ക്ലാസിക് ലുക്കിൽ ബെനെല്ലി ഇംപീരിയൽ 400, വില 1.69 ലക്ഷം

benelli-imperiale-400
Benelli Imperiale 400
SHARE

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ബെനെല്ലിയുടെ റിട്രോ ക്രൂസറായ ഇംപീരിയൽ 400 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; 1.69 ലക്ഷം രൂപയാണു ബൈക്കിന്റെ  ഷോറൂം വില. വീൽ, ടയർ, ബ്രേക്ക്, ഇലക്ട്രിക്കൽ തുടങ്ങിയ ഘടകങ്ങൾ പ്രാദേശികമായി സമാഹരിച്ചാണ് ഇംപീരിയൽ 400 വില പിടിച്ചു നിർത്താൻ ബെനെല്ലി ശ്രമിച്ചിട്ടുള്ളത്. ക്ലാസിക് ബൈക്കുകളുടെ ലളിതമായ രൂപകൽപ്പനാശൈലി പിന്തുടരുന്ന ഇംപീരിയലിനെ ക്രോമിയത്തിന്റെ ധാരാളിത്തത്തോടെയാണു ബെനെല്ലി പടയ്ക്കിറക്കുന്നത്. 

വിഭജിച്ച സീറ്റ്, ട്വിൻ പോഡ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പീ ഷൂട്ടർ ടൈപ് എക്സോസ്റ്റ് തുടങ്ങിയവയും  ബൈക്കിന്റെ സവിശേഷതയാണ്. മുന്നിൽ ഇരട്ട പിസ്റ്റൻ ഫ്ളോട്ടിങ് കാലിപർ സഹിതമുള്ള 300 എം എം സിംഗിൾ ഡിസ്കും പിന്നിൽ 240 എം എം ഡിസ്കുമാണു ബ്രേക്ക്. ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനവും ബൈക്കിലുണ്ട്. 1950കളിൽ നിർമിച്ചിരുന്ന ബെനെല്ലി – മോട്ടോ ബി ശ്രേണിയിൽ നിന്നു പ്രചോദിതമായ റിട്രോ ക്ലാസിക് ബൈക്ക് ചുവപ്പ്, വെള്ളി, കറുപ്പ് നിറങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്.

ബൈക്കിനു കരുത്തേകുന്നത് 374 സി സി, സിംഗിൾ സിലിണ്ടർ, എസ് ഒ എച്ച് സി, ഫോർ സ്ട്രോക്ക്, എയർ കൂൾഡ് എൻജിനാണ്. 5,500 ആർ പി എമ്മിൽ 21 ബി എച്ച് പി കരുത്തും 4,500 ആർ പി എമ്മിൽ 29 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടെ എത്തുന്ന ഈ എൻജിൻ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമാണു പാലിക്കുന്നത്. 

അംഗീകൃത ഡീലർഷിപ്പുകൾ മുഖേനയും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും ഇംപീരിയൽ 400 ബുക്ക് ചെയ്യാൻ ബെനെല്ലി അവസരമൊരുക്കിയിട്ടുണ്ട്; 4,000 രൂപയാണ് അഡ്വാൻസ് തുക. പോരെങ്കിൽ കിലോമീറ്റർ പരിധിയില്ലാതെ, മൂന്നു വർഷത്തെ അൺലിമിറ്റഡ് വാറന്റിയും ബൈക്കിനു കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം രണ്ടു വർഷക്കാലം സൗജന്യ സർവീസും ലഭ്യമാണ്. തുടർന്ന് ബൈക്കിന്റെ സർവീസിങ്ങിനും അറ്റകുറ്റപ്പണിക്കുമായി വാർഷിക പരിപാലന കരാറും ലഭ്യമാണ്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നു ബെനെല്ലി ഇന്ത്യ മാനേജിങ് ഡയറക്ടർ വികാസ് ഝബഖ് അഭിപ്രായപ്പെട്ടു. ഇംപീരിയൽ 400 അവതരണത്തിലൂടെ ഈ വിപണിയിൽ ഗണ്യമായ നേട്ടം കൈവരിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിപണന ശൃംഖല വിപുലീകരിക്കുന്നതോടെ വിൽപ്പന കൂടുതൽ ഊർജിതമാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA