ക്ലച്ചില്ലാതെ ഗിയർ മാറ്റാം, സ്പോർട്ടി പെർഫോമൻസ്: പുതിയ മോഡലുകളുമായി ഹ്യുണ്ടേയ് വെന്യു

hyundai-venue
Hyundai Venue
SHARE

ക്ലച്ച് അമർത്താതെ ഗിയർ മാറ്റാവുന്ന ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടേയ്.  വിപണിയിൽ തന്നെ ആദ്യമായാണ് ക്ലച്ചില്ലാത്ത മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിക്കുന്നത്. 1 ലീറ്റർ ടി–ജിഡിഐ പെട്രോൾ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പമായിരിക്കും ഐഎംടി എത്തുന്നത്. ഇതു കൂടാതെ വെന്യു 1 ലീറ്റർ പെട്രോള്‍ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനും സ്പോർട്ട് വേരിയന്റും കമ്പനി അവതരിപ്പിച്ചു. എസ്എക്സ്, എസ്എക്സ് ഓ, എസ്എക്സ് പ്ലസ് എന്നീ വേരിയന്റുകളിലാണ് സ്പോർട്സ് വകഭേദം.

hyundai-venue-1

1 ലീറ്റർ എസ്എക്സ് ഐഎംടി വകഭേദത്തിന് 9.9 ലക്ഷം രൂപയും എസ്എക്സ് ഓയ്ക്ക് 11.08 ലക്ഷം രൂപയുമാണ് വില. സ്പോർട്സ് ട്രിമ്മിലെ 1 ലീറ്റർ എസ്എക്സ് ഐഎംടി വകഭേദത്തിന് 10.20 ലക്ഷം രൂപയും എസ്എക്സ് ഓയ്ക്ക് 11.20 ലക്ഷം രൂപയും 1.0 ലീറ്റർ എസ്എക്സ് പ്ലസിന് 11.58 ലക്ഷം രൂപയും 1.5 ലീറ്റർ ഡീസൽ എസ്എക്സിന് 10.30 ലക്ഷം രൂപയും എസ്എക്സ് ഓ യ്ക്ക് 11.52 ലക്ഷം രൂപയുമാണ് വില.

hyundai-venue-2

ഇൻറ്റെൻഷൻ സെൻസർ, ഹൈഡ്രോളിക് ആക്ചുവേറ്റർ, ട്രാൻസ്മിഷൻ കണ്‍ട്രോൾ യൂണിറ്റ് എന്നിവ അടങ്ങിയ ട്രാൻസ്മിഷൻ ഗിയർ ഷിഫ്റ്റാണ് ഐഎംടി സാങ്കേതികതയിലുള്ളത്. ഡ്രൈവർ ഗിയർ മാറ്റാൻ തുടങ്ങുമ്പോൾതന്നെ സെൻസറുകൾ ക്ലച്ച് പ്രവർത്തിപ്പിക്കുന്നു. ഇതിലൂടെ ഡ്രൈവർക്ക് ക്ലച്ച് അമർത്താതെ തന്നെ ഗിയർമാറ്റി സുഖകരമായി വാഹനമോടിക്കാം എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. 

hyundai-venue-3

ഇന്ത്യൻ വിപണിയിൽ ഒന്നാം വാർഷികം ആഘോഷിക്കുന്ന വെന്യുവിന്റെ വിൽപന ഒരു ലക്ഷം പിന്നിട്ടിരുന്നു. കൂടാതെ ഈ വർഷം മാർച്ച് മുതൽ ജൂൺ വരെ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ് കോംപാക്ട് എസ്‍യുവിയും വെന്യുവാണെന്നാണ് ഹ്യുണ്ടേയ് പറയുന്നത്.

കോംപാക്ട് സെ‍ഡാൻ സെഗ്‍മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ വെന്യുവിന്റെ ഡീസൽ ബിഎസ് 6 പതിപ്പ് അടുത്തിടെയാണ് വിപണിയിലെത്തിച്ചത്. 1.4 ലീറ്റർ ഡീസൽ എൻജിന് പകരം 1.5 യു2 സിആർഡിഐ എൻജിനുമായാണ് ബിഎസ്6 വെന്യു എത്തുന്നത്. സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായി കഴിഞ്ഞ വർഷം മേയ് 21നാണ് വെന്യു വിപണിയിലെത്തിയത്. മാരുതി സുസുക്കി വിറ്റാര ബ്രേസ, ടാറ്റ നെക്സൻ, ഫോഡ് ഇകോസ്പോർട്, മഹീന്ദ്ര എക്സ്‌യുവി 300 തുടങ്ങിയ വാഹനങ്ങളോടാണ് വെന്യു മത്സരിക്കുന്നത്.

hyundai-venue-4

100 ബിഎച്ച്പി കരുത്തും 24.5 കെജിഎം ടോർക്കുമുള്ള ബിഎസ് 6 ഡീസൽ എൻജിൻ, 83 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന 1.2 ലീറ്റർ പെട്രോൾ എൻജിൻ, 120 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ എന്നിവയാണ് വെന്യുവിൽ. 1.2 ലീറ്റർ പെട്രോൾ എൻജിന് 5 സ്പീഡ് മാനുവൽ ഗിയർബോക്സും 1 ലീറ്റർ പെട്രോൾ എൻജിന് 6 സ്പീഡ്, 7 സ്പീഡ് ഡിസിടി ഗിയർബോസും ഡീസലിന് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമാണുള്ളത്. 

English Summary: Hyundai Venue iMT Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA