കുതിക്കാൻ കെടിഎം ഡ്യൂക്ക് 790; വില 8.64 ലക്ഷം

HIGHLIGHTS
  • ബൈക്കിനു കരുത്തേകുന്നത് 799 സിസി, പാരലൽ ട്വിൻ എൻജിനാണ്
  • 105 ബിഎച്ച്പി കരുത്തും 86 എൻ എം ടോർക്കും
duke-790
KTM Duke 790
SHARE

കെടിഎമ്മിന്റെ മിഡിൽ വെയ്റ്റ് സ്പോർട് നേക്കഡ് മോട്ടോർ സൈക്കിളായ 790 ഡ്യൂക്ക് ഇന്ത്യൻ വിപണിയിൽ. 8.64 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില.  ഇന്ത്യയിൽ കെടിഎം ശ്രേണിയിൽ വിൽപനയ്ക്കുള്ള ഏറ്റവും കരുത്തുറ്റതും വിലയേറിയതുമായ മോഡലുമായി 790 ഡ്യൂക്ക്. ആദ്യ ഘട്ടത്തിൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റജ് നാല്(ബിഎസ്നാല്) നിലവാരം പാലിക്കുന്ന 790 ഡ്യൂക്ക് ആണു വിൽപനയ്ക്കെത്തിയിരിക്കുന്നത്. 

duke-790-2
KTM Duke 790

ബൈക്കിനു കരുത്തേകുന്നത് 799 സിസി, പാരലൽ ട്വിൻ എൻജിനാണ്. 105 ബിഎച്ച്പി കരുത്തും 86 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മുന്നിൽ 43 എം എം, അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രീ ലോഡ് മോണോ ഷോക്കുമാണു സസ്പെൻഷൻ. തിൻ ഫിലിം ട്രാൻസിസ്റ്റർ (ടിഎഫ്ടി) ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ, സൂപ്പർമോട്ടോ മോഡ് സഹിതം ബോഷ് കോണറിങ് എ ബി എസ്, ലീൻ ആംഗിൾ സെൻസിങ് ട്രാക്ഷൻ കൺട്രോൾ, ലോഞ്ച് കൺട്രോൾ, ബൈ ഡയറക്ടഷനൽ ക്വിക് ഷിഫ്റ്റർ, കസ്റ്റമൈസ് ചെയ്യാവുന്ന ട്രാക്ക് മോഡ് സഹിതം നാലു റൈഡ് മോഡ് തുടങ്ങിയവ ഉൾപ്പെട്ട സമഗ്രമായ ഇലക്ട്രോണിക് സുരക്ഷാ പാക്കേജ് എന്നിവ 790 ഡ്യൂക്കിന്റെ സവിശേഷതയാണ്. 

നിലവിൽ മുംബൈ, ഡൽഹി, ബെംഗളൂരു, പുണെ, കൊൽക്കത്ത, ഹൈദരബാദ്, സൂറത്ത്, ഗുവാഹത്തി, ചെന്നൈ നഗരങ്ങളിൽ മാത്രമാണു ഡ്യൂക്ക് 790 ലഭ്യമാവുക. ഏപ്രിലോടെ രാജ്യത്തെ മുപ്പതോളം നഗരങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു കെടിഎം ലക്ഷ്യമിട്ടിരിക്കുന്നത്. വില പരിഗണിക്കുമ്പോൾ എതിരാളികളെ അപേക്ഷിച്ചു പ്രീമിയം നിരക്കിലാണു കെടിഎം ഡ്യൂക്ക് 790 വിപണിയിലെത്തിച്ചിരിക്കുന്നത്. സുസുക്കി ജിഎസ്എക്സ്– എസ് 750 (വില: 7.46 ലക്ഷം രൂപ), കാവസാക്കി സീ 900(7.70 ലക്ഷം) എന്നിവയെ അപേക്ഷിച്ചു ഡ്യൂക്കിനു വിലയേറും. എന്നാൽ യൂറോപ്യൻ എതിരാളികളായ സ്ട്രീറ്റ് ട്രിപ്ൾ എസ്(വില: 9.19 ലക്ഷം രൂപ), ഡ്യുകാറ്റി മോൺസ്റ്റർ 821(10.99 ലക്ഷം) എന്നിവയുമായി താരതമ്യം ചെയ്താൽ 790 ഡ്യൂക്കിനു വില കുറവാണ്. 

duke-790-1
KTM Duke 790

ഇന്ത്യയിലെ സൂപ്പർ ബൈക്ക് വിഭാഗത്തിലേക്കുള്ള കെടിഎമ്മിന്റെ അരങ്ങേറ്റമാണ് 790 ഡ്യൂക്ക് അവതരണമെന്നു ബജാജ് ഓട്ടോ പ്രോ ബൈക്കിങ് പ്രസിഡന്റ് സുമീത് നാരംഗ് അഭിപ്രായപ്പെട്ടു. 300 സി സിയിലേറെ എൻജിൻ ശേഷിയും മൂന്നു ലക്ഷം രൂപയിലേറെ വിലയുമുള്ള ബൈക്കുകളാണു സൂപ്പർ ബൈക്ക് വിഭാഗത്തിൽ ഇടംപിടിക്കുന്നത്; വിപണന ശൃംഖലയിലെ പരിമിതി മൂലം ഈ വിഭാഗത്തിലെ വിൽപനയും പരിമിതമാണെന്നു നാരംഗ് വിലയിരുത്തുന്നു. 360 നഗരങ്ങളിലായി കെ ടി എമ്മിനു 460 ഷോറൂമുകളുള്ളതിനാൽ ഈ പരിമിതി മറികടക്കാനും മികച്ച വിൽപന വളർച്ച കൈവരിക്കാനുമാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

കഴിഞ്ഞ സാമ്പത്തിക വർഷം അര ലക്ഷത്തോളം ബൈക്കാണു കെടിഎം ഇന്ത്യയിൽ വിറ്റത്; ഇതുവരെയുള്ള മൊത്തം വിൽപനയാവട്ടെ രണ്ടു ലക്ഷം യൂണിറ്റും പിന്നിട്ടു. വാഹന വിപണി മൊത്തത്തിൽ തിരിച്ചടി നേരിടുകയാണെങ്കിലും ഇന്ത്യയിലെ കെ ടി എം വിൽപന മുൻ വർഷത്തെ അപേക്ഷിച്ച് 30% വളർച്ച കൈവരിച്ചെന്നും നാരംഗ് അവകാശപ്പെട്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA