ഡിസയറിനു പ്രത്യേക പതിപ്പുമായി മാരുതി

maruti-suzuki-dzire
SHARE

നവരാത്രി, ദീപാവലി ഉത്സവകാലത്തിനു മുന്നോടിയായി കോംപാക്ട് സെഡാനായ ‘ഡിസയറി’ന്റെ പ്രത്യേക പതിപ്പ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കി. അടിസ്ഥാന വകഭേദമായ ‘എൽ എക്സ് ഐ’യും ‘എൽ ഡി ഐ’യും അടിസ്ഥാനമാക്കി സാക്ഷാത്കരിച്ച ഈ പ്രത്യേക പതിപ്പ് ഡീസൽ, പെട്രോൾ എൻജിനുകളോടെ വിൽപ്പനയ്ക്കുണ്ട്. കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും വാഗ്ദാനം ചെയ്ത് ‘ഡിസയറി’ന്റെ അടിസ്ഥാന വകഭേദങ്ങളുടെ വിൽപ്പന മെച്ചപ്പെടുത്താനുള്ള ശ്രമമാണ് മാരുതി സുസുക്കി ഈ പ്രത്യേക പതിപ്പിലൂടെ നടത്തുന്നത്. 

പെട്രോൾ എൻജിനുള്ള ‘2018 ഡിസയർ പ്രത്യേക പതിപ്പി’ന്  5.56 ലക്ഷം രൂപ മുതലാണ് ഡൽഹി ഷോറൂമിലെ വില; ഇതിലും ഒരു ലക്ഷത്തോളം രൂപ അധികമാണ് ഡീസൽ എൻജിനുള്ള മോഡലിന്. ചുരുക്കത്തിൽ ‘ഡിസയറി’ന്റെ അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് 30,000 രൂപ അധികം ഈടാക്കിയാണു മാരുതി സുസുക്കി ഈ പ്രത്യേക പതിപ്പ് സാക്ഷാത്കരിച്ചിരിക്കുന്നത്. 

മുന്നിൽ പവർ വിൻഡോ, വീൽ കവർ, പിന്നിൽ പാർക്കിങ് സെൻസർ എന്നിവയാണ് ‘2018 മാരുതി സുസുക്കി ഡിസയറി’ലെ പ്രധാന പുതുമ. കൂടാതെ ബ്ലൂടൂത്ത് സഹിതം ഇരട്ട സ്പീക്കർ മ്യൂസിക് സിസ്റ്റവും റിമോട്ട് സെൻട്രൽ ലോക്കിങ്ങും കാറിലുണ്ടാവും. ഇതിനു പുറമെ ആന്റി ലോക്ക് ബ്രേക്ക്, മുന്നിൽ ഇരട്ട എയർബാഗ്, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവ ‘ഡിസയറി’ന്റെ ‘എൽ എക്സ് ഐ’, ‘എൽ ഡി ഐ’ പതിപ്പുകളിലുണ്ട്. ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ ‘ടിഗൊർ’, ഹോണ്ട ‘അമെയ്സ്’, ഹ്യുണ്ടേയ് ‘എക്സെന്റ്’, ഫോക്സ്വാഗൻ ‘അമിയൊ’ തുടങ്ങിയവയാണ് ‘ഡിസയറി’ന്റെ എതിരാളികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA