സ്പോർട്ടി ലുക്കിൽ ബൊലേറൊ പവർ പ്ലസ് പ്രത്യേക പതിപ്പ്, പുറത്തിറങ്ങുക 1000 എണ്ണം മാത്രം

bolero-power-plus
Mahindra Bolero Power Plus
SHARE

ഉത്സവകാലം പ്രമാണിച്ചു യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ ജനപ്രിയ മോഡലായ ബൊലേറൊ പവർ പ്ലസിന് പ്രത്യേക പതിപ്പുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഡൽഹി ഷോറൂമിൽ 9.08 ലക്ഷം രൂപ വിലയുള്ള ബൊലേറൊ പവർ പ്ലസ് സ്പെഷൽ എഡീഷന്റെ 1,000 യൂണിറ്റ്മാത്രമാവുമെന്നും വിൽപനയ്ക്കെത്തുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ബൊലേറൊ പവർ പ്ലസ് ശ്രേണിയിലെ മുന്തിയ വകഭേദമായ സെഡ്എൽഎക്സിനെ അപേക്ഷിച്ച് 22,000 രൂപ അധികമാണ് അകത്തും പുറത്തും പരിഷ്കാരങ്ങളോടെ എത്തുന്ന ഈ പ്രത്യേക പതിപ്പിന്റെ വില. 

പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചാണു പുതിയ പതിപ്പിന്റെ രൂപകൽപ്പനയെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കാഴ്ചയിൽ കാര്യമായ മാറ്റമില്ലാതെ വാഹനത്തിന്റെ ഘടനാപമായ കരുത്ത് മഹീന്ദ്ര വർധിപ്പിച്ചെന്നു വേണം കരുതാൻ. ‌സ്പെഷൽ എഡീഷൻ വിളംബരം ചെയ്യുന്ന ഗ്രാഫിക്സ്, മുൻ – പിൻ സ്കഫ് പ്ലേറ്റുകൾ, ഫോഗ് ലാംപ്, സ്റ്റോപ് ലൈറ്റ് സഹിതം പിൻ സ്പോയ്ലർ, പുത്തൻ അലോയ് വീൽ എന്നിവയാണു ബൊലേറൊ പവർ പ്ലസ് പ്രത്യേക  പതിപ്പിന്റെ പുറത്തെ പുതുമകൾ. അകത്തളത്തിലാവട്ടെ പുതിയ സ്പെഷൽ എഡീഷൻ സീറ്റും സ്റ്റീയറിങ് വീൽ കവറും കാർപ്പറ്റ് മാറ്റും ഇടംപിടിക്കുന്നു.

ബൊലേറൊ പവർ പ്ലസിനായി മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ മഹീന്ദ്ര വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഈ പ്രത്യേക പതിപ്പിനു കരുത്തേകുന്നത് ബി എസ് നാല് നിലവാരമുള്ള, 1.5 ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ ഡീസൽ എൻജിനാണ്; 71 ബി എച്ച് പിയോളം കരുത്തും 195 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പുതിയ ബി എസ് ആറ് നിലവാരമുള്ള എൻജിൻ സഹിതം ‘ബൊലേറൊ പവർ പ്ലസ്’ അടുത്ത വർഷം ആദ്യം വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

സുരക്ഷാ വിഭാഗത്തിലെ പുതിയ നിലവാരം കൈവരിക്കാനായി കഴിഞ്ഞ ജൂലൈയിലും മഹീന്ദ്ര ബൊലേറൊ പവർ പ്ലസ് പരിഷ്കരിച്ചിരുന്നു. ഡ്രൈവർ എയർ ബാഗ്, ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനം, പാർക്കിങ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് വാണിങ് സംവിധാനം, മാനുവൽ ഓവർ റൈഡ്, സെൻട്രൽ ലോക്കിങ് സിസ്റ്റം എന്നിവ ലഭ്യമാക്കിയതിനൊപ്പം അന്ന് എല്ലാ വകഭേദങ്ങൾക്കും 30,000 രൂപയോളം വില വർധിപ്പിക്കുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA