ADVERTISEMENT

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയൊയുടെ 125 സി സി സ്കൂട്ടറായ അപ്രീലിയ സ്റ്റോം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; 65,000 രൂപയാണു സ്റ്റോം 125 സ്കൂട്ടറിന് ഇന്ത്യയിലെ ഷോറൂമുകളിൽ വില. ഇതോടെ ഇന്ത്യയിൽ പിയാജിയൊ ശ്രേണിയിൽ വിൽപ്പനയ്ക്കുള്ള ഏറ്റവും വില കുറഞ്ഞ സ്കൂട്ടറുമായി അപ്രിലിയ സ്റ്റോം. കരുത്തിനും പ്രകടനക്ഷമതയ്ക്കുമൊപ്പം പ്രീമിയം റൈഡിങ് അനുഭവവും സ്റ്റോമിൽ പിയാജിയൊ വാഗ്ദാനം ചെയ്യുന്നുണ്ട്

കഴിഞ്ഞ  ഓട്ടോ എക്സ്പോയിൽ എസ്ആർ 125 സ്കൂട്ടറിനൊപ്പം സ്റ്റോമും അപ്രീലിയ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് എസ്ആർ 125 അവതരിപ്പിച്ചപ്പോൾ വർഷാവസാനത്തോടെ സ്റ്റോം 125 വിൽപ്പനയ്ക്കെത്തുമെന്നും കമ്പനി സൂചിപ്പിച്ചിരുന്നു. എന്നാൽ സ്കൂട്ടറിന്റെ അവതരണം പുതിയ വർഷത്തിന്റെ മധ്യത്തിലേക്കു നീളുകയായിരുന്നു.അപ്രിലിയയുടെ തർക്കമറ്റ റേസിങ് പാരമ്പര്യത്തിന്റെ പിൻബലത്തോടെ എത്തുന്ന സ്റ്റോമിനു മികച്ച രൂപകൽപ്പന ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്നു പിയാജിയൊ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡീഗൊ ഗ്രാഫി അഭിപ്രായപ്പെട്ടു. ചലനാത്മകമായ ബാഹ്യരൂപത്തിനൊപ്പം ആകർഷക വർണങ്ങളും പ്രത്യേകമായി രൂപകൽപ്പന ചെയ്ത, വീതിയേറിയ ടയറുകളുമൊക്കെയായാണു സ്റ്റോം 125 എത്തുന്നത്. കൂടാതെ മെച്ചപ്പെട്ട സ്ഥിരതയ്ക്കായി മുൻ  പിൻ ടയറുകളിൽ ആനുപാതിക ബ്രേക്ക് വിതരണം ഉറപ്പാക്കാൻ കോംബി ബ്രേക്ക് സംവിധാന(സി ബി എസ്)വും സ്കൂട്ടറിലുണ്ട്. 

മൂന്നു നിറങ്ങളിലാണു ‘സ്റ്റോം 125’ വിൽപ്പനയ്ക്കുണ്ടാവുക: ചുവപ്പ്, മഞ്ഞ, കറുപ്പ്, മൂന്നു വർണങ്ങൾക്കുമൊപ്പം മാറ്റ് ഫിനിഷും ലഭ്യമാവുമെന്നാണു പ്രതീക്ഷ. തന്റേടം തുളുമ്പുന്ന ഗ്രാഫിക്സാവും ‘സ്റ്റോമി’ന്റെ മറ്റൊരു സവിശേഷത.ഗ്രാഫിക്സിലെന്ന പോലെ രൂപകൽപ്പനയിലും ‘എസ് ആർ 125’ സ്കൂട്ടറിനെയാണു ‘സ്റ്റോം 125’ പിന്തുടരുന്നത്; ഡ്രൈവ്ട്രെയ്നും ബ്രേക്കുകളുമൊക്കെ ഇരുമോഡലുകളും പങ്കുവയ്ക്കുന്നുമുണ്ട്. വില കുറയ്ക്കാനാവണം ഗ്രാബ് റെയിലിനു പകരം സീറ്റ് സ്ട്രാപ്പാണ് ‘സ്റ്റോമി’ൽ ഏപ്രിലിയ ലഭ്യമാക്കുന്നത്. 

വീലുകളുടെ കാര്യത്തിലാണ് എസ്ആർ 125 – സ്റ്റോം 125 സ്കൂട്ടറുകൾക്കിടയിലെ പ്രധാന വ്യത്യാസം. എസ് ആർ 125, എസ് ആർ 150’ എന്നിവയിൽ 14 ഇഞ്ച് വീൽ ഇടംപിടിക്കുമ്പോൾ ‘സ്റ്റോമി’ലുള്ളത് പരിഷ്കരിച്ച രൂപകൽപ്പനയുള്ള 12 ഇഞ്ച് വീലാണ്. ‘എസ് ആർ 125’ സ്കൂട്ടറിലെ മൂന്നു വാൽവ്, സിംഗിൾ സിലിണ്ടർ, 125 സി സി എൻജിൻ തന്നെയാണു  ‘സ്റ്റോമി’നും കരുത്തേകുന്നത്. 7,250 ആർ പി എമ്മിൽ 9.5 ബി എച്ച് പി കരുത്തും 6,250 ആർ പി എമ്മിൽ 9.9 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com