Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവിഎസ് അപ്പാച്ചെ ആർ ആർ 310 വിപണിയിൽ, വില 2.05 ലക്ഷം

TVS Apache RR 310 TVS Apache RR 310

ടിവിഎസിന്റെ കരുത്തൻ അപ്പാച്ചെ ആർ ആർ 310 വിപണിയിൽ. വില 2.05 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. രാജ്യത്ത് ആദ്യമായി റിവേഴ്സ് ഇൻക്ലൈൻഡ് എൻജിനുമായെത്തുന്ന ബൈക്കാണ് ‘ടി വി എസ് അപ്പാച്ചെ ആർ ആർ 310’. 312 സിസി എൻജിനുമായി എത്തുന്ന അപ്പാച്ചെ 9700 ആർപിഎമ്മിൽ 33.5 ബിഎച്ച്പി കരുത്തും 7700 ആർപിഎമ്മിൽ 27.3 എൻഎം ടോർക്കുമുണ്ട്.

എൻജിന്റെ ഈ പുതുമയുടെ പിൻബലത്തിൽ രാജ്യത്തെ ഏതു മോട്ടോർ സൈക്കിളിനെ അപേക്ഷിച്ചും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ഈ ‘അപ്പാച്ചെ’യ്ക്കാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എൻജിനു മുകളിലാണ് എയർഫിൽറ്ററിന്റെ സ്ഥാനമെന്നതാണ് ‘310 ആർ ആറി’ലെ വ്യത്യാസം; സാധാരണ ബൈക്കുകളിൽ എയർ ഫിൽറ്ററിന്റെ സ്ഥാനം സീറ്റിന് അടിയിലാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷ വായു എൻജിനിലെത്തുക ക്ലേശകരമാണ്; ഇതിനു കൂടുതൽ സമയവുമെടുക്കും.

എന്നാൽ ഫിൽറ്റർ മുകളിൽ ഘടിപ്പിക്കുന്നതോടെ വായു അതിവേഗം എൻജിനിൽ പ്രവേശിക്കുമെന്നതാണ് ‘അപ്പാച്ചെ 310 ആർ ആറി’ൽ നടപ്പാവുന്ന മാറ്റം. ഇതോടെ എൻജിന്റെ പ്രകടനക്ഷമതയുമേറുമെന്ന് ടി വി എസ് അവകാശപ്പെടുന്നു. കൂടാതെ എൻജിൻ അതിവേഗം തണുപ്പിക്കാമെന്നതും റിവേഴ്സ് ഇൻക്ലൈൻഡ് രീതിയുടെ സവിശേഷതയാണ്; അതുകൊണ്ടുതന്നെ ഗതാഗതത്തിരക്കിൽ കുടുങ്ങിയാലും എൻജിൻ ചൂടാവില്ലെന്ന നേട്ടമുണ്ട്.

പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ 2.63 സെക്കൻഡ് മാത്രം വേണ്ടി വരുന്ന ഈ കരുത്തന്റെ കൂടിയ വേഗം 165 കിലോമീറ്ററാണ്. ടി വി എസ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ബൈക്കെന്ന പെരുമയോടെയാണ് ‘അപ്പാച്ചെ ആർ ആർ 310’ എത്തുന്നത്. പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘അപ്പാച്ചെ ആർ ആർ 310’ ഇന്ത്യയിൽ കെ ടി എം ‘ആർ സി 390’, കാവസാക്കി ‘നിൻജ 300’, ‘ബെനെല്ലി 302 ആർ’ തുടങ്ങിയവയോടാണു മത്സരിക്കുക. ചുവപ്പ്, നീല നിറങ്ങളിൽ ഒറ്റ വകഭേദത്തിൽ മാത്രമാവും ‘അപ്പാച്ചെ ആർ ആർ 310’ വിൽപ്പനയ്ക്കുണ്ടാവുക.