വില കുറഞ്ഞ ഓട്ടമാറ്റിക്ക് വകഭേദവുമായി മഹീന്ദ്രയുടെ ചെറു എസ്‌യുവി

mahindra-xuv300-4
Mahindra XUV 300
SHARE

ഉത്സവകാലത്തിനു മുന്നോടിയായി  എക്സ്‌യുവി 300 കോംപാക്ട് എസ്‌യുവിക്ക് പുത്തൻ എൻട്രി ലവൽ ഡീസൽ ഓട്ടമാറ്റിക് വകഭേദവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). മാഗ്നെറ്റി മാരെല്ലി  നിർമിച്ച ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമെത്തുന്ന എക്സ്‌യു‌വി 300 ഡീസലിന്റെ ഡബ്ല്യു സിക്സ് വകഭേദത്തിനു 9.99 ലക്ഷം രൂപയാണു മുംബൈയിലെ ഷോറൂം വില.

എഎംടി സഹിതം വിൽപ്പനയ്ക്കെത്തുന്ന എക്സ് യു വി 300 ഡബ്ല്യു എയ്റ്റിനെ അപേക്ഷിച്ച് 1.50 ലക്ഷത്തോളം രൂപ വിലക്കുറവിലാണ് എക്സ്‌യുവി 300 ഡബ്ല്യു സിക്സ് എഎ ടിയുടെ വരവ്. അതേസമയം ഡബ്ല്യു സിക്സിന്റെ മാനുവൽ ട്രാൻസ്മിഷൻ പതിപ്പിനെ അപേക്ഷിച്ച് അര ലക്ഷത്തോളം രൂപ വില അധികവുമാണ്. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ടോർക്കാണ് എക്സ്‌യുവി 300 ഡബ്ല്യു സിക്സ് എ‌എം‌ടി വാഗ്ദാനം ചെയ്യുന്നത്: 300 എൻ എം. ഇലക്ട്രോണിക് വേരിയബിൾ ജ്യോമട്രി ടർബോ ചാർജർ സഹിതമെത്തുന്ന 1.5 ലീറ്റർ, നാലു സിലിണ്ടർ ടർബോ ഡീസൽ എൻജിന് പരമാവധി 85.8 കിലോവാട്ട്(അഥവാ 116.6 പി എസ്) കരുത്തും സൃഷ്ടിക്കാനാവും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം(ഇ എസ് പി), ഹിൽ സ്റ്റാർട് അസിസ്റ്റ്, ഇ ബി ഡിക്കൊപ്പം എ ബി എസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, പ്ഡീസ് അലർട്ട് സംവിധാനം, മുൻസീറ്റ് യാത്രികർക്കു സീറ്റ്  ബെൽറ്റ് റിമൈൻഡർ, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവവ സഹിതമാണ് ഈ എക്സ്‌യുവി 300 എത്തുന്നത്. 

ഈ വിഭാഗത്തിലെ പുതുമകളായ ഡ്യുവൽ സോൺ ഫുള്ളി ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മുൻ പാർക്കിങ് സെൻസർ എന്നിവയോടെ എത്തുന്ന എക്സ്‌യുവി 300 ഡീസലിനു പുറമെ പെട്രോൾ എൻജിൻ സഹിതവും വിൽപനയ്ക്കുണ്ട്. മികച്ച സുരക്ഷയ്ക്കായി ഡ്രൈവറുടെ കാൽമുട്ടിനു സംരക്ഷണം നൽകാനുള്ള നീ എയർബാഗ് സഹിതം ഏഴു എയർബാഗുകളും ഈ എസ് യു വിയിലുണ്ട്. കൂടാതെ എക്സ്‌യുവി 300 വകഭേദങ്ങളിലെല്ലാം നാലു വീലിലും ഡിസ്ക് ബ്രേക്കും ലഭ്യമാണ്. 

കടുത്ത മത്സരം നേരിടുന്ന കോംപാക്ട് എസ് യു വി വിപണിയിൽ ടാറ്റ നെക്സൻ, ഫോഡ് ഇകോ സ്പോർട്, മാരുതി സുസുക്കി വിറ്റാര ബ്രേസ എന്നിവയോടാണ് എക്സ്‌യുവി 300 മത്സരിക്കുന്നത്. എന്നിട്ടും പ്രതിമാസം 3,000 – 4,000 യൂണിറ്റ് വിൽപ്പന കൈവരിക്കാൻ ഈ മോഡലിന് സാധിക്കുന്നുണ്ടെന്നാണു മഹീന്ദ്രയുടെ കണക്ക്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA