ബി എസ് 6 ‘പൾസർ 150’; വില 94,556 രൂപ

pulsar-150
Bajaj Pulsar 150
SHARE

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ ബജാജിന്റെ ‘പൾസർ 150’ വിൽപ്പനയ്ക്കെത്തി. ‘പൾസർ 150 ബി എസ് ആറി’ന് 94,556 രൂപ മുതലാണു ഡൽഹിയിലെ ഷോറൂം വില; മുന്തിയ വകഭേദത്തിന്റെ വില 98,835 രൂപയാണ്. ബി എസ് നാല് നിലവാരമുള്ള എൻജിനുള്ള ‘പൾസറി’നെ അപേക്ഷിച്ച് 8,998 രൂപ അധികമാണു പരിഷ്കരിച്ച പതിപ്പിന്റെ വില.

ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമുള്ള, ഇരട്ട സ്പാർക്ക്, 150 സി സി ഡി ടി എസ് ഐ എൻജിനോടെയാണ് ‘പൾസർ 150 ബി എസ് ആറി’ന്റെ വരവെന്നു ബജാജ് ഓട്ടോ വിശദീകരിച്ചു. ബ്ലാക്ക് ക്രോം, ബ്ലാക്ക് റെഡ് വർണ സങ്കലനങ്ങളിലാവും പുതിയ ബൈക്ക് വിൽപ്പനയ്ക്കുണ്ടാവുക. ബൈക്കിലെ സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക്, എസ് ഒ എച്ച് സി, ഇരട്ട വാൽവ്, എയർ കൂൾഡ്, ഡി ടി എസ് — ഐ’, എഫ് ഐ എൻജിന് 8,500 ആർ പി എമ്മിൽ 14 പി എസ് വരെ കരുത്തും 6,500 ആർ പി എമ്മിൽ 13.25 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും.

ഏപ്രിൽ ഒന്നിന് ഭാരത് സ്റ്റേജ് ആറ് നിലവാരം പ്രാബല്യത്തിലെത്താനിരിക്കെ കൂടുതൽ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകൾ വിപണിയിലെത്തിക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോർ സൈക്കിൾസ്) സാരംഗ കനഡെ അറിയിച്ചു. ബജാജ് ശ്രേണിയിൽ ബി എസ് ആറ് നിലവാരം പാലിക്കുന്ന ഇരുചക്രവാഹനങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്; വരും ആഴ്ചകളിലും പുത്തൻ മോഡൽ അവതരണങ്ങൾ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രകടനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാതെ ഭാരത് സ്റ്റേജ് ആറ് പോലുള്ള കർശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാൻ സാധിച്ചു എന്നത് ‘പൾസർ 150 ബി എസ് ആറി’ന്റെ മികവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 

English Summary: Bajaj Pulsar 150 BS 6 Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA