ADVERTISEMENT

ഹാച്ച്ബാക്കായ ക്വിഡിന്റെ പുത്തൻ വകഭേദം ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ പുറത്തിറക്കി.  ഒരു ലീറ്റർ പെട്രോൾ എൻജിൻ സഹിതമാണ് ക്വിഡ് ആർഎക്സ്എൽ വിൽപനയ്ക്കെത്തുന്നത്. മാനുവൽ ഗീയർബോക്സിനൊപ്പം ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ക്വിഡ് ആർഎക്സ്എൽ ലഭിക്കും. മാനുവൽ ഗീയർബോക്സുള്ള പതിപ്പിന് 4.16 ലക്ഷം രൂപയും എ എം ടി വകഭേദത്തിന് 4.48 ലക്ഷം രൂപയുമാണു ഷോറൂം വില.

ഇതോടെ 0.8 ലീറ്റർ, ഒരു ലീറ്റർ എൻജിൻ സാധ്യതകളും ‘ക്ലൈംബർ’ പതിപ്പുമടക്കം ആകെ 10 വകഭേദങ്ങളിൽ ക്വിഡ് വിൽപ്പനയ്ക്കുണ്ടെന്നു റെനോ ഇന്ത്യ അറിയിച്ചു. അഞ്ചു വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച ക്വിഡിന്റെ ഇതുവരെയുള്ള മൊത്തം വിൽപന മൂന്നര ലക്ഷം യൂണിറ്റ് പിന്നിട്ടതായും കമ്പനി വെളിപ്പെടുത്തി. പുത്തൻ വകഭേദം അവതരിപ്പിച്ചതിനൊപ്പം ക്വിഡ് വിലയിൽ 2,000 മുതൽ 7,000 രൂപയുടെ വരെ വർധനയും റെനോ നടപ്പാക്കിയിട്ടുണ്ട്. ഇക്കൊല്ലം ഇതു രണ്ടാം തവണയാണു റെനോ ‘ക്വിഡ് വില കൂട്ടുന്നത്; മലിനീകരണ നിയന്ത്രണത്തിൽ ബി എസ് ആറ് നിലവാരം നടപ്പാവുന്നതിന്റെ പേരിൽ ജനുവരിയിലും കാറിന്റെ വിലയിൽ 9,000 രൂപയുടെ വർധനനടപ്പാക്കിയിരുന്നു.

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തെ അനുസ്മരിപ്പിക്കുന്ന രൂപവും ഈ വിഭാഗത്തിൽ ഇതാദ്യമായി ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിന്റെയും മറ്റും സാന്നിധ്യവുമാണു ‘ക്വിഡി’നെ ജനപ്രിയമാക്കിയതെന്നാണു വിലയിരുത്തൽ. എൻട്രിലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി സുസുക്കി ‘ഓൾട്ടോ’യോട് ഏറ്റുമുട്ടുന്ന ‘ക്വിഡി’നു രണ്ട് എൻജിൻ സാധ്യകളാണുള്ളത്: 54 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന 0.8 ലീറ്റർ എൻജിനും 68 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ഒരു ലീറ്റർ എൻജിനും. ശേഷി കുറഞ്ഞ എൻജിനു കൂട്ട് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ്; അതേസമയം ഒരു ലീറ്റർ എൻജിനൊപ്പം മാനുവൽ ഗീയർബോക്സിനൊപ്പം എ എം ടിയുമുണ്ട്. 

അടിസ്ഥാന വകഭേദത്തിനൊപ്പം ‘ആർ എക്സ് ഇ’, ‘ആർ എക്സ് എൽ’, ‘ആർ എക്സ് ടി’ പതിപ്പുകളിലും 0.8 ലീറ്റർ എൻജിനുള്ള ‘ക്വിഡ്’ ലഭ്യമാണ്. ഒരു ലീറ്റർ വിഭാഗത്തിലാവട്ടെ ‘ആർ എക്സ് ടി’ക്കു പകരമാണ് റെനോ ഇപ്പോൾ ‘ആർ എക്സ് എൽ’ വകഭേദം അവതരിപ്പിച്ചത്. മാനുവൽ, എ എം ടി ഗീയർബോക്സുകളോടെ ലഭിക്കുമെന്നതിനു പുറമെ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും റിവേഴ്സിങ് കാമറയുമാണ് ‘ആർ എക്സ് ടി’യിലെ പുതുമ. വിഭജിച്ച ഹെഡ്ലാംപ്, എൽ ഇ ഡി ടെയിൽ ലാംപ്, റൂഫ് സ്പോയ്ലർ, പവർ സ്റ്റീയറിങ്, മുന്നിൽ പവർ വിൻഡോ, റിമോട്ട് സെൻട്രൽ ലോക്കിങ്, ഇന്റേണലി അഡ്ജസ്റ്റബ്ൾ മിറർ തുടങ്ങിയവയും ഈ വകഭേദത്തിലുണ്ട്. 

English Summary: Renault 1 L RLX Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com