Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ട്രിക് സ്റ്റാർട് സഹിതം ബജാജ് ‘സി ടി 100’

ct-100

എൻട്രി ലവൽ മോട്ടോർ സൈക്കിളായ ‘സി ടി 100’ ഇലക്ട്രിക് സ്റ്റാർട്ട് സൗകര്യത്തോടെ ബജാജ് ഓട്ടോ ലിമിറ്റഡ് പുറത്തിറക്കി. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 38,806 രൂപയാണു ബൈക്കിന്റെ മഹാരാഷ്ട്രയിലെ ഷോറൂം വില.  അലോയ് വീൽ സഹിതം വിൽപ്പനയ്ക്കെത്തുന്ന ബൈക്കിനു കരുത്തേകുന്നത് 102 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്; പരമാവധി 7.6 ബി എച്ച് പി വരെ കരുത്തും 8.24 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. പരുക്കൻ റോഡുകളിൽ മികച്ച യാത്രാസുഖം സമ്മാനിക്കുന്ന ‘സ്പ്രിങ് ഇൻ സ്പ്രിങ് സസ്പെൻഷൻ(എസ് എൻ എസ്) സാങ്കേതികവിദ്യയും ബൈക്കിലുണ്ട്. കൂടാതെ പുത്തൻ ഇന്ധന ഗേജും സൈഡി ഇൻഡിക്കേറ്ററുകളും ബൈക്കിലുണ്ട്. ചുവപ്പ് ഗ്രാഫിക്സോടെ കറുപ്പും സിൽവറും, നീല ഗ്രാഫിക്സോടെ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലാണു ബൈക്ക് ലഭ്യമാവുക. 

എൻട്രി ലവൽ മോട്ടോർ സൈക്കിൾ വിപണിയിൽ ബജാജിനായി പട നയിക്കുന്ന ‘സി ടി 100’ ബൈക്കിന്റെ നാലാമതു വകഭേദമാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കമ്യൂട്ടർ മോട്ടോർ സൈക്കിൾ എന്ന അവകാശവാദത്തോടെയാണ്  ഈ ശ്രേണിയിലെ അടിസ്ഥാന വകഭേദമായ ‘സി ടി 100 ബി’ ബജാജ് ഓട്ടോ വിൽപ്പനയ്ക്കെത്തിക്കുന്നത്; 33,028 രൂപയാണു ബൈക്കിന്റെ മഹാരാഷ്ട്രയിലെ ഷോറൂം വില. അതുകൊണ്ടുതന്നെ ബൈക്കുകൾക്കപ്പുറം ‘ടി വി എസ് എക്സ് എൽ സൂപ്പറി’ന്റെയും മറ്റും ഉപയോക്താക്കളെയാണ് ഈ മോഡലിലൂടെ ബജാജ് ഓട്ടോ ലക്ഷ്യമിടുന്നതും. 99.6 സി സി, 4.3 ബി എച്ച് പി എൻജിനും 67 കിലോമീറ്ററോളം ഇന്ധനക്ഷമതയുമുള്ള ‘ടി വി എസ് എക്സ് എൽ സൂപ്പറി’ന് 31,322 രൂപയാണു പുണെയിലെ ഷോറൂം വില.

‘സി ടി 100 സ്പോക്ക്’, ‘സി ടി 100 അലോയ്’ എന്നിവയാണ് ‘സി ടി 100’ ശ്രേണിയിലെ മറ്റു രണ്ടു വകഭേദങ്ങൾ; ഇവയ്ക്ക് യഥാക്രമം 34,518 രൂപയും 36,521 രൂപയുമാണു മഹാരാഷ്ട്ര ഷോറൂമുകളിലെ വില. പ്രധാന എതിരാളിയായ ഹീറോ മോട്ടോ കോർപിന്റെ ‘എച്ച് എഫ് ഡീലക്സി’നാവട്ടെ 38,464 രൂപയാണു പുണെയിലെ ഷോറൂം വില; ഡ്രം ബ്രേക്കും സ്പോക്ക് വീലുമാണ് ഈ അടിസ്ഥാന വകഭേദത്തിലുള്ളത്.  രണ്ടു വർഷം മുമ്പ് കിക്ക് സ്റ്റാർട്ട് മാത്രമുണ്ടായിരുന്ന ‘സി ടി 100’ എൻട്രി ലവൽ വിഭാഗത്തിൽ നേടിയതിനു സമാനമായ വരവേൽപ്പാവും ഇലക്ട്രിക് സ്റ്റാർട് വകഭേദത്തിനും ലഭിക്കുകയെന്നു ബജാജ് ഓട്ടോ മോട്ടോർ സൈക്കിൾ വിഭാഗം പ്രസിഡന്റ് എറിക് വാസ് പ്രതീക്ഷ പ്രകടിപ്പിച്ചു.