ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ നെക്സോൺ: വില 13.99 ലക്ഷം

SHARE

ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവി നെക്സോൺ വിപണിയിൽ. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന കാറിന്റെ എക്സ്എം പതിപ്പിന് 13.99 ലക്ഷവും എക്സ് ഇസഡ് പ്ലസ് പതിപ്പിന് 14.99 ലക്ഷവും എക്സ്ഇസഡ് പ്ലസ് ലക്സ് പതിപ്പിന് 15.99 ലക്ഷവുമാണ് വില. രാജ്യവ്യാപകമായി 22 നഗരങ്ങളിലെ 60 ഡീലർഷിപ്പുകളിൽ നിന്ന് നെക്സോൺ ഇലക്ട്രിക് സ്വന്തമാക്കാം. ടാറ്റ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയെ സാക്ഷിയാക്കിയാണ് ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചത്. ഇലക്ട്രിക് എസ്‍യുവി വിപണിയിൽ വിപ്ലവം കുറിക്കാൻ പറ്റുന്ന വിലയാണിത് എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

tata-nexon-ev-price

നാലു മീറ്ററിൽ താഴെ നീളവുമുള്ള ആദ്യ ഇലക്ട്രിക് എസ്‌യുവിയായ നെക്സോണ്‍ ഒറ്റ ചാർജിൽ 312 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നാണ് ടാറ്റ അറിയിക്കുന്നത്. വൈദ്യുത വാഹന സാങ്കേതിക വിദ്യയ്ക്കായി കമ്പനി ആവിഷ്കരിച്ച സിപ്ട്രോണിന്റെ പിൻബലത്തോടെയാണ് നെക്സൻ ഇവി വിപണിയിലെത്തിയത്.

tata-nexon-4

പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ 4.6 സെക്കൻഡും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.9 സെക്കൻഡും മാത്രം മതി ഈ ഇലക്ട്രിക് കാറിന്. ബാറ്ററിക്ക് എട്ടു വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയും ടാറ്റ നൽകുന്നുണ്ട്.

tata-nexon-16

നെക്സോൺ ഇവിയിൽ കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സംവിധാനം, അതിവേഗ ചാർജിങ് സൗകര്യം എന്നിവയുണ്ട്. റഗുലർ ചാർജിങ്ങിൽ എട്ടുമണിക്കൂർ കൊണ്ട് പൂർണമായും ചാർജ് ചെയ്യുന്ന ബാറ്ററി, ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 60 മിനിറ്റിൽ 80 ശതമാനം വരെ ചാർജാകും. പൊടി നിയന്ത്രണത്തിലും ജലപ്രതിരോധത്തിലും ഐ പി 67 നിലവാരവും നെക്സോൺ ഇവിയിൽ ടാറ്റ ഉറപ്പാക്കുന്നുണ്ട്. 

tata-nexon-15

പത്തു ലക്ഷത്തോളം കിലോമീറ്റർ നീണ്ട പരീക്ഷണ ഓട്ടത്തിലൂടെ തെളിയിച്ച മികവിന്റെ പിൻബലത്തോടെയാണ് സിപ്ട്രോൺ സാങ്കേതികവിദ്യയുടെ വരവെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ഇന്ത്യയിൽ വൈദ്യുത വാഹന തരംഗം തന്നെ സൃഷ്ടിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

English Summay: Tata Nexon Electric Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA