ഡൊമിനർ 250 എത്തി; വില 1.60 ലക്ഷം രൂപ

dominar-250
SHARE

ശേഷി കുറഞ്ഞ എൻജിനോടെ ബജാജ് ഓട്ടോ ലിമിറ്റഡ് പുതിയ ഡൊമിനർ പുറത്തിറക്കി. 250 സി സി എൻജിനുമായെത്തുന്ന പുത്തൻ ‘ഡൊമിനറി’ന് 1.60 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. നിലവിലുള്ള ‘ഡൊമിനർ 400’ ബൈക്കിനെ അപേക്ഷിച്ച് 30,000 രൂപയോളം കുറവാണീ വില. സ്പോർട്സ് ടൂറർ വിഭാഗത്തിൽപെട്ട ‘ഡൊമിനർ 250’ ബൈക്കിനുള്ള ബുക്കിങ്ങുകൾ ബജാജ് സ്വീകരിച്ചു തടുങ്ങി. ഓസ്ട്രിയൻ നിർമാതാക്കളായ കെ ടി എമ്മിന്റെ ശ്രേണിയിലെ ‘250 ഡ്യൂക്കി’ൽ നിന്നാണു ബജാജ് ‘250 ഡൊമിനറി’നുള്ള എൻജിൻ കണ്ടെത്തിയത്. ഈ 248.8 സി സി, ഫ്യുവൽ ഇഞ്ചക്റ്റഡ്, സിംഗിൾ സിലിണ്ടർ എൻജിന്റെ പ്രകടനം സംബന്ധിച്ചു ബജാജ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും  പ്രകടനക്ഷമതയ്ക്കു മുൻതൂക്കമില്ലാത്തതിനാൽ ‘250 ഡൊമിനറി’ലെ എൻജിന് 8,500 ആർ പി എമ്മിൽ 27 ബി എച്ച് പിയോളം കരുത്തും 6,500 ആർ പി എമ്മിൽ 23.5 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുന്നതെന്നാണു സൂചന. ‘250 ഡ്യൂക്കി’ൽ 30 ബി എച്ച് പിയോളം കരുത്തും 24 എൻ എം ടോർക്കും സൃഷ്ടിക്കുന്ന സ്ഥാനത്താണിത്. ടൂറിങ് ബൈക്ക് ശൈലിയിലാണു രൂപകൽപ്പനയെങ്കിലും സ്ലിപ്പൽ ക്ലച്, ഇരട്ട ചാനൽ എ ബി എസ് എന്നിവയൊക്കെ ബജാജ് ‘250 ഡൊമിനറി’ൽ ലഭ്യമാക്കുന്നുണ്ട്. നിരത്തിൽ ശക്തമായ സാന്നിധ്യം സൃഷ്ടിക്കാനുള്ള പ്രാപ്തിയാണ് ‘400 ഡൊമിനറി’ന്റെ മുഖമുദ്ര. കാഴ്ചയിൽ കാര്യമായ മാറ്റമില്ലാത്തതിനാൽ ‘250 ഡൊമിനറി’നും ഏറെക്കുറെ ശക്തമായ സാന്നിധ്യമുണ്ട്. ബോഡി പാനലും തേനീച്ചക്കൂടിന്റെ ഘടനയെ അനുസ്മരിപ്പിക്കുന്ന എൽ ഇ ഡി ഹെഡ്ലാംപുമൊക്കെ ‘250 ഡൊമിനറി’ലുമുണ്ട്. 

അതേസമയം താരതമ്യേന വീതി കുറഞ്ഞ ടയറുകളാണ് എൻജിൻ ശേഷി കുറഞ്ഞ ‘ഡൊമിനറി’നായി ബജാജ് ഓട്ടോ തിരഞ്ഞെടുത്തിരിക്കുന്നത്. ‘400 ഡൊമിനറി’ൽ മുന്നിൽ 110/70-17 ടയറും പിന്നിൽ 150/60-17 ടയറും ഇടംപിടിക്കുമ്പോൾ ‘250 ഡൊമിനറി’ന്റെ മുന്നിലും പിന്നിലും യഥാക്രമം  100/80-17, 130/70-17 സൈസ് ടയറുകളാണ്. അതുപോലെ മുൻസസ്പെൻഷനായി  താരതമ്യേന ഇടുങ്ങിയ അപ്സൈഡ് ഡൗൺ ഫോർക്കുമാണ് ‘250 ഡൊമിനറി’ലുള്ളത്: 37 എം എം. ‘400 ഡൊമിനറി’ൽ 43 എം എം അപ്സൈഡ് ഡൗൺ ഫോർക്കുള്ള സ്ഥാന്തതാണിത്. മുന്നിലെ ഡിസ്ക് ബ്രേക്കിലും ചില്ലറ വ്യത്യാസമുണ്ട്; ‘400 ഡൊമിനറി’ലെ 320 എം എം മുൻ ഡിസ്ക് ബ്രേക്ക് ‘250 ഡൊമിനറി’ലെത്തുമ്പോൾ 300 എം എമ്മായി മാറും. അതേസമയം പിന്നിൽ ഇരു ബൈക്കിലുമുള്ളത് 230 എം എം ഡിസ്ക് ബ്രേക്ക് തന്നെ. ‘400 ഡൊമിനറി’ന് 184 കിലോഗ്രാം ഭാരമുള്ളപ്പോൾ ‘250 ഡൊമിനറി’ന്റെ ഭാരം 180 കിലോഗ്രാമിലൊതുങ്ങും.

കാന്യൻ റെഡ്, വൈൻ ബ്ലാക്ക് നിറങ്ങളിലാണു ‘ഡൊമിനർ 250’ വിൽപ്പനയ്ക്കുള്ളത്. ‘ഹസ്ക്വർണ സ്വാർട്പൈലൻ 250’, ‘വിറ്റ്പൈലൻ 250’ തുടങ്ങിവയാണു ‘250 ഡൊമിനറി’ന്റെ പ്രധാന എതിരാളികൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA