ADVERTISEMENT

ബജാജ് ഓട്ടോയെ സംബന്ധിച്ചിടത്തോളം മികച്ച വിജയം സമ്മാനിച്ച ഉൽപന്ന ശ്രേണിയാണു ‘പൾസർ’; 125 മുതൽ 200 സി സി വരെ എൻജിൻ ശേഷിയോടെ ഒൻപതു മോഡലുകളാണ് ഈ ശ്രേണിയിൽ വിൽപ്പനയ്ക്കെത്തുന്നത്. ഈ പരമ്പരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ‘പൾസർ 125’. കഴിഞ്ഞ വർഷം ‘പൾസർ 125’ വിഭജിച്ച സീറ്റോടെ ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും വിൽപ്പനയ്ക്കെത്തിയിരുന്നു.

ഇപ്പോഴിതാ വിഭജിച്ച സീറ്റോടു കൂടിയ ബജാജ് ‘പൾസർ 125’ രാജ്യവ്യാപകമായി വിൽപ്പനയ്ക്കൊരുങ്ങുകയാണ്. ‘പൾസർ’  ശ്രേണിയിലെ ഏറ്റവും എൻജിൻ ശേഷി കുറഞ്ഞ ബൈക്കിന്റെ മുന്തിയ വകഭേദത്തിന് 79,079 രൂപയാണു പുണെയിലെ ഷോറൂം വില; നിരത്തിലെത്തുന്നതോടെ വില 96,842 രൂപയോളമായി ഉയരും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ എത്തുന്ന ഈ ‘125 പൾസറി’ന് ബി എസ് നാല് മോഡലിനെ അപേക്ഷിച്ച് ഒൻപതിനായിരത്തോളം രൂപ വിലക്കൂടുതലുണ്ട്. വിഭജിച്ച സീറ്റ് ഇടംപിടിക്കുന്നതോടെ ‘125 പൾസറി’ന്റെ ഡിസ്ക് ബ്രേക്കുള്ള വകഭേദത്തെ അപേക്ഷിച്ചും 4,000 രൂപയോളം വില അധികമാണ്. 

വിഭജിച്ച സീറ്റിനൊപ്പം ബെല്ലി പാൻ, വിഭജിച്ച ഗ്രാബ് റയിൽ, വിഭജിച്ച എൽ ഇ ഡി ടെയിൽ ലാംപ്, ചെന്നായുടെ കണ്ണിനെ അനുസ്മരിപ്പിക്കുന്ന ഹെഡ്ലാംപ്, അധിക സ്റ്റിക്കറുകൾ, എൻജിൻ കൗൾ എന്നിവയും സഹിതമാണ് ഈ ‘2020 പൾസർ 125’ എത്തുന്നത്. ബി എസ് നാല് എൻജിൻ കാലഘട്ടത്തിൽ ടാങ്ക് ഷ്രൗഡുകൾ വിഭജിച്ച സീറ്റുള്ള ‘125 പൾസറി’ന്റെ സവിശേഷതയായിരുന്നു. എന്നാൽ പുതിയ ബി എസ് ആറ് നിലവാരമുള്ള എൻജിൻ എത്തിയതോടെ ഈ സംവിധാനം ‘പൾസർ 125’ ശ്രേണിയിലാകെ ലഭ്യമായി. 

മുന്നിൽ ഡ്രം, ഡിസ്ക് ബ്രേക്ക് സാധ്യതകളോടെ എത്തുന്ന ബൈക്കിനു കരുത്തേകുന്നത് ബി എസ് ആറ് നിലവാരമുള്ള, 124.4 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്. 12 പി എസോളം കരുത്തും 11 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിനു കൂട്ട് അഞ്ചു സ്പീഡ് ഗീയർബോക്സാണ്.  പൂർണമായും കറുപ്പ് നിറത്തിനു പുറമെ കറുപ്പിനൊപ്പം ചുവപ്പ്, നീല വർണ സങ്കലനങ്ങളിലും ബൈക്ക് ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ഹോണ്ട ‘എസ് പി 125’, ഹീറോ ‘ഗ്ലാമർ’ എന്നിവയെയാണു ബജാജ് ‘പൾസർ 125’ നേരിടുന്നത്. 

English Summary; Bajaj Pulsar 125 Split Seat Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com