sections
MORE

ബിഎംഡബ്ല്യു പുത്തൻ ബൈക്കുകൾ എത്തി; വില 2.99 ലക്ഷം മുതൽ

bmw-g-310r-gs-310
SHARE

വാഹനപ്രേമികൾ കാത്തിരുന്ന ബിഎംഡബ്ല്യു 310 ആർ, ബിഎംഡബ്ല്യു ജി 310 ജി എസ് ബൈക്കുകൾ ഇന്ത്യയിൽ പുറത്തിറക്കി. 2.99 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു 310 ആർ ബൈക്കിന്റെ ന്യൂഡൽഹി എക്സ്ഷോറും വില. 3.49 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു ജി 310 ജി എസ് മോഡലിന്റെ വില. പ്രീ ബുക്കിങ് വെള്ളിയാഴ്ച ആരംഭിക്കും.

ബൈക്കുകളുടെ ഔപചാരിക അരങ്ങേറ്റത്തിനു മുമ്പായി അര ലക്ഷം രൂപ അഡ്വാൻസ് നൽകി ഇവ ബുക്ക് ചെയ്യാനുള്ള അവസരമാണ് ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ ബിഎംഡബ്ല്യു മോട്ടോറാഡ് ലഭ്യമാക്കുന്നത്. രാജ്യത്തെ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിലെല്ലാം ‘ബിഎംഡബ്ല്യു 310 ആർ’, ‘ബിഎംഡബ്ല്യു ജി 310 ജി എസ്’ ബൈക്കുകൾക്കുള്ള പ്രീ ബുക്കിങ് സ്വീകരിക്കും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യമെന്ന വ്യവസ്ഥയിലാവും ബൈക്കുകൾ കൈമാറുകയെന്നും കമ്പനി വ്യക്തമാക്കി. 

ഈ വിഭാഗത്തിൽ പ്രവേശിക്കുന്നതിനപ്പുറം വിപണിയെ പുനഃനിർവചിക്കാനാണു ‘ബിഎംഡബ്ല്യു 310 ആർ’, ‘ബിഎംഡബ്ല്യു ജി 310 ജി എസ്’ ബൈക്കുകളുമായി ബിഎംഡബ്ല്യു മോട്ടോറാഡ് എത്തുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ അവകാശപ്പെട്ടു. ഇന്ത്യൻ നിരത്തുകൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ബൈക്കുകൾ തികച്ചും മത്സരക്ഷമമായ വിലയ്ക്കാണു വിൽപനയ്ക്കെത്തുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

BMW310R-G310GSNew

നിലവിൽ ഡൽഹി, മുംബൈ, പുണെ, ചെന്നൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി നഗരങ്ങളിലാണു ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നത്. വൈകാതെ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്ന ചണ്ഡീഗഢ്, കൊൽക്കത്ത ഡീലർഷിപ്പുകളും വൈകാതെ ‘ബിഎംഡബ്ല്യു 310 ആർ’, ‘ബിഎംഡബ്ല്യു ജി 310 ജി എസ്’ ബൈക്കുകൾക്കുള്ള പ്രീബുക്കിങ് സ്വീകരിക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. 

310GS

ബിഎംഡബ്ല്യുവും ടിവിഎസും ചേര്‍ന്ന് പുറത്തിറക്കുന്ന ബൈക്കുകളുടെ രൂപകല്‍പന മ്യൂനിക്കിലാണ് നിര്‍വഹിച്ചത്. ഈ 300 സിസി ബൈക്ക് നിര്‍മിക്കുന്നത് ബെംഗളൂരുവിലെ ടിവിഎസ് മോട്ടോര്‍ കമ്പനി ശാലയിലാണ്. ജി 310 ആര്‍ നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്ക് വിഭാഗത്തില്‍ കെടിഎം ഡ്യൂക്ക് 390, മഹീന്ദ്ര മോജൊ തുടങ്ങിയ ബൈക്കുകളുമായി മത്സരിക്കുമ്പോള്‍, ജി 310 ജിഎസ് അഡ്വഞ്ചര്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനുമായി ഏറ്റുമുട്ടും. 

310R

യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളാണ് ജി 310 ആറും ജി 310 ജിഎസും. 1948ല്‍ പുറത്തുവന്ന വന്ന ആര്‍ 24നു ശേഷം ശേഷി കുറഞ്ഞ എന്‍ജിനുമായി വിപണിയിലെത്തുന്ന ബിഎംഡബ്ല്യു മോഡലുകളുമാണ് ഇവ. മികച്ച രൂപകല്‍പനയുടെ പിന്‍ബലത്തോടെയണു ബൈക്കിന്റെ വരവ്. എസ് 1000 ആര്‍, ആര്‍ 1200 ആര്‍ എന്നിവയുമായി ശക്തമായ ബന്ധം നിലനിര്‍ത്തി ജി 310 ആര്‍ ഡിസൈന്‍ ചെയ്തപ്പോള്‍ ആര്‍ 1200 ജിഎസിനോടാണ് ആര്‍ 310 ജിഎസിന് സാമ്യം. കാഴ്ചപ്പൊലിമയ്ക്കപ്പുറം എന്‍ജിന്‍ മികവാകും പുതിയ ബൈക്കിന്റെ പ്രധാന സവിശേഷത.

BMW-bike

ഇരട്ട ഓവര്‍ഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവല്‍ ഇന്‍ജക്‌ഷന്റെയും പിന്‍ബലത്തോടെയാണു ബൈക്കുകളിലെ 313 സി സി, സിംഗിള്‍ സിലിണ്ടര്‍, നാലു വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്റെ വരവ്. പോരെങ്കില്‍ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവര്‍ത്തിക്കാന്‍ കഴിയും വിധമാണ് ഈ എന്‍ജിന്റെ ഘടന. 34 ബി എച്ച് പി വരെ കരുത്തും 28 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ച ബൈക്കുകളുടെ കയറ്റുമതി ബിഎംഡബ്ല്യു ആരംഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA