ADVERTISEMENT

രാജ്യത്ത് ബദൽ ഇന്ധനമായ എഥനോളിൽ ഓടുന്ന ആദ്യ മോട്ടോർ സൈക്കിൾ ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനി പുറത്തിറക്കി. എഥനോൾ കലർത്തിയ പെട്രോൾ ഇന്ധനമാക്കുന്ന അപാച്ചെ ആർ ടി ആർ 200 എഫ് ഐ ഇ 100 ബൈക്കിന് 1.20 ലക്ഷം രൂപയാണു വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണു ടി വി എസ് അപാച്ചെ ആർ ടി ആർ 200 എഫ് ഐയുടെ ഈ പ്രത്യേക പതിപ്പ് ആദ്യമായി പ്രദർശിപ്പിച്ചത്. ഇപ്പോൾ അരങ്ങേറ്റം കുറിച്ച ബൈക്ക് പക്ഷേ ഇന്ധനലഭ്യത പരിഗണിച്ച് മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ മാത്രമാവും വിൽപ്പനയ്ക്കുണ്ടാവുക.

പരിസ്ഥിതി സൗഹൃദമെന്ന സൂചന നൽകാനായി അപാച്ചെ ആർ ടി ആർ 200 എഫ് ഐ ഇ 100 ബൈക്കിനു പച്ച നിറത്തിലുള്ള ഗ്രാഫിക്സാണു ടി വി എസ് തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാഫിക്സിനൊപ്പം എഥനോളിന്റെ ചിഹ്നവും ഇടകലരുന്നുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും മികച്ച ഡ്രൈവബിലിറ്റിയും വേഗമേറിയ ത്രോട്ടിൽ പ്രതികരണവുമൊക്കെ ഉറപ്പാക്കാനുമായി ബൈക്കിൽ ട്വിൻ സ്പ്രേ ട്വിൻ പോർട്ട് ഇ എഫ് ഐ സാങ്കേതികവിദ്യയാണു ടി വി എസ് ഉപയോഗിക്കുന്നത്.

ഇന്ധനം എഥനോളാവുന്നതോടെ 8,500 ആർ പി എമ്മിൽ 21 പി എസ് വരെ കരുത്തും 7,000 ആർ പി എമ്മിൽ 18.1 എൻ എം ടോർക്കുമാണ് ഈ അപാച്ചെയിലെ എൻജിൻ സൃഷ്ടിക്കുക. മണിക്കൂറിൽ 129 കിലോമീറ്റർ വേഗമാണ് ബൈക്കിന് ടി വി എസ് വാഗ്ദാനം ചെയ്യുന്നത്. ഭാവിക്കായി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ സഞ്ചാര സാധ്യതകളാണ് ഇരുചക്രവാഹന വ്യവസായം തേടുന്നതെന്ന് ടി വി എസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ഇതിനായി വൈദ്യുത, സങ്കര ഇന്ധന, ബദൽ ഇന്ധന സാധ്യതകളെല്ലാം നിർമാതാക്കൾ പരിഗണിക്കുന്നുണ്ട്.

ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം എഥനോൾ അടിസ്ഥാനമായ ഉൽപന്നങ്ങൾ സുപ്രധാന സാധ്യതയാണെന്നു ടി വി എസ് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. എഥനോളിലേക്കുള്ള പരിവർത്തനം അനായാസമാണെന്നതും പ്രകടനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാതെ പരിസ്ഥിതി സൗഹൃദമായി മുന്നേറാൻ സാധിക്കുമെന്നതെന്നുമാണ് ഈ ഇന്ധനത്തിന്റെ നേട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. ഇരുചക്രവാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മുന്നേറ്റമാണ് ‘അപാച്ചെ ആർ ടി ആർ 200 എഫ്ഐ ഇ 100’ എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com