ADVERTISEMENT

ജനപ്രിയകാറായ ഓൾട്ടോയ്ക്ക് പുതിയ രൂപവുമായി മാരുതി സുസുക്കി ഇന്ത്യ. അടുത്ത വർഷം നിലവിൽ വരുന്ന ബിഎസ് 6 സുരക്ഷാനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, അടിമുടി മാറിയാണ് പുതിയ ഓൾട്ടോയെ മാരുതി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ബിഎസ് 6 നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ ചെറുകാർ എന്ന പേര് ഓൾട്ടോയ്ക്ക് സ്വന്തമായി. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള കാറിനെ കൂടുതൽ സുരക്ഷിതവും കൂടുതൽ ആധുനികവുമാക്കിയിട്ടുണ്ട് മാരുതി. എന്നാൽ പുതിയ ഓൾട്ടോ എന്നുമുതൽ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങുമെന്ന് മാരുതി വ്യക്തമാക്കിയിട്ടില്ല.

new-alto-6

ബിഎസ്6 എൻജിൻ നിലവാരം വരാൻ ഒരുവർഷം ബാക്കി നിൽക്കെയാണ് മാരുതി ചെറുകാറായ ഓൾട്ടോയെ ബിഎസ് 6 റെഡി എൻജിനുമായി പുറത്തിറക്കുന്നത്. കൂടുതൽ കരുത്തും മികച്ച ഇന്ധനക്ഷമതയും (22.05 കി.മീ) പുതിയ ഓൾട്ടോ നൽകുമെന്നു മാരുതി പറയുന്നു. സ്റ്റൈലൻ ലുക്കിൽ, കരുത്തും സുരക്ഷയും വർധിപ്പിച്ചു ഓൾട്ടോ എത്തുമ്പോൾ വാഹനവിപണിയിൽ ഇനിയും ഒരുപടി കൂടി മുന്നേറാൻ കഴിയുമെന്നാണ് മാരുതിയുടെ  പ്രതീക്ഷ.

new-alto-4

പുതിയ ഗ്രില്ലും ബംബറും ഷാർപ്പായ ഹെഡ്‌ലാംപും സൈഡ് ഫെൻഡറുകളുമുണ്ട്. ഡ്യുവൽടോൺ ഇന്റീരിയർ, പുതിയ ഡാഷ്ബോർഡ് ഡിസൈൻ തുടങ്ങിയ നിരവധി മാറ്റങ്ങളുണ്ട് ഇന്റീരിയറിൽ. ബ്ലൂടൂത്ത് വഴി ഫോണുമായി കണക്റ്റ് ചെയ്യാവുന്ന സ്മാർട്ട് പ്ലേ ഡോക്കാണ് പുത്തൻ ഓൾട്ടോയുടെ മറ്റൊരു പ്രത്യേകത.  സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, റിവേഴ്സ്  പാർക്കിങ് സെൻസറുകൾ, എയർബാഗ്, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിവയുമുണ്ട്. കൂടാതെ ഉടൻ നിലവിൽ വരുന്ന ക്രാഷ് ടെസ്റ്റ് പെഡസ്ട്രിയൻ സേഫ്റ്റി റെഗുലേഷൻ എന്നീ നിബന്ധനകൾ വിജയിക്കുംവിധമാണ്  ഓൾട്ടോയെ മാരുതി പുറത്തിറക്കിയിരിക്കുന്നത്.

new-alto-3

ബിഎസ്6 എൻജിൻ, നൈട്രജൻ ഓക്സൈഡിന്റെ പുറന്തള്ളൽ 25 ശതമാനം വരെ കുറയ്ക്കുമെന്നാണ് മാരുതി പറയുന്നത്. 796 സിസി എൻജിനാണ് പുതിയ ഓൾട്ടോയ്ക്ക് കരുത്തേകുന്നത്. 69 എൻഎം ടോർക്കും 35.3 കിലോവാട്ട് കരുത്തും നൽകും ഈ എൻജിൻ. 

വില

ഓൾട്ടോ ബിഎസ് 6 സ്റ്റാൻഡേർഡ്– 2,93,689

ഓൾട്ടോ ബിഎസ് 6 എൽഎക്സ്ഐ– 3,50,375

ഓൾട്ടോ ബിഎസ് 6 വിഎക്സ്ഐ– 3,71,709

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com