sections
MORE

ഒറ്റ ചാർജിൽ 142 കി.മീ ഓടുന്ന ടിഗോർ ഇവി, വില 9.99 ലക്ഷം മുതൽ

tata-tigor-ev
Tata Tigor Ev
SHARE

ടാറ്റ മോട്ടോഴ്സിന്റെ ആദ്യ വൈദ്യുത കാറായ ടിഗൊർ ഇ വിയുടെ വില പ്രഖ്യാപിച്ചു; എക്സ് എം, എക്സ് ടി വകഭേദങ്ങളിൽ ലഭ്യമാവുന്ന കാറിന് 9.99 ലക്ഷം രൂപ മുതൽ 10.90 ലക്ഷം രൂപ വരെയാണു ഷോറൂം വില. തുടക്കത്തിൽ ടാക്സി, ടൂർ ഓപ്പറേറ്റർമാർ ഉൾപ്പെട്ട ഫ്ളീറ്റ് വിഭാഗത്തിനല്ലാതെ സ്വകാര്യ ഉപയോഗത്തിന് ടിഗൊർ ഇവി ലഭ്യമാവില്ല. പത്തു ലക്ഷം രൂപയിലേറെ മൂല്യമുള്ള കാറുകൾക്കു ബാധകമായ ഒരു ശതമാനം അധിക നികുതിയടക്കമുള്ള വിലയാണ് ടിഗൊർ ഇ വിക്ക് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാംഘട്ട പ്രകാരമുള്ള ആനുകൂല്യങ്ങൾക്കു ശേഷമുള്ള വിലയുമാണിത്. 

ടിഗൊർ ഇ വിക്ക് ഫെയിം ഇന്ത്യ പദ്ധതി പ്രകാരം 1.62 ലക്ഷത്തോളം രൂപയുടെ ഇളവാണ് ലഭ്യമാവുക. ചുരുക്കത്തിൽ ഈ സബ്സിഡി ഇല്ലാത്ത പക്ഷം ടിഗൊർ ഇ വിയുടെ വില 11.61 മുതൽ 11.71 ലക്ഷം രൂപയോളം ഉയരുമായിരുന്നു. അതേസമയം, പെട്രോളിൽ ഓടുന്ന ടിഗൊറി’നെ അപേക്ഷിച്ച് നാലു ലക്ഷത്തോളം രൂപ അധികമാണ് ബാറ്ററിയിൽ ഓടുന്ന ടിഗൊറിന്റെ വില. രണ്ട് ഇടത്തരം വകഭേദങ്ങളിൽ മൂന്നു നിറങ്ങളിലാണ് വൈദ്യുത ടിഗൊർ വിപണിയിലുള്ളത്: വെള്ള, നീല, സിൽവർ. മുന്നിൽ ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്), പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങി ജൂലൈ ഒന്നിനു പ്രാബല്യത്തിലെത്തുന്ന അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളോടെയാണു കാറിന്റെ വരവ്. 

സൗകര്യങ്ങളിലും സംവിധാനങ്ങളിലും കാര്യമായ വ്യത്യാസമില്ലെങ്കിലും എക്സ് ടിയിൽ സ്റ്റീൽ വീലിനു പകരം 14 ഇഞ്ച് അലോയ് വീലാണു ടാറ്റ ഘടിപ്പിച്ചിരിക്കുന്നത്. വിലയിലെ പ്രീമിയത്തിന് പവർ അഡ്ജസ്റ്റബ്ൾ വിങ് മിററുകളും ഈ മോഡലിലുണ്ട്. ടാക്സി, ടൂർ മേഖലയുടെ ഉപയോഗത്തിനുള്ള മോഡലുകളുമായി താരതമ്യം ചെയ്താൽ അധിക സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് ടിഗൊർ ഇ വിയുടെ വരവ്. എങ്കിലും സാധാരണ കാറിൽ ബൂട്ടിൽ 419 ലീറ്റർ സംഭരണ സ്ഥലമുള്ളത് ഈ മോഡലിൽ 89 ലീറ്ററായി കുറയും. സാധാരണ ടിഗൊർ എക്സ് എമ്മിലെ പോലെ ബോഡിയുടെ നിറമുള്ള ബംപറും ഡോർ ഹാൻഡിലും, എൽ ഇ ഡി ടെയിൽ ലാംപ്, ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പവർ വിൻഡോ, ബ്ലൂടൂത്ത്, യു എസ് ബി, ഓക്സിലറി കണക്ടിവിറ്റിയുള്ള ഹർമാൻ ഇരട്ട ഡിൻ ഓഡിയോ സംവിധാനം എന്നിവയൊക്കെ ടിഗൊർ ഇ വിയിലുമുണ്ട്. ‌

കാറിനു കരുത്തേകുന്നത് 16.2 കിലോവാട്ട് അവർ ബാറ്ററി പായ്ക്കാണ്; 4,500 ആർ പി എമ്മിൽ 30 കിലോവാട്ട്(ഏകദേശം 41 ബി എച്ച് പി) കരുത്തും 2,500 ആർ പി എമ്മിൽ 105 എൻ എം ടോർക്കുമാണ് കാറിലെ 72 വോൾട്ട്, ത്രീ ഫെയ്സ്, എസി ഇൻഡക്ഷൻ മോട്ടോർ സൃഷ്ടിക്കുക. മുൻ വീൽ ഡ്രൈവ് ലേഔട്ടുള്ള കാറിന് ഓരോ ചാർജിങ്ങിലും 142 കിലോമീറ്റർ റേഞ്ചാണ് ടാറ്റയയുടെ വാഗ്ദാനം. സാധാരണ എ സി സോക്കറ്റ് ഉപയോഗിച്ച് ആറു മണിക്കൂറിനുള്ളിൽ കാറിലെ ബാറ്ററി 80% ചാർജ് ചെയ്യാനാവും. 15 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാർജറിനാവട്ടെ 90 മിനിറ്റിൽ 80% ചാർജ് ഉറപ്പാക്കാനാവും. മൂന്നു വർഷം അഥവാ ഒന്നേകാൽ ലക്ഷം കിലോമീറ്റർ വാറന്റിയാണു കാറിനും ബാറ്ററി പായ്ക്കിനും നിർമാതാക്കളുടെ വാഗ്ദാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA