ADVERTISEMENT

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വിറ്റാര ബ്രെസയുടെ പുതിയ പെട്രോൾ പതിപ്പ് വിപണിയിൽ. മാനുവൽ, ഓട്ടമാറ്റിക്ക് മോഡലുകളിലായി 9 വകഭേദങ്ങളിൽ വിറ്റാര ബ്രെസ ലഭിക്കും. പെട്രോൾ മാനുവൽ പതിപ്പിന് 7.34 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെയും പെട്രോൾ ഓട്ടമാറ്റിക്കിന് 9.75 ലക്ഷം മുതൽ 11.40 ലക്ഷം രൂപവരെയുമാണ് വില.

vitara-brezza-2

കഴിഞ്ഞ ഒാട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച് ബ്രെസയുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രെസയുടെ നിലവിലുള്ള ഡീസൽ മോഡൽ നിർത്തുകയാണെന്നും ഇനിമുതൽ വാഹനത്തിന് പെട്രോൾ എൻജിൻ മാത്രമാണ് ഉണ്ടാവുകയെന്നും മാരുതി അറിയിച്ചു.

vitara-brezza-1

സുസുക്കി കെ15ബി 1.5 ലീറ്റർ പെട്രോൾ എൻജിനാണ് 1.3 ലീറ്റർ ഡീസൽ എൻജിന് പകരം ഇനിമുതൽ ബ്രെസയിൽ എത്തുക. 2020 ഏപ്രിൽ 1 മുതൽ ഡീസൽ കാർ വിൽപന നിർത്തുമെന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു. മാരുതിയുടെ തന്നെ സിയാസ്, എർട്ടിഗ, എക്സ്എൽ 6 എന്നീ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്ന 1.5 ലീറ്റർ എൻജിന്‍ തന്നെയാണ് പുതിയ ബ്രെസയിലും. 105 പിഎസ് കരുത്തും 138 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും ഈ എൻജിൻ. 5 സ്പീഡ് മാനുവൽ ഗിയർ ബോക്സ് മോഡലും 4 സ്പീഡ് ടോർക്ക് കൺവർട്ടർ ഒാട്ടമാറ്റിക് വകഭേദവും ലഭ്യമാകും.

vitara-brezza

സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്ക് എന്ന നൂതന സാങ്കേതികവിദ്യ ഒാട്ടമാറ്റിക് വകഭേദത്തിൽ മാത്രമാണ് ഉണ്ടാവുക. മാനുവൽ ബ്രെസയ്ക്ക് 17.03 കിമീയും ഹൈബ്രിഡ് ടെക്ക് ഒാട്ടമാറ്റിക് വകഭേദത്തിന് 18.06 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. രൂപത്തിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും പഴയ ബ്രെസയുമായി കാഴ്ചയിൽ കുറച്ചധികം വ്യത്യാസങ്ങളുണ്ട് പുതിയ കാറിന്. മുന്നിലെ ക്രോം ഗ്രില്ലിനു താഴെയുള്ള ഭാഗവും ഫോഗ് ലാംപുകളും ഇൻഡിക്കേറ്ററിന്റെ പൊസിഷനും ഒക്കെ പുതുമകളാണ്.

ഡീസൽ മോഡൽ പിൻവലിച്ചത് ബ്രെസയുടെ വിൽപനയെ ഒരു തരത്തിലും ബാധിക്കില്ലെന്നും പെട്രോൾ ബ്രെസയ്ക്കും ഉപഭോക്താക്കൾ ഏറെ ഉണ്ടാകുമെന്നും മാരുതി അറിയിച്ചു.

English Summary: Vitara Brezza Petrol Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com