ADVERTISEMENT

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഡിസ്കവറിനും പ്ലാറ്റിനയ്ക്കും പിന്നാലെ എൻട്രി വിഭാഗം കമ്യൂട്ടർ ബൈക്കായ സിടിയും 115 സി സി, സിംഗിൾ സിലിണ്ടർ, ഡി ടി എസ് ഐ എൻജിനോടെ വിൽപ്പനയ്ക്കെത്തി. സി ടി 110 എന്നു പേരിട്ട ബൈക്കിന് 37,997 രൂയാണു രാജ്യത്തെ ഷോറൂമുകളിൽ വില. രണ്ടു വകഭേദങ്ങളിലാണ് ബജാജ് സിടി 110 വിൽപ്പനയ്ക്കുള്ളത്: കിക് സ്റ്റാർട്ടും ഇലക്ട്രിക് സ്റ്റാർട്ടും. എല്ലാത്തരം ഭൂപ്രകൃതിക്കും അനുയോജ്യമായ വിധത്തിലാണു ‘സി ടി 110’ ബൈക്കിന്റെ രൂപകൽപ്പനയെന്നാണു ബജാജിന്റെ അവകാശവാദം.

ന്യായമായ വിലയ്ക്കു ദൃഢതയേറിയ ബൈക്ക് മോഹിക്കുന്നവരെയാണു സിടി ശ്രേണി ലക്ഷ്യമിടുന്നതെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോർ സൈക്കിൾ ബിസിനസ്) സാരംഗ് കനഡെ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നിരത്തുകളിൽ മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന ബൈക്കുകൾ അവതരിപ്പിക്കുകയെന്ന അടിസ്ഥാന തത്വത്തിലൂന്നിയാണു കമ്പനി മോഡലുകളിലും സാങ്കേതികവിദ്യകളിലും പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ധനക്ഷമതയുടെയും കരുത്തിന്റെയും മികച്ച കൂട്ടുകെട്ടിലൂടെ അധിക മൂല്യവും കിടയറ്റ പ്രകടനവും ഉറപ്പാക്കാൻ സിടി 110 ബൈക്കിനു സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

ഡിസ്കവറിൽ അരങ്ങേറ്റം കുറിച്ച 115 സി സി എൻജിൻ കഴിഞ്ഞ വർഷമാണു പ്ലാറ്റിനയിൽ ചേക്കേറിയത്. പ്ലാറ്റിനയിലെ പോലെ 5,000 ആർ പി എമ്മിൽ 8.6 പി എസ് വരെ കരുത്തും 9.81 എൻ എം ടോർക്കുമാവും ഈ എൻജിൻ സിടിയിലും സൃഷ്ടിക്കുക. പക്ഷേ പ്ലാറ്റിനയിലെ അഞ്ചു സ്പീഡ് ഗീയർബോക്സിനു പകരം നാലു സ്പീഡ് ഗീയർബോക്സാണു സിടിയുടെ ട്രാൻസ്മിഷൻ. കാഴ്ചയിൽ 100 സി സി എൻജിനുള്ള സിടിയിൽ നിന്നു 115 സി സി എൻജിനുള്ള സിടിയെ വേറിട്ടു നിർത്താനുള്ള നടപടികളു ബജാജ് സ്വീകരിച്ചിട്ടുണ്ട്. 

ടി വി എസ് റായഡിയോണിലെ പോലുള്ള റബർ ടാങ്ക് പാഡ് ഘടിപ്പിച്ചതിനു പുറമെ 115 സിടിയുടെ എൻജിൻ, ഗീയർബോക്സ്, ഫോർക്ക്, വീൽ തുടങ്ങിയവ കറുപ്പ് നിറത്തിലാക്കുകയും ചെയ്തു. വലിപ്പമേറിയ ക്രാഷ് ഗാർഡ്, റബർ മിറർ കവർ, അപ്സ്വെപ്റ്റ് എക്സോസ്റ്റ്, സീറ്റിന് കട്ടികൂടിയ പാഡിങ് തുടങ്ങിയവയാണു മറ്റു പരിഷ്കാരങ്ങൾ. സെമി നോബി ടയറോടെ എത്തുന്ന ബൈക്കിൽ അധിക ഗ്രൗണ്ട് ക്ലിയറൻസും ഘടിപ്പിച്ചിട്ടുണ്ട്.  മൂന്നു നിറങ്ങളിലാണു സിടി 110 വിൽപ്പനയ്ക്കെത്തുക: മഞ്ഞ ഗ്രാഫിക്സോടെ മാറ്റ് ഒലീവ് ഗ്രീൻ, നീല ഗ്രാഫിക്സോടെ ഗ്ലാസ് എബണി ബ്ലാക്ക്, തിളക്കമുള്ള ചുവപ്പ് ഗ്രാഫിക്സ് സഹിതം ഗ്ലോസ് ഫ്ളെയിം റെഡ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com