ADVERTISEMENT

മഹീന്ദ്രയുടെ കരുത്തൻ എസ്‌യുവി ഥാറിന്റെ പുതിയ മോഡൽ 700 വിപണിയിൽ. പുതിയ ഥാറിന്റെ 700 എണ്ണം മാത്രമാകും വിൽപ്പനയ്ക്കെത്തുക. ഡൽഹി ഷോറൂമിൽ 9.99 ലക്ഷം രൂപയാണു ഥാർ 700 പ്രത്യേക പതിപ്പിന്റെ വില; സാധാരണ ഥാർ സിആർഡിഇ ഫോർ വീൽ ഡ്രൈവിനെ അപേക്ഷിച്ച് അര ലക്ഷത്തോളം രൂപ അധികമാണിത്. 

രണ്ടു നിറങ്ങളിൽ മാത്രമാണു ഥാർ 700 വിൽപ്പനയ്ക്കെത്തുന്നത്: നാപോളി ബ്ലാക്കും അക്വാ മറീനും. മുൻതലമുറ സ്കോർപിയൊയിലും മാർക്സ്മാനിലുമുണ്ടായിരുന്ന അഞ്ച് സ്പോക്ക്, 15 ഇഞ്ച് അലോയ് വീലാണ് ഈ ഥാറിനായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. ബോണറ്റിൽ കറുപ്പ് ഗ്രാഫിക്സും മുൻ ബംപറിൽ സിൽവർ ഫിനിഷുമൊക്കെയായാണ് ഥാറിന്റെ ഈ സിഗ്നേച്ചർ എഡീഷന്റെ വരവ്. ഒപ്പം വലതുഭാഗത്തെ ഫെൻഡറിലുള്ള പ്രത്യേക ബാഡ്ജിൽ മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കയ്യൊപ്പ് ചാർത്തിയിട്ടുമുണ്ട്. ലതററ്റ് സീറ്റ് കവറുകളാണ് ഈ പരിമിതകാല ഥാറിന്റെ അകത്തളത്തിലെ സവിശേഷത.

ഥാർ 700 എസ് യു വിക്കു കരുത്തേകുന്നത് 2.5 ലീറ്റർ, സി ആർ ഡി ഇ എൻജിനാണ്; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ വിപണിയിലുള്ള മറ്റു ഥാർ പോലെ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ഈ പരിമിതകാല പതിപ്പിലുണ്ട്. അതേസമയം, ഡ്രൈവർ എയർ ബാഗ്, പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയൊന്നും വാഹനത്തിലില്ല; അതുകൊണ്ടുതന്നെ ജൂലൈ ഒന്നിനപ്പുറം ഥാർ നിർമാണം തുടരാൻ മഹീന്ദ്ര ആലോചിക്കുന്നില്ലെന്നു വ്യക്തം.  അടുത്ത വർഷം ഓട്ടോ എക്സ്പോയിൽ അരങ്ങേറുമെന്നു കരുതുന്ന രണ്ടാം തലമുറ ഥാറിന്റെ വികസനം മഹീന്ദ്രയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. 120 മുതൽ 140 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന ഡീസൽ എൻജിനോടെയാവും ഈ ഥാറിന്റെ വരവെന്നാണു പ്രതീക്ഷ. പിന്നീട് പെട്രോൾ എൻജിനുള്ള ഥാറും മഹീന്ദ്ര അവതരിപ്പിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com