ADVERTISEMENT

സ്പോർട് യൂട്ടിലിറ്റി വാഹനമായ ഹെക്ടർ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരമുള്ള ഡീസൽ എൻജിനോടെയും എം ജി മോട്ടോർ ഇന്ത്യ വിൽപ്പനയ്ക്കെത്തിച്ചു. അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 13.88 ലക്ഷം രൂപ മുതൽ മുന്തിയ പതിപ്പായി ‘ഷാർപ്പി’ന് 17.73 ലക്ഷം രൂപ വരെയാണ് ‘ബി എസ് ആറ് എം ജി ഹെക്ടർ’ ഡീസലിന്റെ ഷോറൂം വില. ബി എസ് നാല് നിലവാരമുള്ള മോഡലുകളെ അപേക്ഷിച്ച് 40,000 മുതൽ 45,000 രൂപ വരെയാണു പുതിയ പതിപ്പുകളുടെ വില വർധന.

എം ജി ഹെക്ടറി’ന്റെ വിവിധ ബി എസ് ആറ് മോഡലുകളുടെ ഷോറൂം വില ഇപ്രകാരമാണ്(വകഭേദം, ബി എസ് നാല് മോഡൽ വില, ബി എസ് ആറ് മോഡൽ വില, വ്യത്യാസം എന്ന ക്രമത്തിൽ; വില ലക്ഷം രൂപയിൽ):

സ്റ്റൈൽ 13.48 13.88 40,000 രൂപ

സൂപ്പർ 14.48  14.88 40,000

സ്മാർട് 15.88 16.33 45,000

ഷാർപ് 17.28 17.73 45,000

ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലിൽ നിന്നുള്ള രണ്ടു ലീറ്റർ ഡീസൽ എൻജിൻ തന്നെയാണു ബി എസ് ആറ് നിലവാരത്തോടെ ‘ഹെക്ടറി’നു കരുത്തേകാൻ എത്തുന്നത്. ഇന്ത്യയിൽ ജീപ് ‘കോംപസി’ലും ടാറ്റ ‘ഹാരിയറി’ലും ഇടംപിടിക്കുന്നതും ഇതേ എൻജിനാണ്.  ‘ഹെക്ടറി’ന്റെ ബി എസ് നാല് നിലവാരത്തിലെന്ന പോലെ 170 ബി എച്ച് പിയോളം കരുത്തും 350 എൻ എം ടോർക്കുമാണു  നവീകരിച്ച എൻജിനും സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു നിലവിലെ ട്രാൻസ്മിഷൻ സാധ്യത. 

ഇതിനു പുറമെ ബി എസ് ആറ് നിലവാരമുള്ള, 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ സഹിതവും ‘ഹെക്ടർ’ വിപണിയിലുണ്ട്; 143 പി എസ് വരെ കരുത്തും 250 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഒപ്പം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയും ഈ എൻജിനുണ്ട്. മാനുവൽ ഗീയർബോക്സിനു പുറമെ ആറു സ്പീഡ് ഡി സി ടി ട്രാൻസ്മിഷനോടെയും പെട്രോൾ എൻജിനുള്ള ‘ഹെക്ടർ’ ലഭ്യമാണ്. 

കാഴ്ചയിലും അകത്തളത്തിലുമൊന്നും മറ്റു വ്യത്യാസമൊന്നുമില്ലാതെയാണ് ബി എസ് ആറ് നിലവാരമുള്ള ഡീസർ എൻജിൻ ഘടിപ്പിച്ച ‘എം ജി ഹെക്ടറി’ന്റെ വരവ്. പ്രൊജക്ടർ ഹെഡ്ലാംപ്, സ്റ്റീൽ വീൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, രണ്ടാം നിര സീറ്റിൽ എ സി വെന്റ്, പിൻ സീറ്റിലും ചരിക്കാവുന്ന ബാക്ക് റസ്റ്റ്, റിമോട്ട് ലോക്കിങ്, ഓഡിയോ സിസ്റ്റം തുടങ്ങിയ എൻട്രി ലവൽ വകഭേദമായ സ്റ്റൈലിലുണ്ട്. ഒപ്പം ഇ ബി ഡി സഹിതം എ ബി എസ്, റിവേഴ്സ് പാർക്കിങ് സെൻസർ, മുന്നിൽ ഇരട്ട എയർബാഗ്, ഹിൽ ഹോൾഡ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയവയും ‘ഹെക്ടറി’ന്റെ എല്ലാ പതിപ്പിലുമുണ്ട്. 

മുന്തിയ പതിപ്പായ ഷാർപ്പിലാവട്ടെ പവേഡ് മുൻ സീറ്റ്, ഓട്ടോ ക്ലൈമാറ്റ് കൺട്രോൾ, പനോരമിക് സൺ റൂഫ്, പവേഡ് ടെയിൽ ഗേറ്റ്, ഐ സ്മാർട് കണക്റ്റഡ് കാർ ടെക്നോളജി തുടങ്ങിയവയൊക്കെ ലഭ്യമാണ്. 

വരും നാളുകളിൽ മുന്നു നിര സീറ്റുള്ള ‘ഹെക്ടറും’ എം ജി മോട്ടോർ ഇന്ത്യ അവതരിപ്പിക്കുമെന്നാണു സൂചന; ‘ഹെക്ടർ പ്ലസ്’ എന്ന പേരിലാവും ഈ പുതിയ പതിപ്പ് വിൽപ്പനയ്ക്കെത്തുക. സൗകര്യങ്ങളിലും സംവിധാനങ്ങളിലും മാറ്റത്തിനു സാധ്യതയുണ്ടെങ്കിലും ‘ഹെക്ടർ പ്ലസി’നു കരുത്തേകുക ഇതേ രണ്ടു ലീറ്റർ ഡീസൽ എൻജിനാവും.

English Summary: MG Hector BS 6 Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com