‘വെന്റോ സ്പോർട്’ എത്തി; വില 11.44 ലക്ഷം മുതൽ

Vento
SHARE

ജർമൻ നിർമാതാക്കളായ ഫോക്സ്‍വാഗൻ ഇടത്തരം സെഡാനായ ‘വെന്റോ’യുടെ ‘സ്പോർട്’ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; 11.44 ലക്ഷം രൂപ മുതലാണ് കാറിന്റെ ഷോറൂം വില. മാനുവൽ ട്രാൻസ്മിഷനും പെട്രോൾ എൻജിനുമുള്ള മോഡലാണ് ഈ വിലയ്ക്കു ലഭിക്കുക. ടി എസ് ഐ പെട്രോൾ ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപയും ഡീസൽ മാനുവലിന് 12.92 ലക്ഷം രൂപയും ഡീസൽ ഓട്ടമാറ്റിക്കിന് 14.17 ലക്ഷം രൂപയുമാണു വില. നിലവിലുള്ള മുന്തിയ വകഭേദമായ ഹൈലൈൻ പ്ലസിനു മുകളിലാണ് ‘വെന്റോ സ്പോർട്’ ഇടംപിടിക്കുന്നത്.

പുറത്തെ മിററുകൾക്ക് കാർബൺ ഫൈബർ പോലെ തോന്നിക്കുന്ന ഫിനിഷ്, 16 ഇഞ്ച്, 10 സ്പോക്ക് പോർട്ടഗൊ അലോയ് വീൽ, ഡോറുകളിൽ കറുപ്പ് സ്റ്റിക്കർ, റൂഫിലും ലിപ് സ്പോയ്ലറും ഗ്ലോസി ബ്ലാക്ക് ഫിനിഷ് തുടങ്ങിയവയൊക്കെ ‘സ്പോർട്ടി’ലുണ്ട്.  ഡേ ടൈം റണ്ണിങ് ലൈറ്റ് സഹിതം എൽ ഇ ഡി ഹെഡ്ലാംപ്, ടെയിൽ ലാംപിൽ എൽ ഇ ഡി ഇൻസർട്ട് തുടങ്ങിയവയും കാറിലുണ്ട്. ഹൈലൈൻ പ്ലസിനു സമാനമായ സൗകര്യങ്ങളും സംവിധാനങ്ങളുമാണു ‘വെന്റോ സ്പോർട്ടി’ലുള്ളത്. പവർ അഡ്ജസ്റ്റബ്ൾ, ഫോൾഡിങ് ഔട്ട്സൈഡ് മിറർ, കാബിനിൽ ക്രോം സ്പർശം, ലതർ പോലുള്ള സീറ്റ് അപ്ഹോൾസ്ട്രി, സ്റ്റീയറിങ് വീലിലും ഗീയർഷിഫ്റ്റ് നോബിലും ലതർ ആവരണം, ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പിന്നിൽ പാർക്കിങ് കാമറ എന്നിവയെല്ലാം കാറിലുണ്ട്. 

അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘വെന്റോ സ്പോർട്ടി’ന്റെ വരവ്. കാറിലെ 1.6 ലീറ്റർ, പെട്രോൾ എൻജിന് പരമാവധി 105 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 1.5 ഡീസൽ എൻജിനൊപ്പമാവട്ടെ അഞ്ചു സ്പീഡ് മാനുവല്, ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. കൂടാതെ 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ‘വെന്റോ സ്പോർട്’ ലഭിക്കും.

‘വെന്റോ സ്പോർട്’ 2017, 2018 മോഡലുകളിൽ വിപണിയിലുണ്ട്; പഴയ കാറിന് 1.2 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങളും ഫോക്സവാഗൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മാർച്ച് 20നകം ബുക്ക് ചെയ്താൽ 25,000 രൂപയുടെ അധിക ആനുകൂല്യങ്ങളും സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ എക്സ്ചേഞ്ച്, ലോയൽറ്റി ബോണസ് വിഭാഗങ്ങളലായി 20,000 രൂപയുടെ കൂടി ആനുകൂല്യങ്ങളും നേടാനാവും. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ‘സിയാസ്’, ഹ്യുണ്ടേയ് ‘വെർണ’, ഹോണ്ട ‘സിറ്റി’ തുടങ്ങിയവയോടാണ് ‘വെന്റോ’യുടെ പോരാട്ടം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA