ADVERTISEMENT

പോർഷെയുടെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ മക്കാന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; 69.98 ലക്ഷം രൂപ മുതലാണു 2019 മക്കാന്റെ ഷോറൂം വില. മക്കാൻ, മക്കാൻ എസ് എന്നീ വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള എസ് യു വിയുടെ മുന്തിയ പതിപ്പിന്റെ ഷോറൂം വില 85.03 ലക്ഷം രൂപയാണ്.നിലവിലുള്ള മക്കാനെ അപേക്ഷിച്ച് 10.40 ലക്ഷം രൂപ വിലക്കിഴിവോടെയാണു പരിഷ്കരിച്ച പതിപ്പിന്റെ വരവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ ഔഡി ‘ക്യു ഫൈവ്’, ജഗ്വാർ ‘എഫ് പേസ്’ തുടങ്ങിയവയോടാണ് മക്കാന്റെ മത്സരം.

porsche-macan-3
Porsche Macan

പോർഷെയുടെ സമകാലിക ഡിസൈൻ ഭാഷയോടു നീതി പുലർത്തുംവിധത്തിൽ രൂപകൽപ്പനയിലെ മാറ്റത്തോടെയാണ് ‘2019 മക്കാൻ’ എത്തുന്നത്. സ്പോർട്ടി ശൈലിയിൽ നവീകരിച്ച മുൻ ഗ്രിൽ, പരിഷ്കരിച്ച എൽ ഇ ഡി ഹെഡ്ലാംപ്, 21 ഇഞ്ച് വീൽ തുടങ്ങിയവയൊക്കെ കാറിലുണ്ട്. പുതിയ ‘കയീൻ’, ‘911’ എന്നിവയിലെ പോലെ പോർഷെ ചിഹ്നവുമായി സംയോജിപ്പിച്ച എൽ ഇ ഡി ടെയിൽലൈറ്റുകളാണു ‘മക്കാനി’ലുമുള്ളത്. നാലു നിറങ്ങളിലാണു കാർ വിൽപ്പനയ്ക്കുള്ളത്: മംബ ഗ്രീൻ മെറ്റാലിക്, ഡോളൊമൈറ്റ് സിൽവർ മെറ്റാലിക്, മിയാമി ബ്ലൂ, ക്രയോൺ. 

porsche-macan-2
Porsche Macan

പുതിയ മക്കാന്റെ അകത്തളത്തിലും പരിഷ്കാരങ്ങൾക്കു പഞ്ഞമില്ല; പുത്തൻ രൂപകൽപ്പനയുള്ള ഡാഷ്ബോഡിൽ വലിപ്പമേറിയ, 10.9 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം ഇടംപിടിക്കുന്നു. പോർഷെ കമ്യൂണിക്കേഷൻ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം ആപ്പ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെയാണ് ഈ സംവിധാനത്തിന്റെ വരവ്.കാറിലെ ത്രീ സ്പോക്ക് സ്റ്റീയറിങ് വീൽ ‘911’ൽ നിന്നു കടംകൊണ്ടതാണ്. ഒപ്പം മറ്റു മോഡലുകളിലെ പോലെ ഇരട്ട ഡിജിറ്റൽ സ്ക്രീൻ, ഗീയർ ഷിഫ്റ്ററിനു ചുറ്റുമുള്ള ടച് കൺട്രോൾ തുടങ്ങിയവയും ‘മക്കാനി’ലുണ്ട്. ഓൺലൈൻ നാവിഗേഷൻ, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ തുടങ്ങിയവയും കാറിലുണ്ട്.

porsche-macan-1
Porsche Macan

പുതിയ മക്കാനു കരുത്തേകുന്നത് രണ്ടു ലീറ്റർ, ടർബോ ചാർജ്ഡ്, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ്. 252 ബി എച്ച് പിയോളം കരുത്തും 370 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സ്പോർട് ക്രോണോ പാക്കേജിന്റെ പിൻബലത്തിൽ 6.7 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെക്കു കുതിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 227 കിലോമീറ്ററാണ്. അതേസമയം ‘മക്കാൻ എസി’നു കരുത്തേകുന്നത് മൂന്നു ലീറ്റർ, ഇരട്ട ടർബോ, വി സിക്സ് പെട്രോൾ എൻജിനാണ്; 354 ബി എച്ച് പിയോളം കരുത്തും 480 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 5.3 സെക്കൻഡിനകം നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുന്നകാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 254 കിലോമീറ്ററാണ്. ഇരു മോഡലുകളിലും ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ്; ഒപ്പം ഓൾ ഡ്രൈവ് സംവിധാനവും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com