ADVERTISEMENT

മോഡേൺ ക്ലാസിക് വിഭാഗത്തിലെ എൻട്രി ലവൽ മോഡലായ ഇംപീരിയൽ 400 മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ വിപണിയിലെത്തി. ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബെനെല്ലിയിൽ നിന്നുള്ള ഇംപീരിയൽ 400 ബൈക്കിന് 1.99 ലക്ഷം രൂപയാണു ഷോറൂം വില; കഴിഞ്ഞ വർഷത്തെ അവതരണവേളയില പ്രഖ്യാപനത്തെ അപേക്ഷിച്ച് 30,000 രൂപ അധികമാണിത്. വീൽ, ടയർ, ബ്രേക്ക്, ഇലക്ട്രിക്കൽ തുടങ്ങിയ ഘടകങ്ങൾ പ്രാദേശികമായി സമാഹരിച്ചാണ് റിട്രോ ക്രൂസറായ ഇംപീരിയൽ 400 വില പിടിച്ചു നിർത്താൻ ബെനെല്ലി ശ്രമിച്ചിരുന്നത്. 

അടുത്ത മാസം ആദ്യ വാരം മുതൽ ബൈക്കുകളുടെ വിൽപ്പന ആരംഭിക്കാനാവുമെന്നാണു ബെനെല്ലിയുടെ പ്രതീക്ഷ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതു മുൻനിർത്തി ഷോറൂം സന്ദർശിക്കാതെ ബൈക്ക് ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്; പ്രത്യേകം രൂപകൽപ്പന ചെയ്ത വെബ്സൈറ്റിൽ 6,000 രൂപ ടോക്കൺ അഡ്വാൻസ് ഈടാക്കിയാണ്  ‘ഇംപീരിയലി’നുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുന്നത്. 

ക്ലാസിക് ബൈക്കുകളുടെ ലളിതമായ രൂപകൽപ്പനാശൈലി പിന്തുടരുന്ന ‘ഇംപീരിയലി’നെ ക്രോമിയത്തിന്റെ ധാരാളിത്തത്തോടെയാണു ബെനെല്ലി പുറത്തിറക്കുന്നത്. വിഭജിച്ച സീറ്റ്, ട്വിൻ പോഡ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പീ ഷൂട്ടർ ടൈപ് എക്സോസ്റ്റ് തുടങ്ങിയവയും ബൈക്കിന്റെ സവിശേഷതയാണ്. മുന്നിൽ ഇരട്ട പിസ്റ്റൻ ഫ്ളോട്ടിങ് കാലിപർ സഹിതമുള്ള 300 എം എം സിംഗിൾ ഡിസ്കും പിന്നിൽ 240 എം എം ഡിസ്കുമാണു ബ്രേക്ക്; ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനവും ബൈക്കിലുണ്ട്. 1950കളിൽ നിർമിച്ചിരുന്ന ‘ബെനെല്ലി — മോട്ടോ ബി’ ശ്രേണിയിൽ നിന്നു പ്രചോദിതമായ റിട്രോ ക്ലാസിക് ബൈക്ക് ചുവപ്പ്, വെള്ളി, കറുപ്പ് നിറങ്ങളിലാണു ലഭ്യമാവുക.

ബൈക്കിനു കരുത്തേകുന്നത് 374 സി സി, സിംഗിൾ സിലിണ്ടർ, എസ് ഒ എച്ച് സി, ഫോർ സ്ട്രോക്ക്, എയർ കൂൾഡ് എൻജിനാണ്. 6,000 ആർ പി എമ്മിൽ 21 പി എസ് കരുത്തും 3,500 ആർ പി എമ്മിൽ 29 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും എൻജിനിലുണ്ട്. 

കിലോമീറ്റർ പരിധിയില്ലാതെ, മൂന്നു വർഷത്തെ അൺലിമിറ്റഡ് വാറന്റിയും ‘ഇംപീരിയൽ 400’ ബൈക്കിനു കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം രണ്ടു വർഷക്കാലം സൗജന്യ സർവീസും ലഭ്യമാണ്. തുടർന്ന്  ബൈക്കിന്റെ സർവീസിങ്ങിനും അറ്റകുറ്റപ്പണിക്കുമായി വാർഷിക പരിപാലന കരാറും ലഭ്യമാണ്; പരിപാലനം, പിക് അപ് ആൻഡ് ഡ്രോപ് സേവനം, മുഴുവൻ സമയ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയ്ക്കെല്ലാം കൂടി 1,500 രൂപ(നികുതി പുറമെ)യാണു ബെനെല്ലി ഈടാക്കുക. 

English Summary: Benelli Imperiale 400 BS 6 Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com