വരവായ് ലക്സസ് ‘എൽ എസ് 500 എച്ച്’; വില 1.77 കോടി മുതൽ

Lexus LS 500h
SHARE

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലക്സസിന്റെ ഫ്ളാഗ് ഷിപ് സെഡാൻ ‘എൽ എസ് 500 എച്ച്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നു. 1.77 മുതൽ 1.94 കോടി രൂപ വരെയാണു കാറിന്റെ ഇന്ത്യയിലെ ഷോറൂം വില. ആഡംബര സെഡാനായ ‘എൽ എസ് 500 എച്ചി’ന്റെ അഞ്ചാം തലമുറയാണ് ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്കു തയാറാവുന്നത്. കാറിന്റെ ബുക്കിങ് ആരംഭിച്ചതായി ലക്സസ് ഇന്ത്യ അറിയിച്ചു; മൂന്നു മാസത്തിനകം ഉടമകൾക്ക് കാർ കൈമാറാനാവുമെന്നാണു പ്രതീക്ഷ. വിദേശത്തു നിർമിക്കുന്ന ‘എൽ എസ് 500 എച്ച്’ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക.

രൂപകൽപ്പനയിലും പ്രകടനക്ഷമതയിലും യാത്രാസുഖത്തിലുമൊക്കെ സമാനതകളില്ലാത്ത അനുഭവമാണ് ‘എൽ എസ് 500 എച്ചി’ൽ ലക്സസ് വാഗ്ദാനം ചെയ്യുന്നത്. മികവേറിയ പവർട്രെയ്ൻ, നിശ്ശബ്ദമായ യാത്ര, നിർമാണ മികവ്, വിശ്വസനീയത, ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണമേന്മ തുടങ്ങിയവയിലൂടെ ആഡംബര വിഭാഗത്തിൽ തരംഗം തീർത്ത ആദ്യ ‘എൽ എസ്’ മൂന്നു ദശാബ്ദത്തോളമാണ് ഈ വിഭാഗത്തിൽ ഗുണനിലവാരത്തിൽ പുതിയ മാനദണ്ഡം സ്ഥാപിച്ചതെന്നു ലക്സസ് അവകാശപ്പെടുന്നു.

ജീവിതവിജയം നേടിയവർക്കു കൂട്ടാവനാനാണ് ‘ലക്സസ് എൽ എസ് 500 എച്ച്’ ഇന്ത്യയിലെത്തുന്നതെന്ന് ലക്സസ് ഇന്ത്യ ചെയർമാൻ എൻ രാജ അഭിപ്രായപ്പെട്ടു. രൂപകൽപ്പനയ്ക്കും പ്രകടനത്തിനുമൊപ്പം ലോകത്തിലെ ആദ്യ മൾട്ടി സ്റ്റേജ് ഹൈബ്രിഡ് സംവിധാനത്തിന്റെ കാര്യക്ഷമത കൂടിയാവുന്നതോടെ കാർ ഉടമകളുടെ മതിപ്പ് ആർജിക്കാൻ ‘എൽ എസ് 500 എച്ചി’നു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫോർമുല വൺ സാങ്കേതികവിദ്യയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ടൊയോട്ട ‘എൽ എസ് 500 എച്ച്’ സാക്ഷാത്കരിച്ചിരിക്കുന്നത്. 3.5 ലീറ്റർ, വി സിക്സ്, പെട്രോൾ എൻജിനും 310.8 കെ വി ലിതിയം അയോൺ ബാറ്ററിയും ചേർന്നാണു കാറിനു കരുത്തേകുക. 10 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗീയർബോക്സ്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള കാറിന് ലീറ്ററിന് 15.38 കിലോമീറ്ററാണു ലക്സസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA