ചെറു ഡ്യൂക്ക് എത്തി , വില 1.18 ലക്ഷം

ktm-duke-125
SHARE

ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ കെ ടി എമ്മിന്റെ 125 സി സി ഡ്യൂക്ക് ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്) സഹിതം വിൽപ്പനയ്ക്കെത്തി. ഡൽഹി ഷോറൂമിൽ 1,18,163 രൂപയാണു ബൈക്കിനു വില. ഇതോടെ കെ ടി എം ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കായി സ്ട്രീറ്റ് നേക്കഡ് വിഭാഗത്തിൽപെട്ട 125 ഡ്യൂക്ക് എ ബി എസ്. പോരെങ്കിൽ രാജ്യത്ത് എ ബി എസ് സഹിതമെത്തുന്ന ആദ്യ 125 സി സി ബൈക്കുമാണിത്. അടുത്ത ഏപ്രിൽ ഒന്നു മുതൽ 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ഇന്ത്യയിൽ എ ബി എസ് നിർബന്ധമാക്കിയിട്ടുണ്ട്. 

സാങ്കേതികമായി എൻജിൻ ശേഷി 125 സി സിക്കു തൊട്ടുതാഴെയായതിനാൽ ഈ ഡ്യൂക്കിൽ എ ബി എസ് നിർബന്ധമില്ല. എങ്കിലും 200 ഡ്യൂക്കിനായി വികസിപ്പിച്ച എ ബി എസ് ബ്രേക്ക് ഈ മോഡലിൽ അനായാസം ഘടിപ്പിക്കാമെന്നതിനാൽ കംബൈൻഡ് ബ്രേക്ക് സംവിധാന(സി ബി എസ്)ത്തിനു പകരം എ ബി എസ് തന്നെ ഈ മോഡലിലും കെ ടി എം ലഭ്യമാക്കുകയായിരുന്നു. രാജ്യത്തെ നാനൂറ്റി അൻപതോളം കെ ടി എം ഡീലർഷിപ്പുകൾ വഴിയാണു ബൈക്ക് വിൽപ്പനയ്ക്കെത്തുക.

രാജ്യാന്തരതലത്തിൽ 125 ഡ്യൂക്കിന്റെ രൂപകൽപ്പനയിൽ കെ ടി എം 390 ഡ്യൂക്ക് ആണു മാതൃകയെങ്കിലും ഇന്ത്യയിലെത്തുമ്പോൾ ബൈക്കിനു കാഴ്ചയിൽ സാമ്യം ഡ്യൂക്ക് 200 ബൈക്കിനോടാണ്. വേറിട്ട വ്യക്തിത്വം ഉറപ്പാക്കാൻ പരിഷ്കരിച്ച ഗ്രാഫിക്സോടെയാണ് എൻജിൻ ശേഷി കുറഞ്ഞ ബൈക്കിന്റെ വരവ്.200 ഡ്യൂക്കിലെ പോലെ സിംഗിൾ ചാനൽ എ ബി എസ് തന്നെയാണ് ഈ ഡ്യൂക്കിലുമുള്ളത്. എന്നാൽ 390 ഡ്യൂക്കിലുള്ളത് ഇരട്ട ചാനൽ എ ബി എസ് ആണ്.

ചെറു ഡ്യൂക്കിനു കരുത്തേകുന്നത് 124.7 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഡി ഒ എച്ച് സി എൻജിനാണ്; 9,250 ആർ പി എമ്മിൽ 14.5 ബി എച്ച് പിയോളം കരുത്തും 8,000 ആർ പി എമ്മിൽ 12 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ട്രാൻസ്മിഷനുള്ള ബൈക്കിൽ സ്ലിപ്പർ ക്ലച് കെ ടി എം ലഭ്യമാക്കിയിട്ടില്ല. 

ട്രെല്ലിസ് ഫ്രെയിം, 43 എം എം ഇൻവർട്ടഡ് ഫോർക്ക്, ക്രമീകരിക്കാവുന്ന മോണോഷോക് എന്നിവയോടെയാണ് 125 ഡ്യൂക്കിന്റെ വരവ്. മുന്നിൽ 300 എം എം സിംഗിൾ ഡിസ്കും പിന്നിൽ 230 എം എം യൂണിറ്റുമാണു ബ്രേക്ക്. 

രാജ്യത്തെ ഏറ്റവും പ്രീമിയം 125 സി സി ബൈക്കെന്ന പെരുമ പേറുന്ന 125 ഡ്യൂക്കിന് നിലവിൽ ഇന്ത്യയിൽ എതിരാളികളില്ല. എങ്കിലും വില പരിഗണിച്ചാൽ യമഹ ആർ വൺ ഫൈവ് വി 3.0, ടി വി എസ് അപാച്ചെ ആർ ടി ആർ 200 ഫോർ വി എ ബി എസ്, ബജാജ് പൾസർ എൻ എസ് 200 തുടങ്ങിയവയാവും ‘125 ഡ്യൂക്കി’ന്റെ എതിരാളികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA