ഗ്ലാൻസയുടെ വില കുറഞ്ഞ മോഡലുമായി ടൊയോട്ട

glanza
Glanza
SHARE

പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാൻസയിൽ വില കുറഞ്ഞ മോഡലുമായി ടൊയോട്ട. മാരുതി സുസുക്കി ഇന്ത്യ മോഡലായ ബലേനൊയുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമായ ഗ്ലാൻസയുടെ അടിസ്ഥാന വകഭേദം ഇതുവരെ 1.2 ലീറ്റർ, കെ 12 എൻ ഡ്യുവൽ ജെറ്റ് മൈൽഡ് ഹൈബ്രിഡ് പവർട്രെയ്ൻ സഹിതം മാത്രമാണു വിൽപനയ്ക്കുണ്ടായിരുന്നത്.  എന്നാൽ വിൽപന അഞ്ചാം മാസത്തിലേക്കു കടക്കുന്ന ഘട്ടത്തിൽ മൈൽഡ് ഹൈബ്രിഡ് സംവിധാനം ഒഴിവാക്കിയ 1.2 ലീറ്റർ, കെ 12 എം എൻജിനോടെ ഗ്ലാൻസയ്ക്കു പുതിയ അടിസ്ഥാന വകഭേദം അവതരിപ്പിച്ചിരിക്കുകയാണു ടി കെ എം. 6.98 ലക്ഷം രൂപയാണു ഗ്ലാൻസ ജി എം ടിയുടെ ഡൽഹിയിലെ ഷോറൂം വില. നിലവിലുള്ള ജി സ്മാർട് ഹൈബ്രിഡ് വകഭേദത്തെ അപേക്ഷിച്ച് 24,000 രൂപ കുറവാണിത്.

വിലയിലെന്ന പോലെ ഇന്ധനക്ഷമതയിലും സ്മാർട് ഹൈബ്രിഡ് എൻജിനുള്ള വകഭേദത്തിനു പിന്നിലാണ്‘ഗ്ലാൻസ ജി എം ടിയുടെ സ്ഥാനം. കാറിലെ കെ 12 എം എൻജിനു പെട്രോൾ ലീറ്ററിന് 21.01 കിലോമീറ്ററാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സ്മാർട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ പിൻബലമുള്ള കെ 12 എൻ എൻജിന്റെ ഇന്ധനക്ഷമതയാവട്ടെ ലീറ്ററിന് 23.87 കിലോമീറ്ററാണ്.

ബലേനൊയുടെ സീറ്റ, ആൽഫ പതിപ്പുകളെ അടിത്തറയാക്കി ജി, വി വകഭേദങ്ങളിലാണു ഗ്ലാൻസ വിപണിയിലുള്ളത്. ഇതിൽ മുന്തിയ വകഭേദമായ വി എം ടി കെ 12 എം എൻജിനോടെ മാത്രമാണു ലഭ്യമാവുക; അടിസ്ഥാന വകഭേദമായ ജി ആവട്ടെ ഡ്യുവൽ ജെറ്റ് സ്മാർട് ഹൈബ്രിഡ് എൻജിനോടെയും. 

‘ബലേനൊ’യുടെ സമാന പതിപ്പുകളുമായുള്ള വില വ്യത്യാസം മുൻനിർത്തിയാണു ടൊയോട്ടയുടെ ഈ തീരുമാനമെന്നു വേണം കരുതാൻ. ‘ബലേനൊ സീറ്റ’ വകഭേദമാണ് ‘ഗ്ലാൻസ ജി’യുടെ അടിസ്ഥാനം; കെ 12 എം എൻജിൻ കരുത്തേകുന്നതിനാൽ ‘ബലേനൊ സീറ്റ’യെ അപേക്ഷിച്ച് ‘ഗ്ലാൻസ ജി എം ടി’ക്ക് 7,000 രൂപയോളം വിലക്കുറവുണ്ട്. അതേസമയം സ്മാർട് ഹൈബ്രിഡ് എൻജിനുള്ള ‘ബലേനൊ സീറ്റ’യും ‘ഗ്ലാൻസ ജി എം ടി’യുമായുള്ള വിലവ്യത്യാസമാവട്ടെ 65,000 രൂപയോളമാണ്.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എൻജിനുകളാണു ‘ഗ്ലാൻസ’യ്ക്കു കരുത്തേകുന്നത്. കാറിലെ 1.2 ലീറ്റർ, കെ 12 എം എൻജിൻ 83 ബി എച്ച് പിയോളം കരുത്തും 113 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക;  മൈൽഡ് ഹൈബ്രിഡ് സംവിധാനം സഹിതമെത്തുന്ന 1.2 ലീറ്റർ കെ 12 എൻ ഡ്യുവൽജെറ്റ് എൻജിനാവട്ടെ 90 ബി എച്ച് പി കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവൽ, സി വി ടി ഗീയർബോക്സുകളാണു ‘ഗ്ലാൻസ’യിലെ ട്രാൻസ്മിഷൻ സാധ്യതകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA