പുതിയ സി ക്ലാസ് കേരള വിപണിയിൽ

mercedes-benz-c-class
SHARE

മെഴ്സഡീസ് ബെൻസിന്റെ ജനപ്രിയ മോഡൽ സി–ക്ലാസിന്റെ പുതിയ പതിപ്പ് കേരളാ വിപണിയിൽ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽവെച്ചാണ് പുതിയ സി ക്ലാസ് പുറത്തിറക്കിയത്. സി 220‍ഡി പ്രൈം, സി 220 ഡി പ്രോഗ്രസ്സീവ്, സി300ഡി എംഎജി എന്നീ മൂന്നു വകഭേദങ്ങളിലായി പുറത്തിറക്കിയ കാറിന്റെ എക്സ്ഷോറൂം വില 40 ലക്ഷം മുതൽ 48.50 ലക്ഷം രൂപവരെയാണ്. 2014 ൽ പുറത്തിറങ്ങിയ കഴിഞ്ഞ തലമുറയിൽ നിന്ന് കാലികമായി മാറ്റങ്ങളുമായാണ് പുതിയ ഫെയ്സ് ലിഫ്റ്റ് പുറത്തിറങ്ങിയത്. 

mercedes-benz-c-class-1
മെഴ്സിഡീസ് ബെൻസിന്റെ പുതിയ സി–ക്ലാസ് രാജശ്രീ മോട്ടോഴ്സ് തിരുവനന്തപുരം ഷോറൂമിൽ സിഇഒ രാജീവ് മോനോൻ, രാഘവേന്ദ്രൻ ശിവകുമാർ എന്നിവർ ചേർന്ന് പുറത്തിറക്കിയപ്പോള്‍

സി–ക്ലാസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം മാറ്റങ്ങളുമായി എത്തുന്ന കാർ എന്നാണ് പുതിയ സിയെ കമ്പനി വിശേഷിപ്പിക്കുന്നത്. വാഹനത്തിലെ 6500 ഘടകങ്ങൾ പുതിയതാണെന്ന് ബെൻസ് പറയുന്നു. എ ക്ലാസി നെ അനുസ്മരിപ്പിക്കുന്ന ഡയമണ്ട് പറ്റേൺ ഗ്രില്ലാണ് മുന്നിൽ. കൂടാതെ പുതിയ എല്‍ഇഡി ഹെഡ്‍ലാംപ്, റീ‍ഡിസൈൻ ചെയ്ത ബമ്പര്‍, പുതിയ അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, പനോരമിക് സണ്‍റൂഫ് എന്നിവയുമുണ്ട്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഉള്ളിലെ പുതുമകൾ. ‍

ഡീസൽ എൻജിനോടെ മാത്രമാകും പുതിയ സി ക്ലാസ്വിപണയിൽ ലഭ്യമാകുക.. ബിഎസ്-6 നിലവാരത്തിലുള്ള ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. സി220ഡിക്ക് 192 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനാണ്. പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗം കൈവരിക്കാൻ 6.9 സെക്കന്റ് മാത്രം മതി ഈ കരുത്തന്. സി ക്ലാസിന്റെ എഎംജി വകഭേദത്തിലെ രണ്ട് ലീറ്റർ എൻജിൻ 241 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകും. 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും സി 300 ഡി എഎംജി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA