പരിഷ്കരിച്ച എക്സ് വൺ എത്തി; വില 35.90 ലക്ഷം മുതൽ

bmw-x1
BMW X1
SHARE

ബിഎംഡബ്ല്യുവിന്റെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എക്സ് വണ്ണിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. സ്പോർട് എക്സ്, എക്സ്ലൈൻ, എം സ്പോർട്ട് എന്നീ മൂന്നു വകഭേദങ്ങളിൽ ലഭ്യമാവുന്ന പുത്തൻ എക്സ് വണ്ണിന് 35.90 ലക്ഷം രൂപ മുതൽ 42.90 ലക്ഷം രൂപ വരെയാണു രാജ്യത്തെ ഷോറൂമുകളിൽ വില.

അകത്തും പുറത്തുമുള്ള പരിഷ്കാരങ്ങൾക്കൊപ്പം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പുലർത്തുന്ന രണ്ടു ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളോടെയാണു പരിഷ്കരിച്ച ‘എക്സ് വണ്ണി’ന്റെ വരവ്. ഔഡിയുടെ ‘ക്യു ത്രീ’, മെഴ്സീഡിസ് ബെൻസിന്റെ ‘ജി എൽ എ ക്ലാസ്’ എന്നിവയോടാണു ‘ബി എം ഡബ്ല്യു എക്സ് വണ്ണി’ന്റെ പോരാട്ടം.

പുത്തൻ ‘എക്സ് വണ്ണി’ന്റെ മുൻഭാഗത്ത് പുത്തൻ കിഡ്നി ഗ്രിൽ, നവീകരിച്ച എൽ ഇ ഡി ഹെഡ്ലാംപ്, ഡേടൈം റണ്ണിങ് ലൈറ്റ് എന്നിവയുണ്ട്. ബംപറുകളും പരിഷ്കരിച്ചിട്ടുണ്ട്. അകത്തളത്തിലാവട്ടെ ആപ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയോടെയുള്ള 8.8 ഇഞ്ച് ടച് സ്ക്രീൻ ഐ ഡ്രൈവ് ഇൻഫൊടെയ്ൻമെന്റ് സംവിധാനമാണു പ്രധാന സവിശേഷത.

കാറിലെ രണ്ടു ലീറ്റർ പെട്രോൾ എൻജിന് 191 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഡീസൽ എൻജിന്റെ ശേഷിയും പരമാവധി 191 പി എസ് കരുത്താണ്; പക്ഷേ പരമാവധി ടോർക്ക് 400 എൻ എം വരെ ഉയരും. ഇകോ,പ്രോ, കംഫർട്ട്, സ്പോർട് എന്നീ ഡ്രൈവ് മോഡുകളുള്ള, സ്റ്റെപ്ട്രോണിക് സ്പോർട് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു കാറിലുള്ളത്. 

പ്രീമിയം സ്പോർട്സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ശ്രദ്ധേയ സാന്നിധ്യം ഉറപ്പിച്ച മോഡലാണ് ‘എക്സ് വൺ’ എന്ന് ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ രുദ്രതേജ് സിങ് അഭിപ്രായപ്പെട്ടു. വിജയത്തിനു പുത്തൻ നിർവചനങ്ങൾ സാക്ഷാത്കരിക്കുന്നവർക്ക് അനുയോജ്യ പങ്കാളിയായാണ് പരിഷ്കരിച്ച ‘എക്സ് വൺ’ എത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA