2018 എം യു-എക്സുമായി ഇസൂസു; വില 28.19 ലക്ഷം

isuzu-mux
SHARE

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എം യു — എക്സി’ന്റെ പരിഷ്കരിച്ച പതിപ്പ് ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് പുറത്തിറക്കി. രാജ്യാന്തര വിപണികളിൽ നേരത്തെ വിൽപ്പനയ്ക്കെത്തിയ മോഡലാണ് ഇപ്പോൾ ഇന്ത്യയിലും അരങ്ങേറ്റം കുറിക്കുന്നത്. ഇസൂസു മോട്ടോഴ്സ് ലിമിറ്റഡ് പ്രസിഡന്റ് മസനൊരി കട്ടയാമയ്ക്കൊപ്പം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരമായിരുന്ന ജോണ്ടി റോഡ്സും അവതരണ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ ഇസൂസുവിന്റെ ബ്രാൻഡ് അംബാസഡറാണു റോഡ്സ് ഇപ്പോൾ.

ഏഴു സീറ്റുള്ള ‘2018 എം യു  — എക്സി’ന് 28.19 ലക്ഷം രൂപ വരെയാണു ചെന്നൈ ഷോറൂമിൽ വില. ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയിൽ സ്ഥാപിച്ച നിർമാണശാലയിൽ നിന്നാണു പുത്തൻ ‘എം യു — എക്സ്’ പുറത്തെത്തുന്നത്. വിൽപ്പന വളർച്ചയ്ക്കായി ഇസൂസു നോട്ടമിടുന്ന തന്ത്രപ്രധാന വിപണിയാണ് ഇന്ത്യയെന്നു കട്ടയാമ അഭിപ്രായപ്പെട്ടു. 2012ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ കമ്പനിക്കു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എൽ ഇ ഡി ഡേടൈം റണ്ണിങ് ലൈറ്റ് സഹിതം പ്രൊജക്ടർ ഹെഡ്ലാംപുമായാണു പരിഷ്കരിച്ച ‘എം യു — എക്സ്’ എത്തുന്നത്; മുൻബംപറിലും ചില്ലറ പരിഷ്കാരങ്ങളുണ്ട്. പുത്തൻ അലോയ് വീൽ, ടെയിൽ ലാംപിലെ എൽ ഇ ഡി ഘടകം എന്നിവയ്ക്കൊപ്പം പിൻ ബംപറിന്റെ രൂപകൽപ്പനയും പരിഷ്കരിച്ചിട്ടുണ്ട്. മാറ്റങ്ങളുള്ള ഡാഷ്ബോഡാണ് കാറിന്റെ അകത്തളത്തിലെ പുതുമ; മുമ്പ് പൂർണമായും കറുപ്പ് നിറത്തിലായിരുന്നത് ഇപ്പോൾ ബീജ് — ബ്ലാക്ക് വർണ സങ്കലനമായ ‘ലാവ ബ്ലാക്കി’ലാക്കി.

കൂടാതെ അകത്തളം ആകർഷകമാക്കാൻ ആർട്ടിഫിഷ്യൽ വുഡ് ട്രിമ്മും എത്തുന്നുണ്ട്. ഡാഷ്ബോഡിന്റെ മധ്യത്തിൽ സിൽവർ സറൗണ്ട്, ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം എന്നിവയുമുണ്ട്. എന്നാൽ സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു  നവീകരിച്ച ‘എം യു — എക്സ്’ എത്തുന്നത്. എസ് യു വിക്കു കരുത്തേകുക മൂന്നു ലീറ്റർ ഡീസൽ എൻജിനാണ്; 177 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. നിലവിൽ അഞ്ചു സീറ്റുള്ള ‘ഡി മാക്സ് — വി ക്രോസ്’, പിക് അപ്പായ ‘ഡി  മാക്സ് — എസ് കാബ്’, ‘ഡി മാക്സ് റഗുലർ കാബ്’ എന്നിവയും ഇസൂസു ഇന്ത്യയിൽ വിൽക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA