സെഗ്‌മെന്റ് പിടിക്കാൻ സിയാസ്, വില 8.19 ലക്ഷം മുതൽ

new-ciaz
SHARE

മാരുതി സുസുക്കിയുടെ മിഡ് സൈസ് ഡെസാൻ സിയാസിന്റെ പുതിയ പതിപ്പ് വിപണിയിൽ. ഹ്യുണ്ടേയ് വെർന, ഹോണ്ട സിറ്റി, ടൊയോട്ട യാരിസ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തിയ കാറിന് 8.19 ലക്ഷം രൂപ മുതൽ 10.97 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.  സിഗ്‌മ, ഡെൽറ്റ്, സീറ്റ, ആൽഫ തുടങ്ങി നാലു വകഭേദങ്ങളിലാണ് സിയാസ്‍ വിൽപ്പനയ്ക്കെത്തുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള സിയാസിന്റെ പെട്രോള്‍ മാനുവലിന് 8.19 ലക്ഷം രൂപ മുതൽ 9.97 ലക്ഷം രൂപ വരെയും പെട്രോൾ ഓട്ടമാറ്റിക്കിന് 9.80 ലക്ഷം  രൂപ മുതൽ 10.97 ലക്ഷം രൂപ വരെയും ഡീസലിന് 9.19 ലക്ഷം രൂപ മുതൽ 10.97 ലക്ഷം രൂപവരെയുമാണ് വില. 

സിയാസിന്റെ പരിഷ്കരിച്ച പതിപ്പിനുള്ള ബുക്കിങ്ങുകൾക്ക് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സ്വീകരിച്ചു തുടങ്ങിയിരുന്നു. കാഴ്ചയിലെ മാറ്റങ്ങൾക്കപ്പുറം സാങ്കേതിക വിഭാഗത്തിലും കാര്യമായ പുതുമകളോടെയാണു പുത്തൻ സിയാസിന്റെ വരവ്. ഡേടൈം റണ്ണിങ് ലാംപ് സഹിതം എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‍ലാംപ്, പിന്നിൽ എൽ ഇ ഡി കോംബിനേഷൻ ലാംപ്, മുൻ ബംപർ എന്നിവയ്ക്കൊപ്പം വേറിട്ട മുൻ ഗ്രില്ലും ഈ സിയാസിലുണ്ട്.

പുത്തൻ പെട്രോൾ എൻജിനോടെ വിൽപ്പനയ്ക്കുള്ള സിയാസിന്റെ പരിഷ്കരിച്ച പതിപ്പിൽ സുസുക്കി ഹൈബ്രിഡ് വെഹിക്ക്ൾ സിസ്റ്റ(എസ് എച്ച് വി എസ്)മെന്ന മൈൽഡ് ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. ഇതോടെ സി വിഭാഗത്തിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാവുന്ന ഏക മോഡലുമാവും സിയാസാണ്. കാറിലെ പുതിയ 1.5 ലീറ്റർ, കെ സീരീസ് പെട്രോൾ എൻജിന് പരമാവധി 106 പി എസ് വരെ കരുത്തും 138 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സും പുതിയ ‘സിയാസി’ൽ ഇടംപിടിക്കുമെന്നാണു പ്രതീക്ഷ.

ഡീസൽ പതിപ്പിൽ 1.3 ലീറ്റർ, മൾട്ടിജെറ്റ് ടർബോചാർജ്ഡ് എൻജിനാണ്. പെട്രോൾ എൻജിനിലെ പോലെ മൈൽഡ് ഹൈബ്രിഡ് സംവിധാനം ഈ എൻജിനിലുമുണ്ട്. 89 ബി എച്ച് പി വരെ കരുത്തും 200 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA