ബിഎസ് 6 കിക്സ് എത്തി, ഡീസൽ ഇല്ല; വില 9.49 ലക്ഷം മുതൽ

nissan-kicks
Nissan Kicks
SHARE

നിസ്സാൻ ഇന്ത്യ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ സഹിതം സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യു വി)മായ കിക്സ് വിപണിയിലിറക്കി, 9.49 ലക്ഷം രൂപ മുതലാണു 2020 കിക്സ് ബി എസ് ആറിന്റെ ഷോറൂം വില.കാഴ്ചയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും മാറ്റമില്ലെങ്കിലും മലിനീകരണ നിയന്ത്രണത്തിൽ ബിഎസ് 6 നിലവാരമുള്ള എൻജിനാണു 2020 കിക്സിലെ പ്രധാന പുതുമ. 

മുൻ മോഡലിലെ 1.5 ലീറ്റർ ഡീസൽ എൻജിനു പകരം 1.3 ലീറ്റർ, ടർബോ പെട്രോൾ എൻജിനാണു പുതിയ ‘കിക്സി’നു കരുത്തേകുക. അതേസമയം അടിസ്ഥാന വകഭേദങ്ങളായ എക്സ് എൽ, എക്സ് വി എന്നിവ ബിഎസ് ആറ് നിലവാരമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിൻ സഹിതവും വിൽപ്പനയ്ക്കുണ്ട്.  ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള രണ്ടെണ്ണമടക്കം ആകെ ഏഴു വകഭേദങ്ങളിലാണു ‘2020 കിക്സ് ബി എസ് ആറ്’ ലഭ്യമാവുക. 

കിക്സിലെ പുതിയ 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിൻ 156  പി  എസ് കരുത്തും 254 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക; ആറു സ്പീഡ് മാനുവൽ, എക്സ് ട്രോണിക് സി വി ടി ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. മികച്ച പ്രകടനക്ഷമതയ്ക്കായി ‘നിസ്സാൻ ജി ടി ആറി’ൽ നിന്നുള്ള സിലിണ്ടർ കോട്ടിങ് സാങ്കേതികവിദ്യ സഹിതമാണ് ഈ എച്ച് ആർ 13 ഡി ഡി ടി എൻജിന്റെ വരവെന്ന് കമ്പനി അവകാശപ്പെടുന്നു; ഒപ്പം ഉയർന്ന ഇന്ധനക്ഷമതയും വാഗ്ദാനമുണ്ട്. അതേസമയം കിക്സിന്റെ അടിസ്ഥാന വകഭേദങ്ങളിൽ ഇടംപിടിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 106 പി എസ് കരുത്തും 142 എൻ എം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.

പുതിയ കിക്സിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും നിസ്സാൻ മാറ്റം വരുത്തിയിട്ടില്ല. ധബ്ലഡ് സിൽവർ, നൈറ്റ് ഷേഡ്, ബ്രോൺസ് ഗ്രേ, ഫയർ റെഡ്, പേൾ വൈറ്റ്, ഡീപ് ബ്ലൂ പേൾ നിറങ്ങളിലാണു ‘2020 കിക്സ്’ ലഭിക്കുക. ഒപ്പം ബ്രോൺസ് ഗ്രേ — ആംബർ ഓറഞ്ച്, ഫയർ റെഡ് – ഒനിക്സ് ബ്ലാക്ക്, പേൾ വൈറ്റ് – ഒനിക്സ് ബ്ലാക്ക് എന്നീ ഇരട്ട വർണ സങ്കലനങ്ങളിലും ‘കിക്സ്’ ലഭിക്കും. 

രണ്ടു വർഷം അഥവാ അര ലക്ഷം കിലോമീറ്റർ നീളുന്ന സാധാരണ വാറന്റിയാണു ‘കിക്സി’നു നിസ്സാന്റെ വാഗ്ദാനം; അധിക തുക നൽകാതെ ഈ വാറന്റി അഞ്ചു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ വരെ ദീർഘിപ്പിക്കാനും അവസരമുണ്ട്. പുതിയ ‘കിക്സി’നു രാജ്യത്തെ 1,500 നഗരങ്ങളിൽ റോഡ് സൈഡ് അസിസ്റ്റൻസ് സേവനവും നിസ്സാൻ രണ്ടു വർഷത്തേക്കു സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ പ്രതിവർഷം 2,099 രൂപ നിരക്കിലുള്ള പ്രീപെയ്ഡ് മെയന്റനൻസ് പാക്കേജും ‘2020 കിക്സി’നൊപ്പം നിസ്സാൻ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ‘കിക്സി’ന്റെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില ഇപ്രകാരമാണ്(ലക്ഷം രൂപയിൽ)

1.5 ലീറ്റർ പെട്രോൾ

1.5 എക്സ് എൽ — 9,49,990

1.5 എക്സ് വി — 9,99,990

1.3 ലീറ്റർ ടർബോ മാനുവൽ ട്രാൻസ്മിഷൻ

1.3 ടർബോ എക്സ് വി — 11,84,990

1.3 ടർബോ എക്സ് വി പ്രീമിയം — 12,64,990

1.3 ടർബോ എക്സ് വി പ്രീമിയം (ഒ) — 13,69,990

1.3 ടർബോ എക്സ് വി പ്രീമിയം (ഒ) ഡ്യുവൽ ടോൺ — 13,89,990

1.3 ലീറ്റർ ടർബോ സി വി ടി

1.3 ടർബോ എക്സ് വി സി വി ടി — 13,44,990

1.3 ടർബോ എക്സ് വി പ്രീമിയം സി വി ടി — 14,14,990

English Summary: Nissan Kicks BS 6 Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA