Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജിക്സറി’നും ‘ജിക്സർ എസ് എഫി’നും ‘എസ് പി’ പതിപ്പ്

Suzuki Gixxer SF Suzuki Gixxer SF

ജനപ്രീതിയാർജിച്ച് ‘ജിക്സറി’ന്റെയും ‘ജിക്സർ എസ് എഫി’ന്റെയും ‘എസ് പി’ പതിപ്പുകൾ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. യഥാക്രമം 81,175 രൂപയും 93,032 രൂപയുമാണ് ഈ ബൈക്കുകൾക്ക് ഡൽഹി ഷോറൂമിലെ വില.  ത്രിവർണ സങ്കലനമാണ് ഇരു ബൈക്കുകളുടെയും സപ്രധാന സവിശേഷത. 5,900 അധികം മുടക്കിയാൽ ‘ജിക്സർ എസ് എഫി’ന്റെ ‘എസ് പി’ പതിപ്പിൽ ആന്റി ലോക്ക് ബ്രേക്ക് സൗകര്യവും ലഭ്യമാണ്.

ബൈക്കിനു കരുത്തേകുന്നത് 155 സി സി, എയർ കൂൾഡ് എൻജിനാണ്; പരമാവധി 14.8 പി എസ് കരുത്തും 14 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ട്വിൻ പോർട്ട് എക്സോസ്റ്റ് മഫ്ളറുമായി എത്തുന്ന ബൈക്കിലെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് ഗീയർബോക്സാണ്.ഫെയറിങ്ങുള്ള ‘എസ് പി’യിൽ ഫ്യുവൽ ഇഞ്ചക്ഷൻ സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാണ്. എന്നാൽ ‘ജിക്സർ എസ് പി’യിലാവട്ടെ ഓപ്ഷനൽ വ്യവസ്ഥയിൽ പോലും ഈ സൗകര്യം അനുവദിച്ചിട്ടില്ല. 

പൂർണതോതിലുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 41 എം എം മുൻ ഫോർക്ക്, ഏഴു സ്റ്റെപ് അഡ്ജസ്റ്റബ്ൾ മോണോ ഷോക്ക്, വീതിയേറിയ 140 സെക്ഷൻ റേഡിയൽ പിൻ ടയർ, മുന്നിൽ ഡിസ്ക് ബ്രേക്ക് തുടങ്ങിയവയൊക്കെ ബൈക്കിലുണ്ട്. ‘എസ് പി’ വകഭേദങ്ങളിലാവട്ടെ പിന്നിലും ഡിസ്ക് ബ്രേക്കാണ്.ഏതാനും ദിവസം മുമ്പാണു സുസുക്കി ‘ജിക്സർ എസ് എഫി’ന്റെ ‘എ ബി എസ്’ പതിപ്പ് വിൽപ്പനയ്ക്കെത്തിച്ചത്. കാർബുറേറ്റഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് വകഭേദങ്ങളിൽ ലഭ്യമാവുന്ന ബൈക്കിന് ഡൽഹിയിൽ 1.08 ലക്ഷം മുതൽ 1.13 ലക്ഷം രൂപ വരെയായിരുന്നു  വില.

മുൻ ബ്രേക്കിങ് യൂണിറ്റിനെ സഹായിക്കുന്ന സിംഗിൾ ചാനൽ എ ബി എസ് സഹിതമെത്തുന്ന ബൈക്കിന് സാധാരണ മോഡലിനെ അപേക്ഷിച്ച് 5,000 രൂപയോളം അധികമാണു വില. പിന്നിൽ ഡിസ്ക് ബ്രേക്ക് സഹിതമെത്തുന്ന ബൈക്കിന്റെ ബ്രേക്കിങ്ങിലെ കാര്യക്ഷമത റൈഡറെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. കാഴ്ചയിൽ സാധാരണ മോഡൽ പോലിരിക്കുന്ന ‘ജിക്സർ എസ് എഫ് എ ബി എസി’ന് സമാന ഗ്രാഫിക്സും നിറക്കൂട്ടും തന്നെയാണു സുസുക്കി തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മുൻ ഡിസ്ക് ബ്രേക്കിലെ എ ബി എസ് സെൻസർ റിങ്ങും മുൻ മഡ്ഗാഡിലെ ഗ്രാഫിക്സും വഴി വേണം പുതിയ വകഭേദം വേർതിരിച്ചറിയാൻ.