15 ദിവസത്തിൽ 14000 ബുക്കിങ്, വിപണി പിടിക്കാൻ പുതിയ ക്രേറ്റ: വില 9.99 ലക്ഷം മുതൽ

hyundai-creta
Hyundai Creta
SHARE

ഹ്യുണ്ടേയ്‌യുടെ ചെറു എസ്‌യുവി ക്രേറ്റയുടെ പുതിയ പതിപ്പ് വിപണിയിൽ. പെട്രോൾ 1.5 ലീറ്റർ വകഭേദത്തിന് 9.99 ലക്ഷം രൂപ മുതൽ 13.46 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 14.94 ലക്ഷം മുതൽ 16.15 ലക്ഷം രൂപ വരെയുമാണ് വില. ഡീസൽ പതിപ്പിന്റെ മാനുവൽ വകഭേദങ്ങൾക്ക് 9.99 ലക്ഷം മുതൽ 15.79 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 15.99 ലക്ഷം മുതൽ 17.20 ലക്ഷം വരെയുമാണ് വില. 1.4 ലീറ്റർ ടർബോ പെട്രോൾ ഡിസിടി മോഡലിന് 16.16 ലക്ഷം മുതൽ 17.20 ലക്ഷം വരെയാണ് വില.

creta-price-new

ബുക്കിങ് തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ പുതിയ ക്രേറ്റയ്ക്ക് 14000 ഓർഡറുകൾ ലഭിച്ചു എന്നാണ് ഹ്യുണ്ടേയ് അവകാശപ്പെടുന്നത്. ഇതിൽ 50 ശതമാനവും ഡീസൽ മോഡലുകളാണെന്നും ഹ്യുണ്ടേയ് പറയുന്നു. ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച പുതിയ ക്രേറ്റയുടെ ബുക്കിങ് മാർച്ച് 2 മുതലാണ് സ്വീകരിച്ചു തുടങ്ങിയത്. 

പെട്രോൾ, ഡീസൽ മോഡലുകളിലായി 5 പവർട്രെയിൻ ഓപ്ഷനുകളോടെയാണ് പുതിയ ക്രേറ്റ വിപണിയിലെത്തുന്നത്. വോയിസ് എനേബിൾഡ് സ്മാർട്ട് പനോരമിക് സൺറൂഫ്, ട്രിയോ ബീം എൽഇഡി ഹെഡ്‌ലാംപ്, അഡ്വാൻസിഡ് ബ്ലൂ ലിങ്ക്, ഇലക്ട്രിക് പാർക്ക് ബ്രേക്ക്, എട്ടു സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്രൈവ്–ട്രാക്‌ഷൻ മോഡുകൾ, എയർപ്യൂരിഫയർ, 2 സ്റ്റെപ്പ് റിയർ സീറ്റ് റിക്ലൈനിങ്, പാഡിൽ ഷിഫ്റ്റ്, റിമോർട്ട് എൻജിൻ സ്റ്റാർട്ട് തുടങ്ങി നിരവധി സൗകര്യങ്ങളുമായിട്ടാണ് പുതിയ ക്രേറ്റ എത്തുന്നത്.

hyundai-creta-1

ഹ്യുണ്ടേയ്‌യുടെ പുതിയ ഡിസൈൻ ഭാഷയിലാണ് ക്രേറ്റയുടെ നിർമാണം. നിലവിലുള്ള വാഹനത്തിന്റെ ഡിസൈനിൽ നിന്നും ഒരുപാടു മാറ്റങ്ങളുണ്ട് പുതിയ ക്രേറ്റയ്ക്ക്. മനോഹരമായ ഗ്രില്ലും പുതിയ രൂപത്തിലുള്ള ഹെഡ്‌ലാംപുകളും ഭംഗി കൂട്ടുന്നു. പുതിയ വാഹനങ്ങളിൽ കാണുന്നതു പോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപുകളാണ് ക്രേറ്റയിലും. എൽഇഡി, ഡിആർഎൽ ഉൾപ്പെടുന്ന മുകൾ ഭാഗവും എൽഇഡി സ്ട്രിപ്പ് അടങ്ങിയ താഴെയുള്ള ചെറിയ ഭാഗവും. ഇതിനൊപ്പം പുതിയ തരത്തിലുള്ള ഫോഗ് ലാംപുകളും സ്കഫ് പ്ലേറ്റും കൂടിയാകുമ്പോൾ മുൻവശം സ്റ്റൈലിഷാകും.

hyundai-creta-5

സ്പ്ലിറ്റ് ടെയിൽ ലാംപുള്ള പിൻവശത്തിന്റെ ലുക്ക് ആദ്യ കാഴ്ചയിൽ തന്നെ വ്യത്യസ്തമാണ്. സിൽവർ കൂടിയ കളർ ടോണും, വീൽ ആർച്ചുകളും ഡയമണ്ട് കട്ട് അലോയ് വീലുകളും വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നു. പഴയ ക്രേറ്റയെക്കാൾ വലുപ്പത്തിലും മുന്നിലാണ് പുതിയ മോഡൽ. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വലിപ്പം കൂടിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്‍ൻമെന്റ് സിസ്റ്റം, പുതിയ സ്റ്റിയറിങ് പുതിയ ഡാഷ്ബോർഡ്, മീറ്റർ കൺസോൾ, സീറ്റുകൾ തുടങ്ങി നിരവധി മാറ്റങ്ങളുണ്ട് ഇന്റീരിയറിൽ.

hyundai-creta-4

115 പിഎസ് കരുത്തും 14.7 കെജിഎം ടോർക്കുമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിൻ 6 സ്പീഡ് മാനുവൽ, ഐവിറ്റി ഒാട്ടമാറ്റിക് വകഭേദങ്ങളിൽ ലഭ്യമാണ്. 1.5 ലീറ്റർ ഡീസൽ എൻജിന്റെ കരുത്ത് 115 പിഎസും ടോർക്ക് 25.5 എൻഎമ്മുമാണ്. പെട്രോൾ എൻജിന് ലീറ്ററിന് 16.9 കിലോമീറ്ററും ഡീസൽ എൻജിന് 21.4 കിലോമീറ്റ‌റുമാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.  ആറു സ്പീഡ് ഓട്ടമാറ്റിക്ക്, ആറു സ്പീഡ് മാനുവൽ ഗിയർബോക്സുകളിൽ ഡീസൽ എൻജിൻ ലഭിക്കും. ഇവകൂടാതെ 140 പിഎസ് കരുത്തുള്ള 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിൻ മോഡലുമുണ്ട്. 7 സ്പീഡ് ഡിസിടി ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ഈ മോഡലിന്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA