‘അവഞ്ചർ 180 സ്ട്രീറ്റ്’ എത്തി; വില 84,819 രൂപ

2018 Bajaj Avenger Street 180
SHARE

‘അവഞ്ചർ 150 സ്ട്രീറ്റി’നു പകരക്കാരനാവേണ്ട ‘അവഞ്ചർ 180 സ്ട്രീറ്റ്’ ബജാജ് ഓട്ടോ അവതരിപ്പിച്ചു. 84,819 രൂപയാണ് ബൈക്കിനു തമിഴ്നാട്ടിലെ ഷോറൂമിൽ വില. ‘അവഞ്ചർ 220’ ബൈക്കിനെ അപേക്ഷിച്ച് 10,000 രൂപ കുറവാണ് എൻജിൻ ശേഷി കുറഞ്ഞ ‘അവഞ്ചറി’ന്റെ വില. ക്ലാസിക് ബൈക്ക് വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരതമ്യേന കരുത്തേറിയ എൻജിനുള്ള ‘അവഞ്ചർ സ്ട്രീറ്റി’നെ ബജാജ് പടയ്ക്കിറക്കുന്നത്. കൂടുതൽ പ്രകടനക്ഷമതയ്ക്കൊപ്പം നഗരത്തിലും ഹൈവേയിലും ആസ്വാദ്യകരമായ പുതിയ ‘അവഞ്ചർ സ്ട്രീറ്റ്’ ഉറപ്പു നൽകുമെന്നാണ് ബജാജ് ഓട്ടോയുടെ വാഗ്ദാനം. 

ഈ വിഭാഗത്തിൽ നേതൃനിരയിലുള്ളവർ എന്നനിലയിൽ നിരന്തരമുള്ള പരിവർത്തനങ്ങളിലും മാറ്റങ്ങളിലുമാണു കമ്പനി വിശ്വസിക്കുന്നതെന്നു ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (മോട്ടോർ സൈക്കിൾസ് ബിസിനസ്) എറിക് വാസ് അഭിപ്രായപ്പെട്ടു. ക്ലാസിക് റോഡ്സ്റ്റർ ഡിസൈൻ നിലനിർത്തി സമകാലിക രൂപകൽപ്പനയുടെയും കരുത്തുറ്റ എൻജിന്റെയും സമന്വയമാണു പുതിയ ബൈക്കിൽ ബജാജ് സാധ്യമാക്കുന്നത്. 

‘പൾസർ 180’ ബൈക്കിൽ മികവു തെളിയിച്ച  178.6 സി സി, എയർകൂൾഡ് എൻജിൻ തന്നെണു പുതിയ ‘അവഞ്ചർ സ്ട്രീറ്റി’നു കരുത്തേകുന്നത്.  അഞ്ചു സ്പീഡ് ഗീയർബോക്സോടെ എത്തുന്ന എൻജിന് പരമാവധി 15.5 പി എസ് കരുത്തും 13.2 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ബൈക്കിന്റെ ക്രൂസിങ് സവിശേഷതകൾ പരിഗണിച്ച് ഗീയറിങ് അനുപാതം വ്യത്യസ്തമാവാനാണു സാധ്യത. മുന്നിൽ ഡിസ്ക് ബ്രേക്കോടെ എത്തുന്ന ‘അവഞ്ചർ 180 സ്ട്രീറ്റി’ൽ പക്ഷേ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) ലഭ്യമാക്കിയിട്ടില്ല.രണ്ടു നിറങ്ങളിലാണ് ‘അവഞ്ചർ 180 സ്ട്രീറ്റ്’ വിൽപ്പനയ്ക്കുള്ളത്: എബണി ബ്ലാക്കും  സ്പൈസി റെഡും. 

വില കുറയ്ക്കാനുള്ള ശ്രമത്തിൽ ‘അവഞ്ചർ 180 സ്ട്രീറ്റി’ൽ നിന്നു ബജാജ് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ഒഴിവാക്കിയിട്ടുണ്ട്. ഇതൊഴികെ ‘220 സ്ട്രീറ്റി’ൽ ലഭ്യമാവുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ബജാജ് ‘അവഞ്ചർ 180 സ്ട്രീറ്റി’ലും നിലനിർത്തിയിട്ടുണ്ട്. ബ്ലാക്ക്ഡ് ഔട്ട് തീം പിന്തുടരുന്ന ബൈക്കിൽ അലോയ് വീൽ, ഹെഡ്ലൈറ്റിനു മുകളിൽ ഭംഗിയായി സ്ഥാനം പിടിക്കുന്ന ചെറിയ കൗൾ, അഗ്രത്തിൽ അലൂമിനിയം ഫിനിഷ് ഹീറ്റ് ഷീൽഡ് സഹിതം മാറ്റ് ബ്ലാക്ക് എക്സോസ്റ്റ്, പുത്തൻ ഗ്രാബ് റയിൽ എന്നിവയൊക്കെ ബൈക്കിലുണ്ട്. ദീർഘദൂര യാത്രകൾ സുഖകരമാക്കാൻ ‘220 സ്ട്രീറ്റി’നെ അപേക്ഷിച്ചു പരിഷ്കരിച്ച സീറ്റ് രൂപകൽപ്പനയും ഈ ബൈക്കിന്റെ സവിശേഷതയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA