടിഗ്വാന്റെ രണ്ടാം തലമുറ മോഡലാണു നിലവിൽ വിൽപ്പനയ്ക്കുള്ളത്. ഈ വിഭാഗത്തിൽ തകർപ്പൻ പ്രകടനമാണു ടിഗ്വൻ യൂറോപ്പിൽ കാഴ്ചവയ്ക്കുന്നതെന്നാണു  നിർമാതാക്കളുടെ അവകാശവാദം. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ടിഗ്വൻ ഇക്കൊല്ലം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്ന് ഫോക്സ്‌വാഗൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ വിൽപ്പന സാധ്യതയേറിയ എസ് യു വി വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാനാണു ഫോക്സ്‌വാഗൻ ടിഗ്വനെ പടയ്ക്കിറക്കുന്നത്.