ഒറ്റ ചാർജിൽ 120 കി.മീ ഒാടുന്ന സ്കൂട്ടറുമായി ഒകിനാവ

Okinawa Ridge Plus
SHARE

വൈദ്യുത സ്കൂട്ടറായ ‘റിഡ്ജി’ന്റെ പുതിയ പതിപ്പായി ലിതിയം അയോൺ ബാറ്ററി ഉപയോഗിക്കുന്ന ‘റിഡ്ജ് പ്ലസ്’ ഒകിനാവ ഓട്ടോടെക് പുറത്തിറക്കി. 64,988 രൂപയാണു സ്കൂട്ടറിനു രാജ്യത്തെ ഷോറൂം വില. ഒറ്റത്തവണ ചാർജ് ചെയ്താൽ ‘റിഡ്ജ് പ്ലസ്’ 120 കിലോമീറ്റർ ഓടുമെന്നാണ് ഒകിനാവയുടെ വാഗ്ദാനം; മണിക്കൂറിൽ 55 കിലോമീറ്റർ വേഗവും പുതിയ സ്കൂട്ടറിനു നിർമാതാക്കൾ ഉറപ്പു നൽകുന്നു. 800 വാട്ട് മോട്ടോറുമായെത്തുന്ന സ്കൂട്ടറിലെ ബാറ്ററി അനായാസം ഊരിയെടുക്കാവുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതോടെ സ്കൂട്ടറിൽ നിന്നു ബാറ്ററി ഊരിയെടുത്ത് വീട്ടിലെത്തിച്ച് അനായാസം ചാർജ് ചെയ്യാമെന്നു നിർമാതാക്കൾ വിശദീകരിക്കുന്നു. 

മുൻഗാമിയായ ‘റിഡ്ജി’ലെ പോലെ ആന്റി തെഫ്റ്റ് അലാം, കീ രഹിത എൻട്രി, ‘ഫൈൻഡ് മൈ സ്കൂട്ടർ’ സൗകര്യം തുടങ്ങിയവയൊക്കെ ‘പ്ലസ്’ പതിപ്പിലുമുണ്ട്. കൂടാതെ ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം എനർജി റീജനറേഷൻ സംവിധാനവും സ്കൂട്ടറിലുണ്ട്. ഒപ്പം ‘റിഡ്ജി’ലെ അലോയ് വീൽ, ട്യൂബ്രഹിത ടയർ, ടെലിസ്കോപിക് സസ്പെൻഷൻ തുടങ്ങിയവയും നിലനിർത്തിയിട്ടുണ്ട്. ലൂസന്റ് ഓറഞ്ച്/മാഗ്ന ഗ്രേ, മിഡ്നൈറ്റ് ബ്ലൂ നിറങ്ങളിൽ ലഭ്യമാവുന്ന ‘റിഡ്ജ് പ്ലസി’ന്റെ ഭാരവാഹക ശേഷി പരമാവധി 150 കിലോഗ്രാമാണ്.

ചാർജിങ് ആയാസരഹിതമാക്കാൻ ലക്ഷ്യമിട്ടാണ് ‘റിഡ്ജ് പ്ലസി’ൽ എളുപ്പത്തിൽ ഊരിയെടുക്കാവുന്ന ബാറ്ററി പായ്ക്ക് ലഭ്യമാക്കിയതെന്ന് ഒകിനാവ ഓട്ടോടെക് മാനേജിങ് ഡയറക്ടർ ജിതേന്ദർ ശർമ അഭിപ്രായപ്പെട്ടു. ഇതോടെ യാത്ര കഴിഞ്ഞ് ബാറ്ററി ഓഫിസിലോ വീട്ടിലോ എത്തിച്ച് എളുപ്പത്തിൽ ചാർജ് ചെയ്യാനാവും.  ഈ മാസം 500 ‘റിഡ്ജ് പ്ലസ്’ നിർമിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. നവംബറോടെ ഉൽപ്പാദനം 1,500 യൂണിറ്റായി ഉയർത്താനാണ് ഒകിനാവയുടെ പദ്ധതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA