ADVERTISEMENT

റോൾസ് റോയ്സ് മോട്ടോർ  കാഴ്സിന്റെ ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ കള്ളിനൻ ഇന്ത്യയിലുമെത്തി. ഫാന്റത്തിന് അടിത്തറയാവുന്ന ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി പ്ലാറ്റ്ഫോമിൽതന്നെ സാക്ഷാത്കരിച്ച കാറിന് 6.95 കോടി രൂപയാണ് ഇന്ത്യയിലെ വില. കള്ളിനനിലൂടെ ഇന്ത്യയിലെ വിൽപ്പനയിൽ വൻ മുന്നേറ്റം കൈവരിക്കാനാവുമെന്നാണു റോൾസ് റോയ്സിന്റെ പ്രതീക്ഷ. അടുത്ത കാലത്തായി യുവാക്കൾ ധാരാളമായി റോൾസ് റോയ്സ് കാറുകൾ വാങ്ങാനെത്തുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. റോൾസ് റോയ്സ് ഉടമസ്ഥരുടെ ശരാശരി പ്രായം 35 വയസ്സോളമായി താഴ്ന്നിട്ടുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. 

അത്യാഡംബര കാറുകളുടെ ഉപയോക്താക്കൾ സമാനമായ എസ് യു വി ആഗ്രഹിച്ചെന്നും ആ മോഹസാക്ഷാത്കാരമാണു കള്ളിനൻ എന്നും റോൾസ് റോയ്സ് സെയിൽസ് മാനേജർ (എഷ്യ പസഫിക്) ഡേവിഡ് കിം അഭിപ്രായപ്പെട്ടു. പുതിയ മോഡലിലൂടെ ഇന്ത്യയിലെ വിൽപ്പനയിൽ ഗണ്യമായ മുന്നേറ്റമാണു കമ്പനി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നിൽ നിന്നുള്ള കാഴ്ചയിൽ തികഞ്ഞ റോൾസ് റോയ്സായ കള്ളിനന് വലിപ്പവുമേറെയാണ്; 5,341 എം എം നീളം, 2,164 എം എം വീതി, ഒപ്പം 3,295 എം എം വീൽബേസും. ബോണറ്റിലെ സ്പിരിറ്റ് ഓഫ് എക്സ്റ്റസിക്കു പുറമെ ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റിനു താഴെയായി വലിപ്പമേറിയ എയർ ഇൻടേക്കുകളുമുണ്ട്. എതിർദിശകളിലേക്കു തുറക്കുന്ന, റോൾസ് റോയ്സ് ശൈലിയിലുള്ള വാതിലുകളാണു കള്ളിനനിലുമുള്ളത്. ക്രോമിയം വാരിയണിഞ്ഞെത്തുന്ന എസ് യു വിയിൽ 22 ഇഞ്ച് അലോയ് വീലുകളുമുണ്ട്. പിന്നിൽ റൂഫ് മൗണ്ടഡ് സ്പോയ്ലർ, കുത്തനെയുള്ള എൽ ഇ ഡി ടെയിൽ ലാംപ്, ഇരട്ട എക്സോസ്റ്റ് പോർട്ട് എന്നിവയുമുണ്ട്.

ഫാന്റത്തിനു സമാനമായ അകത്തളമാണു കള്ളിനനിലുമുള്ളത്. മുന്തിയ നിലവാരമുള്ള ബെസ്പോക്ക് ലതർ, വുഡ് – മെറ്റൽ ട്രിം തുടങ്ങിയവയുള്ള കാബിനിൽ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, അനലോഗ് ക്ലോക്ക് തുടങ്ങിയവയുമുണ്ട്. ഇതിനു പുറമെ റോൾസ് റോയ്സിൽ ഇതാദ്യമായി ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും കള്ളിനനിലുണ്ട്. പിൻസീറ്റ് യാത്രികർക്കായി 12 ഇഞ്ച് സ്ക്രീനുമുണ്ട്. 560 ലീറ്ററാണു ബൂട്ട് സ്പേസ്; പിൻ സീറ്റുകൾ മടക്കിയാൽ സംഭരണസ്ഥലം 1,930 ലീറ്ററോളമാവും.കള്ളിനനു കരുത്തേകുന്നത് 6.75 ലീറ്റർ, വി 12 പെട്രോൾ എൻജിനാണ്; 571 ബി എച്ച് പി കരുത്തും 850 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒപ്പം ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ആദ്യ റോൾസ് റോയ്സുമാണ് കള്ളിനൻ. 

രൂപകൽപ്പനയിലും വികസനത്തിലും പരീക്ഷണ – നിരീക്ഷണത്തിലുമൊക്കെ വർഷങ്ങൾ നീണ്ട സപര്യയുടെ ഫലമാണു കള്ളിനൻ എന്നും കിം അവകാശപ്പെട്ടു. ലോകത്തിലെ എല്ലാത്തരം സാഹചര്യങ്ങളിലും പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണു കള്ളിനന്റെ വരവ്. ഇന്ത്യയിലെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്താൻ സന്നദ്ധനായില്ലെങ്കിലും ആഗോളതലത്തിൽ കഴിഞ്ഞ വർഷം റോൾസ് റോയ്സ് 4,107 കാർ വിറ്റെന്നും അദ്ദേഹം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com