ലെക്സസിന്റെ 2.33 കോടിയുടെ ആഡംബരം

lexus-lx-570
SHARE

ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലെക്സസിന്റെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എൽ എക്സ്’ ഇനി പെട്രോൾ എൻജിനോടെയും ഇന്ത്യയിൽ ലഭിക്കും. ‘ലാൻഡ് ക്രൂസർ’ ആധാരമാക്കുന്ന ‘2018 ലെക്സസ് എൽ എക്സ് 570’ ഇന്ത്യയിലെത്തുമ്പോൾ 2.33 കോടി രൂപയാണു ഷോറൂം വില. 

എസ് യു വി യിലെ 5.7 ലീറ്റർ, വി എയ്റ്റ് എൻജിൻ 367 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കുക; 530 എൻ എം ടോർക്കും. ഓൾ വീൽ ഡ്രൈവോടെ എത്തുന്ന എസ് യു വിയിൽ എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ലെക്സസ് ലഭ്യമാക്കുന്നത്(അതേസമയം ‘എൽ എക്സ് 450 ഡി’യിലുള്ളത് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്). നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘nലെക്സസ് എൽ എക്സ് 570’ എസ് യു വിക്ക് വെറും 7.7 സെക്കൻഡ് മതി. ‘450 ഡി’യാവട്ടെ 8.6 സെക്കൻഡിലാണ് നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക.

അതുപോലെ ‘450 ഡി’യെ അപേക്ഷിച്ച് സംഭരണ ശേഷിയേറിയ ഇന്ധനടാങ്കും പെട്രോൾ പതിപ്പിന്റെ സവിശേഷതയാണ്. ഡീസൽ മോഡലിന്റെ ഇന്ധനടാങ്കിൽ 93 ലീറ്റർ സംഭരണശേഷിയുള്ളപ്പോൾ പെട്രോൾ കാറിലെ ടാങ്കിന് 138 ലീറ്റർ ഇന്ധനം സൂക്ഷിക്കാനാവും. കൂടാതെ ‘450 ഡി’യിൽ അഞ്ചു പേർക്കും പെട്രോൾ എസ് യു വിയിൽ ഏഴു പേർക്കുമാണു യാത്രാസൗകര്യം.

അതേസമയം സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും ഇരു മോഡലുകളുമായി മാറ്റമൊന്നുമില്ല. നാലു മേഖലകളായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, 10 എയർബാഗ്, ലതർ അപ്ഹോൾസ്ട്രി, 10 വിധത്തിൽ ക്രമീകരിക്കാവുന്ന പവേഡ് ഡ്രൈവേഴ്സ് സീറ്റ്, പിൻസീറ്റ് യാത്രികർക്കായി 11.6 ഇഞ്ച് സ്ക്രീൻ, 19 സ്പീക്കറുള്ള മാർക് ലെവിൻസൻ മ്യൂസിക് സിസ്റ്റം, മൾട്ടി ടെറെയ്ൻ സെലക്ട് സിസ്റ്റം തുടങ്ങിയവയൊക്കെ ഈ എസ് യു വിയിലുണ്ട്. 

എന്നാൽ പെട്രോൾ പതിപ്പിന്റെ വിലയുടെ കാര്യത്തിൽ ‘450 ഡി’യുടെ സമാനനിലവാരമാണു ലെക്സസ് സ്വീകരിച്ചത്. അടുത്തു തന്നെ വിപണിയിലെത്തുന്ന റേഞ്ച് റോവർ ‘ഓട്ടോബയോഗ്രഫി’യോടാവും ‘ലെക്സസ് എൽ എക്സ് 570’ മത്സരിക്കുക. വി എയ്റ്റ്, അഞ്ചു ലീറ്റർ  പെട്രോൾ സൂപ്പർചാർജ്ഡ് എൻജിനാണ് ‘ഓട്ടോബയോഗ്രഫി’ക്കു കരുത്തേകുക; 525 എച്ച് പി വരെ കരുത്തും 625 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA