ADVERTISEMENT

റോയൽ എൻഫീൽഡ് ശ്രേണിയിലെ ബുള്ളറ്റ് 350, 350 ഇ എസ് ബൈക്കുകളിലും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) ഇടംപിടിച്ചു. കമ്പനിയുടെ ഇതര മോഡലുകളിൽ നിന്നു വ്യത്യസ്തമായി സിംഗിൾ ചാനൽ എ ബി എസ് യൂണിറ്റാണ് ബുള്ളറ്റ് 350, 350 ഇ എസ് ബൈക്കുകളിൽ ഘടിപ്പിച്ചിരിക്കുന്നത്.

എൻജിൻ ശേഷി അടിസ്ഥാനമാക്കി ഇരുചക്രവാഹനങ്ങളിൽ ഏപ്രിൽ ഒന്നു മുതൽ കോംബി ബ്രേക്ക് സംവിധാന(സി ബി എസ്)മോ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)മോ നിർബന്ധമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ എന്തു നടപടിയാവും ‘ബുള്ളറ്റ് 350’, ‘ബുള്ളറ്റ് 350 ഇ എസ്’ ബൈക്കുകളുടെ കാര്യത്തിൽ റോയൽഎൻഫീൽഡ് സ്വീകരിക്കുക എന്ന കാര്യത്തിൽ അനിശ്ചിതത്വവും നിലനിന്നിരുന്നു. പ്രത്യേകിച്ച് കമ്പനിയുടെ ബാക്കി മോഡലുകളിൽ ഇരട്ട ചാനൽ എ ബി എസ് ഇടംപിടിച്ച സാഹചര്യത്തിൽ.

എന്തായാലും സിംഗിൾ ചാനൽ എ ബി എസ് ഘടിപ്പിച്ചതോടെ ‘ബുള്ളറ്റ് 350’, ‘350 ഇ എസ്’ ബൈക്കുകളുടെ വിൽപ്പന തടസ്സമേതുമില്ലാതെ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. ബൈക്കുകളുടെ വില സംബന്ധിച്ചു നിർമാതാക്കളുടെ പ്രഖ്യാപനമൊന്നും വന്നിട്ടില്ല. എങ്കിലും എ ബി എസ് ഘടിപ്പിച്ച ‘ബുള്ളറ്റ് 350’ ബൈക്കിന്റെ വില 1.21 ലക്ഷം രൂപയും ‘350 ഇ എസി’ന്റേത് 1.35 ലക്ഷം രൂപയുമാവുമെന്നാണു സൂചന. എ ബി എസിന്റെ വരവോടെ ‘ബുള്ളറ്റ് 350’ വിലയിൽ 3,500 രൂപയുടെയും ‘350 ഇ എസ്’ വിലയിൽ 1,500 രൂപയുടെയും വർധനയാണു നിലവിൽ വരുന്നത്. ഇരട്ട ചാനൽ എ ബി എസ് നടപ്പായ ബൈക്കുകളുടെ വിലയിലെ വർധന 11,000 രൂപ വരെയായിരുന്നു.

മുന്നിൽ ഡിസ്ക് ബ്രേക്കോടെ എത്തുന്ന ‘ബുള്ളറ്റ് 350’ ബൈക്കിന്റെ പിന്നിൽ ഡ്രം ബ്രേക്കാണ് ഇടംപിടിക്കുന്നത്. അതേസമയം ‘ബുള്ളറ്റ് 350 ഇ എസി’ന്റെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ്. ഇരു ബൈക്കുകൾക്കും കരുത്തേകുന്നത് 348 സി സി, ഫോർ സ്ട്രോക്ക് എൻജിനാണ്; 5,250 ആർ പി എമ്മിൽ 20 ബി എച്ച് പി കരുത്തും 4,000 ആർ പി എമ്മിൽ 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com