ADVERTISEMENT

കോംപാക്ട് എസ് യു വിയായ ഇകോസ്പോർട്ടിന്റെ ഓട്ടമാറ്റിക് പതിപ്പിനു ഫോഡ് ഇന്ത്യയിൽ പുതിയ വകഭേദം അവതരിപ്പിച്ചു. പെട്രോൾ എൻജിനുള്ള ഓട്ടമാറ്റിക് ‘ഇകോ സ്പോർട്ടി’ന്റെ ഇടത്തരം വകഭേദമായാണ് ‘ടൈറ്റാനിയ’ത്തിന്റെ വരവ്. നിലവിൽ മുന്തിയ വകഭേദമായ ‘ഇകോസ്പോർട് ടൈറ്റാനിയം പ്ലസ്’ മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ വിൽപ്പനയ്ക്കുള്ളത്.

ഇടത്തരം വകഭേദമായതു കൊണ്ട് ‘ടൈറ്റാനിയം പ്ലസി’നെ അപേക്ഷിച്ച് 90,000 രൂപ വിലക്കുറവോടെയാണ് ‘ഇകോസ്പോർട് ടൈറ്റാനിയ’ത്തിന്റെ വരവ്; 10.67 ലക്ഷം രൂപയാണ് ഈ എസ് യു വിക്ക് രാജ്യത്തെ ഷോറൂം വില.മുന്നിൽ ഇരട്ട എയർബാഗോടെ എത്തുന്ന ഈ ‘ഇകോസ്പോർട് ടൈറ്റാനിയ’ത്തിൽ നിന്നു ഫോഡ് സൺ റൂഫ് ഒഴിവാക്കിയിട്ടുണ്ട്. മുന്തിയ പതിപ്പിലാവട്ടെ രണ്ടിനു പകരം ആറ് എയർബാഗണു ഫോഡ് ഘടിപ്പിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ്ലാംപും വൈപ്പറും, പിൻ സീറ്റിന്റെ മധ്യത്തിലെ ആംറസ്റ്റ്, മുന്നിലെ മാപ് ലൈറ്റ് തുടങ്ങിയവയും ‘ഇകോസ്പോർട് ടൈറ്റാനിയ’ത്തിലില്ല.

അതേസമയം, ഒൻപത് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, പാഡ്ൽ ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, ഇ എസ് പി തുടങ്ങിയവയൊക്കെ ‘ഇകോസ്പോർട്ടി’ന്റെ ഈ പുതിയ മോഡലിലും ഫോഡ് നിലനിർത്തിയിട്ടുണ്ട്.  ഫോഡ് അടുത്തയിടെ അവതരിപ്പിച്ച കണക്റ്റഡ് കാർ സാങ്കേതികവിദ്യയായ ‘ഫോഡ് പാസ്’ ഈ ‘ഇകോസ്പോർട്ടി’ലും ഇടംപിടിക്കുന്നുണ്ട്. സ്റ്റാർട്/സ്റ്റോപ്, വെഹിക്കിൾ ലൊക്കേറ്റർ, റിമോട്ട് ലോക്ക്/അൺലോക്ക് തുടങ്ങിയ സൗകര്യങ്ങളാണു ‘ഫോഡ്പാസ്’ വാഗ്ദാനം ചെയ്യുന്നത്. 

പുത്തൻ വകഭേദത്തിനു കരുത്തേകുന്നത് 1.5 ലീറ്റർ പെട്രോൾ എൻജിനാണ്; 123 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇതിനു പുറമെ 100 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, 1.5 ലീറ്റർ ഡീസൽ എൻജിൻ സഹിതവും ഇകോസ്പോർട് ലഭ്യമാണ്. പക്ഷേ ഡീസൽ എൻജിനു കൂട്ടായി മാനുവൽ ഗീയർബോക്സ് മാത്രമാണുള്ളത്. കോംപാക്ട് എസ് യു വി വിപണിയിൽ ടാറ്റ നെക്സൻ എഎംടി, ഹ്യുണ്ടേയ് വെന്യൂ ഡിസിടി, മാരുതി സുസുക്കി വിറ്റാര ബ്രേസ മൈൽഡ് ഹൈബ്രിഡ് എ ടി എന്നിവയോടാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ഇകോസ്പോർട്ടിന്റെ മത്സരം. 

English Summary: Ford Ecosport Titanium Auto Lauched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com