ADVERTISEMENT

വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യുടെ സി എൻ ജി കിറ്റ് സഹിതം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) പുറത്തിറക്കി. സമ്മർദിത പ്രകൃതി വാതകത്തിൽ ഓടുന്ന ‘എർട്ടിഗ’യ്ക്കൊപ്പം  ടാക്സി പതിപ്പായ എർട്ടിഗ ടൂർ എമ്മിലും മാരുതി സുസുക്കി സി എൻ ജി കിറ്റ് ഘടിപ്പിച്ചു. എർട്ടിഗ സി എൻ ജിക്ക് 8.88 ലക്ഷം രൂപയും ‘എർട്ടിഗ ടൂർ എം സി എൻ ജി’ക്ക് 8.83 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിൽ വില. പെട്രോൾ എൻജിനുള്ള ഇടത്തരം വകഭേദമായ ‘എർട്ടിഗ വി എക്സ് ഐ’യെ അപേക്ഷിച്ച് 71,000 രൂപ അധികമാണു സി എൻജി കിറ്റുള്ള പതിപ്പിനു വില; സി എൻ ജി കിറ്റുള്ള എർട്ടിഗ ടൂർ എമ്മിനാവട്ടെ സാധാരണ കാറിനെ അപേക്ഷിച്ച് 66,000 രൂപ വിലക്കൂടുതലുണ്ട്. 

ഏഴു പേർക്കു യാത്രാസൗകര്യമുള്ള എർട്ടിഗയിൽ ലഗേജ് ബേ ഫ്ലോറിനു താഴെയായി 10.86 കിലോഗ്രാം (അഥവാ 60 ലീറ്റർ ജലത്തിനു തുല്യം) സംഭരണ ശേഷിയുള്ള സി എൻ ജി ടാങ്കാണു ഘടിപ്പിച്ചിരിക്കുന്നത്. സി എൻ ജി വകഭേദത്തിനു കിലോഗ്രാമിന് 26.20 കിലോമീറ്ററാണു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ‘എർട്ടിഗ’യുടെ ഇടത്തരം വകഭേദമായ ‘വി എക്സ് ഐ’ മാത്രമാണ് സി എൻ ജി ടാങ്കോടെ വിൽപനയ്ക്കുള്ളത്; ‘എർട്ടിഗ ടൂർ എമ്മി’ലും ‘വി എക്സ് ഐ’ മാത്രമാണ് സി എൻ ജി വകഭേദത്തിൽ ലഭിക്കുക. 

പവർ സ്റ്റീയറിങ്, മുൻ - പിൻ പവർ വിൻഡോ, റിമോട്ട് സെൻട്രൽ ലോക്കിങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ - ഫോൾഡബ്ൾ ഒ വി ആർ എം, മുന്നിൽ ഇരട്ട എയർ ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, പിന്നിൽ പാർക്കിങ് സെൻസർ, ബ്ലൂടൂത്ത്, ഓക്സിലറി, യു എസ് ബി കണക്ടിവിറ്റിയുള്ള ഓഡിയോ സംവിധാനം, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ -കോൾ കൺട്രോൾ, നാലു സ്പീക്കർ, ആദ്യ രണ്ടു നിരയിലും 12 വോൾട്ട് പവർ സോക്കറ്റ്, മൂന്നു നിര സീറ്റിലും ഹെഡ്റസ്റ്റ്, ഇരട്ട വർണ ഡാഷ് ബോഡ് തുടങ്ങിയവയൊക്കെ കാറുകളിലുണ്ട്. ‘എർട്ടിഗ ടൂർ എമ്മി’ന്റെ പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

‘എർട്ടിഗ സി എൻ ജി’ക്കു കരുത്തേകുന്നത് 1.5 ലീറ്റർ, കെ 15 ബി പെട്രോൾ എൻജിനാണ്; പെട്രോളിൽ 105 ബി എച്ച് പിയോളം കരുത്തും 138 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.. പക്ഷേ ഇന്ധനം സി എൻ ജിയാവുന്നതോടെ പരമാവധി കരുത്ത് 92 ബി എച്ച് പിയും ടോർക്ക് 122 എൻ എമ്മുമായി കുറയും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. എസ് എച്ച് വി എസ് സ്മാർട് ഹൈബ്രിഡ് സംവിധാനമുള്ള എൻജിനൊപ്പം മാരുതി സുസുക്കി സി എൻ ജി കിറ്റ് ലഭ്യമാക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com