ADVERTISEMENT

വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒകിനാവ ഓട്ടോ ടെക്കിന്റെ പുതിയ സ്കൂട്ടറായ പ്രെയ്സ് പ്രോ വിപണിയിലെത്തി; 71,990 രൂപയാണു സ്കൂട്ടറിന്റെ ഷോറൂം വില. പ്രെയ്സ് ശ്രേണിയിൽ ഒകിനാവ അവതരിപ്പിക്കുന്ന മൂന്നാമതു മോഡലാണു പ്രോ.  വിലയിൽ ഐ പ്രെയ്സിനു താഴെയാണ് പ്രോ ഇടംപിടിക്കുന്നത്. ഗ്ലോസി റെഡ് ബ്ലാക്ക്, ഗ്ലോസി സ്പാർക്ൾ ബ്ലാക്ക് നിറങ്ങളിലാണു സ്കൂട്ടർ വിൽപ്പനയ്ക്കുള്ളത്. 

അഴിച്ചെടുക്കാവുന്ന വിധത്തിലുള്ള, രണ്ടു കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററിയും ഒരു കിലോവാട്ട് ബ്രഷ്രഹിത ഡി സി  വൈദ്യുത മോട്ടോറു(ബി എൽ ഡി സി)മായാണ് പ്രെയ്സ് പ്രോയുടെ വരവ്. വെള്ളം കയറാത്ത രീതിയിലാണു മോട്ടോറിന്റെ രൂപകൽപ്പനയെന്നും ഒകിനാവ അവകാശപ്പെടുന്നുണ്ട്. പരമാവധി 2.5 കിലോവാട്ട് കരുത്ത് സൃഷ്ടിക്കുന്ന മോട്ടോർ ഘടിപ്പിച്ച സ്കൂട്ടറിൽ മൂന്നു വിധത്തിലുള്ള റൈഡിങ് മോഡുകളാണ് ലഭ്യമാക്കിയിരിക്കുന്നത്: ഇക്കോണമി(മണിക്കൂറിൽ 30 — 35 കിലോമീറ്റർ വേഗം), സ്പോർട്(വേഗം 50 — 60 കിലോമീറ്റർ), ടർബോ(പരമാവധി വേഗം 70 കിലോമീറ്റർ വരെ).

ഇക്കോണി വ്യവസ്ഥയിൽ സ്കൂട്ടർ ഓരോ തവണ ചാർജ് ചെയ്താലും 110 കിലോമീറ്റർ വരെ ഓടുമെന്നാണ് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തുന്നത്; സ്പോർട് രീതിയിലുള്ള സഞ്ചാര പരിധി 88 കിലോമീറ്ററാണ്. പരീക്ഷണ സാഹചര്യത്തിൽ രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ സമയമെടുത്താണു ബാറ്ററി പൂർണ തോതിൽ ചാർജ് ചെയ്തതെന്നും ഒകിനാവ വെളിപ്പെടുത്തുന്നു. സാധാരണ വീട്ടിൽ ലഭ്യമായ പ്ലഗ് പോയിന്റിൽ ചാർജ് ചെയ്യാവുന്ന രീതിയിലാണു സ്കൂട്ടറിന്റെ ചാർജറിന്റെ ഘടന.

മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറുമാണ് പ്രെയ്സ് പ്രോയുടെ സസ്പെൻഷൻ. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും ലഭ്യമാണ്. എൽ ഇ ഡി ലൈറ്റുകളാണ് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. അലാം, ഫൈൻഡ് മൈ സ്കൂട്ടർ ഫംക്ഷൻ, യു എസ് ബി ചാർജിങ് പോയിന്റ് എന്നിവയ്ക്കൊപ്പം വോക്ക് അസിസ്റ്റ് സംവിധാനവും ഒകിനാവ ഈ സ്കൂട്ടറിൽ ലഭ്യമാക്കുന്നു; പാർക്കിങ്ങിൽ നിന്നു സ്കൂട്ടർ പുറത്തെടുക്കുമ്പോൾ സ്കൂട്ടറിലെ മോട്ടോർ മണിക്കൂറിൽ അഞ്ചു കിലോമീറ്റർ വേഗത്തിൽ വാഹനം ചലിപ്പിക്കുന്ന സംവിധാനമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com