പെട്രോൾ എൻജിനോടെ ‘ക്യു ഫൈവ്’; വില 55.27 ലക്ഷം

Audi Q 5
SHARE

ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്യു ഫൈവി’ന്റെ പെട്രോൾ പതിപ്പ് ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ കാർ നിർമാതാക്കളായ ഔഡി ഇന്ത്യ പുറത്തിറക്കി. ‘ക്യു ഫൈവ് ടി എഫ് എസ് ഐ’യ്ക്ക് 55.27 ലക്ഷം രൂപയാണു ഷോറൂം വില. കാറിലെ രണ്ടു ലീറ്റർ, ടർബോ പെട്രോൾ ടി എഫ് എസ് ഐ എൻജിന് 252 ബി എച്ച് പി വരെ കരുത്തും 370 എൻ എം വരെ ടോർക്കുമാണ് സൃഷ്ടിക്കുക. 

ഡീസൽ ‘ക്യൂ ഫൈവി’ലെ പോലെ ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ തന്നെയാണ് പെട്രോൾ എൻജിന്റെയും കൂട്ട്.  ഫ്രീ വീൽ ഫംക്ഷൻ, ഷിഫ്റ്റ് ബൈ വയർ കൺട്രോൾ എന്നിവ സഹിതമാണ് ഈ എസ് ട്രോണിക് ട്രാൻസ്മിഷന്റെ വരവ്. ഔഡിയുടെ സവിശേഷ ആവിഷ്കാരമായ ക്വാട്രോ സംവിധാനമാണ് കാറിലെ ഓൾ വീൽ ഡ്രൈവ്. കംഫർട്ട്, ഡൈനമിക്, എഫിഷ്യന്റ്, ഓട്ടോ, ഓഫ് റോഡ് എന്നീ അഞ്ച് ഡ്രൈവ് മോഡുകളാണ് പെട്രോൾ ‘ക്യു ഫൈവി’ലുള്ളത്. 

മണിക്കൂറിൽ 237 കിലോമീറ്ററാണു പെട്രോൾ ‘ക്യു ഫൈവി’ന് ഔഡി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; വെറും 6.3 സെക്കൻഡ് കൊണ്ടു നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനും കാറിനാവും. 

മികച്ച സുരക്ഷയ്ക്കായി എട്ട് എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്  സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ഇലക്ട്രോണിക് സ്റ്റെബിലൈസേഷൻ കൺട്രോൾ സിസ്റ്റം, റിയർ കാമറ സഹിതം ഔഡി പാർക്കിങ് സിസ്റ്റം പ്ലസ്, ഓട്ടോ ഹോൾഡ് ഫംക്ഷൻ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയൊക്കെ പെട്രോൾ ‘ക്യു ഫൈവി’ലുണ്ട്. 

അരങ്ങേറ്റം കുറിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ‘ക്യു ഫൈവ് ടി ഡി ഐ’ക്ക് അഞ്ഞൂറോളം ബുക്കിങ്ങുകളാണു ലഭിച്ചതെന്ന് ഔഡി ഇന്ത്യ മേധാവി രാഹിൽ അൻസാരി വെളിപ്പെടുത്തി. ഈ വിഭാഗത്തിൽ ‘ക്യു ഫൈവി’നുള്ള മേധാവിത്തത്തിന്റെ തെളിവാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

അടുത്തയിടെ നിരത്തിലെത്തിയ ബി എം ഡബ്ല്യു ‘എക്സ് ത്രീ എക്സ് ഡ്രൈവ് 30 ഐ’, മെഴ്സീഡിസ് ബെൻസ് ‘ജി എൽ സി 300’, ലെക്സസ് ‘എൻ എക്സ് 300 എച്ച്’ തുടങ്ങിയവയോടാണ് പെട്രോൾ ‘ക്യു ഫൈവി’ന്റെ മത്സരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA