Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പോർട്ടി ലുക്കിൽ ‘സെലേറിയൊ എക്സ്’ എത്തി; വില 4.57 ലക്ഷം മുതൽ

Celerio X Celerio X

ക്രോസോവറിന്റെ പകിട്ടുമായി  മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ‘സെലേറിയൊ എക്സ്’ പുറത്തിറക്കി.  ക്രോസോവർ — ഹാച്ച്ബാക്ക് വിഭാഗത്തിൽ ഇടംപിടിക്കുന്ന കാറിന് 4.57 ലക്ഷം മുതൽ 5.42 ലക്ഷം രൂപ വരെയാണു ഷോറൂം വില. മുൻഗ്രില്ലിൽ ‘എക്സ്’ പ്രമേയമാവുന്ന ഗ്രാഫിക്സും ഏറോഡൈനമിക് രൂപകൽപ്പനയുമൊക്കെയാണ് ‘സെലേറിയൊ എക്സി’ന്റെ സവിശേഷതയായി മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ആക്രമണോത്സുകതയ്ക്കായി സൈഡ് ബോഡിയിലും പിൻബംപറിലും പ്രൊട്ടക്ടീവ് ക്ലാഡിങ്ങും പിന്നിൽ സ്കിഡ് പ്ലേറ്റും ഈ ‘സെലേറിയൊ’യിലുണ്ട്. ബി പില്ലറിനു കറുപ്പു നിറം നൽകിയതിനൊപ്പം കാറിന്റെ ഗ്രിൽ, ഫോഗ് ഗാർണിഷ്, ക്ലാഡ്, റൂഫ് ഗാർണിഷ്, അകത്തളത്തിലെ അക്സന്റ് തുടങ്ങിയവയിൽ വ്യക്തതയ്ക്കായി ഗ്ലോസ് ബ്ലാക്കിന്റെ പിൻബലവും മാരുതി സുസുക്കി തേടിയിട്ടുണ്ട്. 

maruti-suzuki-celerio-x-1 Celerio X

രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിച്ചു മുന്നേറുന്ന കാറുകൾക്കൊപ്പമാണു മാരുതി സുസുക്കി ‘സെലേറിയൊ’യ്ക്കു സ്ഥാനം. ഇതുവരെ മൂന്നു ലക്ഷത്തോളം ‘സെലേറിയൊ’ യാണു വിറ്റഴിഞ്ഞത്.  മാരുതി ശ്രേണിയിൽ ആദ്യമായി ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) എന്നു കമ്പനി വിളിക്കുന്ന ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഇടംപിടിച്ചതും ‘സെലേറിയൊ’യിലായിരുന്നു. 2014ലായിരുന്നു ‘സെലേറിയൊ’ അരങ്ങേറിയത്. പുത്തൻ ‘സെലേറിയൊ എക്സി’ന്റെ എല്ലാ വകഭദേങ്ങളിലും എ ജി എസ് സാധ്യത ലഭ്യമാണ്. പപ്രിക ഓറഞ്ചാണു ‘സെലേറിയൊ എക്സി’ന്റെ സവിശേഷ നിറം; ഇതോടൊപ്പം മാറ്റ്, ഗ്ലോസി ബ്ലാക്ക് കലരുന്നതോടെ കാറിന്റെ വ്യക്തിത്വം വേറിട്ടു നിൽക്കുമെന്നാണു നിർമാതാക്കളുടെ കണക്കുകൂട്ടൽ. ആർടിക് വൈറ്റ്, ഗ്ലിസനിങ് ഗ്രേ, കഫീൻ ബ്രൗൺ, ടോർക് ബ്ലൂ നിറങ്ങളിലും ‘സെലേറിയൊ എക്സ്’ ലഭ്യമാണ്. 

കറുപ്പിന് ആധിപത്യമുള്ള അകത്തളത്തിൽ വെള്ള അക്സന്റുകളാണ് ഇടംപിടിക്കുന്നത്. കറുപ്പ് സീറ്റ് ട്രിമ്മുകൾക്ക് കൂട്ടാവട്ടെ ഓറഞ്ച് അക്സന്റുകളും. ഡ്രൈവറുടെ ഭാഗത്ത് എയർ ബാഗുമായാണ് ‘സെലേറിയൊ എക്സ്’ എത്തുന്നത്. ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഓർമിപ്പിക്കാൻ സംവിധാനവും കാറിലുണ്ട്. ഓപ്ഷനൽ വ്യവസ്ഥയിൽ മുൻസീറ്റ് യാത്രികന് എയർബാഗും ആന്റിലോക്ക് ബ്രേക്ക് സംവിധാനവുമൊക്കെ ഈ ‘സെലേറിയൊ’യിൽ ലഭ്യമാണ്. 

‘സെലേറിയൊ എക്സി’ന്റെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ല; ‘സെലേറിയൊ’യ്ക്കു കരുത്തേകുന്ന ഒരു ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ എൻജിന് പരമാവധി 68 പി എസ് വരെ കരുത്തും 90 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) ട്രാൻസ്മിഷൻ സഹിതവും ‘സെലേറിയൊ എക്സ്’ വകഭേദങ്ങൾ ലഭിക്കും.

നിലവിൽ ഹ്യുണ്ടേയ് ‘ഐ 20 ആക്ടീവ്’, ഫിയറ്റ് ‘അവെഞ്ചുറ’, ടൊയോട്ട ‘എത്തിയോസ് ക്രോസ്’ തുടങ്ങിയവയാണ് ക്രോസ് — ഹാച്ച്ബാക്ക് വിഭാഗത്തിൽ രാജ്യത്ത് വിൽപ്പനയ്ക്കുള്ളത്; എന്നാൽ ഇവയ്ക്കെല്ലാം ‘സെലേറിയൊ എക്സി’നെ അപേക്ഷിച്ച് വിലയേറെയാണെന്നതാണു മാരുതി സുസുക്കി കാണുന്ന വിപണന സാധ്യത.