ബ്ലൂടൂത്ത് കണക്ടിവിറ്റിയുമായി ജുപ്പീറ്റർ ഗ്രാൻഡെ, വില 62,436 രൂപ

jupiter-grande
TVS Jupiter Grande
SHARE

ദീപാവലി, നവരാത്രി ഉത്സവാഘോഷത്തിനു മുന്നോടിയായി ഗീയർരഹിത സ്കൂട്ടറായ ടി വി എസ് ജുപ്പീറ്ററിന്റെ മുന്തിയ വകഭേദമായ ജുപ്പീറ്റർ ഗ്രാൻഡെ വിപണിയിൽ തിരിച്ചെത്തി. ബ്ലൂടൂത്ത് കണക്ടിവിറ്റിയും പുത്തൻ നിറക്കൂട്ടുമൊക്കെയായി മടങ്ങിയെത്തിയ ജുപ്പീറ്റർ ഗ്രാൻഡെയ്ക്കെ 62,436 രൂപയാണു ഡൽഹിയിലെ ഷോറൂം വില. കഴിഞ്ഞ തവണത്തേതിൽ നിന്നു വ്യത്യസ്തമായി ഇക്കുറി ഡിസ്ക് ബ്രേക്കോടെ മാത്രമാണു ‘ജുപ്പീറ്റർ ഗ്രാൻഡെ’ ലഭ്യമാവുക. മാത്രമല്ല, 62,346 രൂപ നിലവാരത്തിൽ ബ്ലൂടൂത്ത് കൺസോൾ സഹിതമെത്തുന്ന ‘ഗ്രാൻഡെ’ ഈ ശ്രേണിയിലെ ഏറ്റവും വിലയേറിയ സ്കൂട്ടറുമാവും. ടി വി എസ് ‘ജൂപ്പീറ്റർ ഗ്രാൻഡെ ഡിസ്ക് എസ് ബി ടി’യെ അപേക്ഷിച്ച് 2,446 രൂപയും ‘ജുപ്പീറ്റർ’ അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് 8,855 രൂപയും അധികമാണു പുത്തൻ ഗ്രാൻഡെയുടെ വില. 

ബ്ലൂടൂത്ത് അധിഷ്ഠിത ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ആണു സ്കൂട്ടറിന്റെ പ്രധാന ആകർഷണം; വാഹന വേഗത്തിനും പിന്നിട്ട ദൂരവുമടക്കം ഒട്ടേറെ വിവരങ്ങൾ ഈ സംവിധാനത്തിൽ ലഭ്യമാവും. ‘എൻ ടോർക്കി’ലുള്ളത്ര സമഗ്രമായ സംവിധാനമല്ലെങ്കിലും ട്രിപ് മീറ്ററിനും ഓഡോമീറ്ററിനുമപ്പുറം കോൾ, ടെക്സ്റ്റ് നോട്ടിഫിക്കേഷനും അമിത വേഗം സംബന്ധിച്ച മുന്നറിയിപ്പുമൊക്കെ ഇതിൽ ഇടംപിടിക്കുന്നു. വാഹന ഉടമകൾ സ്വന്തം മൊബൈൽ ഫോണിൽ ‘ടി വി എസ് കണക്ട്’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു വേണം സ്കൂട്ടറിലെ ബ്ലൂടൂത്ത് അധിഷ്ഠിത സംവിധാനം പ്രവർത്തനക്ഷമമാക്കാൻ. മാത്രമല്ല, 110 സി സി വിഭാഗത്തിൽ ഈ സൗകര്യങ്ങൾ ലഭ്യമാവുന്ന ആദ്യ സ്കൂട്ടറെന്ന പെരുമയും ‘ജുപ്പീറ്റർ ഗ്രാൻഡെ’യ്ക്കു തന്നെ.

ബീജ് നിറത്തിലുള്ള പാനലിനൊപ്പം ഇളം നീല നിറക്കൂട്ടാണു പുത്തൻ ‘ഗ്രാൻഡെ’യിലെ മറ്റൊരു സവിശേഷത. ക്രോസ് സ്റ്റിച് പാറ്റേൺ സഹിതം മറൂൺ നിറമുള്ള സീറ്റും സ്കൂട്ടറിലുണ്ട്. ഇരട്ട വർണമുള്ള, എംബോസ് ചെയ്ത ലോഗോ സഹിതമാണു പുതു ‘ഗ്രാൻഡെ’യുടെ വരവ്.  മുൻതലമുറയെ പോലെ എൽ ഇ ഡി ഹെഡ്ലൈറ്റ്, മെഷീൻ ഫിനിഷ് അലോ്യ വീൽ, റിയർ വ്യൂ മിററിൽ ക്രോം സ്പർശം എന്നിവയൊക്കെ ഈ സ്കൂട്ടറിലുമുണ്ട്. അതേസമയം, മുൻ മോഡലിന്റെ ഏപ്രണിലുണ്ടായിരുന്ന ക്രോമിയം സ്പർശം ഈ സ്കൂട്ടറിലില്ല.

സ്കൂട്ടറിനു കരുത്തേകുക 109.7 സി സി, സിംഗിൾ സിലിണ്ടർ എൻജിനാവും; എട്ടു ബി എച്ച് പിയോളം കരുത്തും 8.4 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിലവിൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള എൻജിനോടെയാണു ‘ഗ്രാൻഡെ’യുടെ വരവ്. മിക്കവാറും അടുത്ത ഏപ്രിലോടെ ബി എസ് ആറ് നിലവാരമുള്ള എൻജിൻ സഹിതം ‘ജൂപ്പീറ്റർ ഗ്രാൻഡെ’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA